മലപ്പുറം: മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ പെരുന്നാള്‍ ആവാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ ടി.വി. ഇബ്രാഹിം. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കഴിഞ്ഞ വര്‍ഷത്തെ ബലിപെരുന്നാളിന് സമാനമായ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നെങ്കിലും അവധി അനുവദിക്കപ്പെട്ടില്ല എന്നത് ഏറെ വിഷമകരമായ കാര്യമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
‘ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ അവധി ഔദ്യോഗികമായി വെള്ളിയാഴ്ചയാണ്. എന്നാല്‍, മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പെരുന്നാള്‍ ആവാനുള്ള സാധ്യതകൂടി നില നില്‍ക്കെ ശനിയാഴ്ച കൂടി സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം
മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ (2022) ബലിപെരുന്നാള്‍ ജൂലൈ പത്താം തീയതി ഞായറാഴ്ച ആയിരുന്നു. അന്ന് സംസ്ഥാനത്ത് പ്രവര്‍ത്തി ദിവസം നഷ്ടമായിട്ടില്ലാത്തതിനാല്‍ അടുത്തദിവസമായ തിങ്കളാഴ്ച കൂടി പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് നല്‍കിയിരുന്നെങ്കിലും അവധി അനുവദിക്കപ്പെട്ടില്ല എന്നത് ഏറെ വിഷമകരം തന്നെ.
സര്‍ക്കാറിന് പ്രവര്‍ത്തി ദിനം നഷ്ടപ്പെടാത്ത വിധത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷവും, ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ ദൂരെ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ അന്നേ ദിനത്തില്‍ തന്നെ തിരികെ പോകേണ്ടിവരുന്നത് പ്രയാസകരമായതിനാലും
പെരുന്നാളിന് ഒരു ദിവസം കൂടി സംസ്ഥാനത്ത് പൊതു അവധി എന്ന ന്യായമായ ആവശ്യം തിരസ്‌കരിച്ചിരിച്ചത് തികച്ചും അന്യായമായ നടപടി തന്നെയാണ്. ഇത്തരത്തിലുള്ള വിവേചനം ഉണ്ടാകരുതെന്ന് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു,’ ടി.വി. ഇബ്രാഹിം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തോട് നീതികാണിക്കണമെന്നും ഏപ്രില്‍ 22 ശനിയാഴ്ച ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.