| Wednesday, 5th December 2012, 9:30 am

ബി. എം. ഡബ്‌ള്യൂവും ടി വി എസും കൈകോര്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടി. വി.എസ് മോട്ടോര്‍ കമ്പനി ജര്‍മന്‍ നിര്‍മാതാക്കളായ ബി. എം. ഡബ്‌ള്യൂവിന്റെ സഹായം തേടുന്നു. പുതിയ ബൈക്കുകള്‍ക്കുള്ള സാങ്കേതികവിദ്യയ്ക്കായാണ് കമ്പനി ബി. എം. ഡബ്‌ള്യൂവിനെ സമീപിക്കുന്നത്.[]

നേരത്തെ സാങ്കേതിക വിദ്യയ്ക്കായി ടി. വി. എസ്. ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ 2001ല്‍ സുസുക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചതു മുതല്‍ ടി. വി. എസിന് സഹായികളില്ലായിരുന്നു.

ആഡംബര കാര്‍ വില്‍പ്പനയ്ക്ക് പുറമെ സ്വന്തം ശ്രേണിയിലെ മുന്‍നിര പെര്‍ഫോമന്‍സ് ബൈക്കുകളുമായി 2010 മുതല്‍ ബി. എം. ഡബ്‌ള്യൂ ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമാണ്.

സാങ്കേതികതലത്തില്‍ സഹകരിക്കുന്നത് സംബന്ധിച്ചു് ബി. എം. ഡബ്‌ള്യൂവുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗതിയിലാണെന്നും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുംമുമ്പ് ചില പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നുമാണ് ടി. വി. എസ്. മോട്ടോഴ്‌സ് പ്രസിഡന്റ്(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ജി. എസ്. ഗോയിന്ദി പറയുന്നത്.

ശേഷിയേറിയ ബൈക്കുകള്‍ക്കുള്ള അത്യാധുനിക എന്‍ജിന്‍ സാങ്കേതിക വിദ്യയാണ് ബി. എം. ഡബ്‌ള്യൂവില്‍ നിന്ന് ടി. വി. എസ്. പ്രതീക്ഷിക്കുന്നതെന്നാണ് സൂചന.

200 സി. സിയിലേറെ ശേഷിയുള്ള എഞ്ചിനുകള്‍ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ടി. വി. എസ്. സ്വന്തം നിലയില്‍ നടത്തുന്നുണ്ട്. 180 സി.സിയിലേറെ ശേഷിയുള്ള എന്‍ജിനുള്ള ബൈക്കുകള്‍ക്കായി പുതിയ ബ്രാന്‍ഡ് അവരിപ്പിക്കുമെന്നാണ് കരുതുന്നത്. 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഈ ബൈക്ക് പുറത്തെത്തുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more