ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത പോലെ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കുമെന്ന വിവാദ പ്രസ്താവനയുമായി യു.പിയിലെ മുന്‍ ബി.ജെ.പി മുന്‍ എം.എല്‍.എ സംഗീത് സോം.
‘1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തു. ഇനി ഗ്യാന്‍വാപി പള്ളിയുടെ ഊഴമാണ്. 2022ല്‍ ഞങ്ങള്‍ അത് തകര്‍ക്കും’ മീരുത്തിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സോമിന്റെ പ്രസ്താവന.
ക്ഷേത്രം പൊളിച്ചാണ് മുസ്‌ലിം ആക്രമകാരികള്‍ പള്ളി പണിതത്. ഇപ്പോള്‍ അത് തിരിച്ചെടുക്കേണ്ട സമയം അടുത്തുവെന്നും 2013ലെ മുസാഫര്‍പൂര്‍ കലാപത്തിലെ പ്രതിയായ സോം പറഞ്ഞു.
‘ബാബരി മസ്ജിദ് തകര്‍ത്തപ്പോഴേ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കപ്പെടുമെന്ന് മുസ്‌ലിങ്ങള്‍ മനസ്സിലാക്കണമായിരുന്നു. രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കണമായിരുന്നു. വിവാദപരമായ ഒരു മസ്ജിദും രാജ്യത്ത് ഞങ്ങള്‍ നിലനിര്‍ത്തില്ല, എല്ലാം തകര്‍ക്കും ,’ സോം പറഞ്ഞു.
ശ്രീരാമന് കാലങ്ങളോളം മറച്ചുകെട്ടിയ ഷീറ്റിനുള്ളില്‍ കഴിയേണ്ടിവന്നു. എന്നാല്‍ രാമനായി ഇപ്പോള്‍ ഒരു വലിയ ക്ഷേത്രം തന്നെ നിര്‍മിക്കുകയാണ്. ബാബരി മസ്ജിദിന്റെ ഒരു ഇഷ്ടിക പോലും ഇപ്പോള്‍ കണ്ടെത്താനാകുന്നില്ല. അതു തന്നെയാകും നാളെ ഗ്യാന്‍വാപിക്കും സംഭവിക്കുന്നതെന്നും സോം പറഞ്ഞു.
പള്ളിയിരുന്ന സ്ഥലത്ത് ക്ഷേത്രമായിരുന്നുവെന്ന് ബോധ്യമുള്ളതിനാല്‍ മുസ്‌ലിം വിഭാഗക്കാര്‍ മനപൂര്‍വ്വം കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്ത് നടന്ന സര്‍വേക്കിയടില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അടുത്തിടെ നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഗീത് സോം സര്‍ധന സീറ്റില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും സമാജ്‌വാദി പാര്‍ട്ടി (എസ്.പി) സ്ഥാനാര്‍ത്ഥി അതുല്‍ പ്രധാനനോട് പരാജയപ്പെട്ടു.
മഥുരയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ശ്രീകൃഷ്ണ ജന്മഭൂമിയെയും മോചിപ്പിക്കണമെന്ന ആഹ്വാനവുമായി വിശ്വ ഹിന്ദു പരിശത്ത് രംഗത്തെത്തിയിരുന്നു.
രാമക്ഷേത്രത്തിനായുള്ള പോരാട്ടം അവസാനിച്ചെന്നും ഇനി കാശിയുടെയും മഥുരയുടെയും ഊഴമാണെന്നും രാജ്യത്തെ ദര്‍ശകരുടെ പരമോന്നത സംഘടനയായ അഖിലേന്ത്യ അഖാര പരിഷത്തും (എ.ഐ.എ.പി) പറഞ്ഞിരുന്നു. കാശിയും മഥുരയും ഹിന്ദുക്കള്‍ക്ക് കളങ്കമാണ്, അവരേയും മോചിപ്പിക്കണമെന്നായിരുന്നു എ.ഐ.എ.പിയുടെ വാദം.
ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മെഹക് മഹേശ്വരി അലഹാബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ആഴ്ചയിലെ ചില ദിവസങ്ങളിലും ജന്മാഷ്ടമിയിലും ഹിന്ദുക്കളെ മസ്ജിദില്‍ ആരാധിക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഇളവ് ആവശ്യപ്പെട്ടാണ് ഹരജി.
16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതതായും ഹരജിയില്‍ പറയുന്നു.
Content Highlight: It was Babri Masjid in 1992, Gyanvapi Mosque will be demolished in 2022: BJP leader