കല്‍പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്. വിദ്യാര്‍ത്ഥിയുടെ മരണം അരിയില്‍ ഷൂക്കൂര്‍ മോഡല്‍ വിചാരണാ കൊലപാതകത്തിന് സമാനമാണെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു.
ഇതിന്റെ രാഷ്ട്രീയ ഉത്തരവാദത്തില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും എം.എല്‍.എ പറഞ്ഞു. ഇതിന് മുമ്പും സമാനമായ വിചാരണകള്‍ വെറ്റിനറി ക്യാമ്പസില്‍ നടന്നിട്ടുണ്ടെന്നും കൊന്ന് കെട്ടി തൂക്കി എന്ന കുടുംബത്തിന്റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി.
പ്രതികളെ സമയത്ത് പിടിക്കാത്തത് പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ് എന്ന് ടി. സിദ്ദിഖ് വിമര്‍ശനം ഉയര്‍ത്തി. പ്രതികള്‍ എവിടെയാണ് ഒളിവില്‍ ഇരിക്കുന്നതെന്നും ആരാണ് അവര്‍ക്ക് അഭയം കൊടുക്കുന്നതെന്നും ഉടനെ കണ്ടുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും ഇതുസംബന്ധിച്ച് കേരളത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ തേര്‍വാഴ്ച നടത്തുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എഫ്.ഐക്ക് പിന്തുണ നല്‍കുന്നത് ഇടതുസംഘടനകളുടെ പിന്തുണയുള്ള അധ്യാപകരാണെന്നും രമേഷ് ചെന്നിത്തല ആരോപിച്ചു. സിദ്ധാര്‍ത്ഥന്റേത് കൊലപാതകം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് ഡീന്‍ എം.കെ. നാരായണനെ മന്ത്രി ചിഞ്ചുറാണി രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വിഷയത്തില്‍ ഡീനിന്നുള്ള പങ്ക് എന്താണെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോളേജില്‍ ഇടിമുറികളുണ്ടെന്നും എസ്.എഫ്.ഐ അതിക്രമങ്ങള്‍ അതിനുള്ളിലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കല്‍പറ്റ മുന്‍ എം.എല്‍.എ ശശീന്ദ്രന്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി ഡി.വൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയെന്നും രമേഷ് ചെന്നിത്തല പറഞ്ഞു. പ്രതികളെ മുഴുവന്‍ കല്‍പറ്റ സി.പി.ഐ.എം ഓഫീസില്‍ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജുകളിലെ ഹോസ്റ്റല്‍ മുറികള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ആയി മാറിയിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. എസ്.എഫ്.ഐ കേരളത്തിലെ ക്യാമ്പസുകളില്‍ അഴിഞ്ഞാടുന്നുവെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറാവുകയാണെന്ന് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉണ്ടാകുമെന്നും അറിയിച്ചു. കൂടാതെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി രണ്ട് ദിവസമായി നിരാഹാര സമരം നടത്തുകയാണ്.
Content Highlight: T. sidhique says that Siddharth’s death is similar to Ariyil Shukur model trial murder