|

കര്‍ണാടകയില്‍ എസ്.ഡി.പി.ഐയും ഉവൈസിയും ശ്രമിക്കുന്നത് ബി.ജെ.പിയെ ജയിപ്പിക്കാന്‍: ടി. സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഭയന്ന് ബി.ജെ.പി എസ്.ഡി.പി.ഐയുടെയും അസദുദ്ദീന്‍ ഉവൈസിയുടെയും സഹായം തേടിയിരിക്കുകയാണെന്ന് ടി. സിദ്ദീഖ് എം.എല്‍.എ. അഭിപ്രായ സര്‍വെകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചത് മുതല്‍ കോണ്‍ഗ്രസിനെ ഏതുവിധേനയും തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിനായി ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് അവരുടെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

നിസാര വോട്ടുകള്‍ക്ക് പാര്‍ട്ടി പരാജയപ്പെട്ടാല്‍ അതിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്ന് ജനം മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.

ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയ രാഷ്ട്രീയവും തുറന്നുകാണിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്ന ബി.ജെ.പി ദളിത് വോട്ടുകള്‍ മറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ, എ.ഐ.എം.ഐ.എം, ബി.ജെ.പി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

‘കര്‍ണ്ണാടക മണ്ണ് കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് അഭിപ്രായ സര്‍വ്വേകള്‍ ഒന്നടങ്കം പറയുമ്പോള്‍, കോണ്‍ഗ്രസ് പൊരുതുമ്പോള്‍ ബിജെപി ഒന്ന് ഭയന്നിട്ടുണ്ട്. അഴിമതിയും വര്‍ഗീയതയും ഒരുപോലെ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

അപകടം മണത്തറിഞ്ഞ ബിജെപി ഉടന്‍ തീരുമാനിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് എസ്.ഡി.പി.ഐ, മറ്റൊന്ന് ഉവൈസിയുടെ പാര്‍ട്ടിയുടെ സഹായം തേടുക. പതിവ് പോലെ എസ്.ടി.പി.ഐയും ഉവൈസി പാര്‍ട്ടിയും ബിജെപിയുടെ സഹായത്തിന് എത്തുന്നു.

ന്യൂനപക്ഷ സ്വാധീനം ഉള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള പ്രഖ്യാപനം നടത്തുന്നു. നിസാര വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലും തോല്‍ക്കേണ്ടി വന്നാല്‍ ആരാണ് അതിനു ഉത്തരവാദികള്‍ എന്ന് ജനം തിരിച്ചറിയണം.

ഇനി കോണ്‍ഗ്രസ് ജയിക്കും എന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ ദളിത് വോട്ട് മറിക്കാനും ബിജെപി ആലോചിക്കുന്നു. എല്ലാ ചതി പ്രയോഗങ്ങളേയും കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ പരാജയപ്പെടുത്തും. മതേതരത്വമാണു രാജ്യത്തിന്റെ ശക്തി. അതിനൊപ്പം നില്‍ക്കുക, ടി. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റില്‍ മത്സരിക്കുമെന്ന് എസ്.ടി.പി.ഐ പ്രഖ്യാപിക്കുന്നത്. പിന്നാലെ ഉവൈസിയുടെ എ.ഐ.എം.ഐ.എം തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. 2018 തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മാത്രം മത്സരിച്ച എസ്.ടി.പി.ഐ ഇത്തവണ നൂറ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി എസ്.ടി.പി.ഐ സംസ്ഥാന സെക്രട്ടറി അഫ്‌സര്‍ കുദില്‍ക്കര്‍ രംഗത്തെത്തി. 2018ല്‍ എസ്.ടി.പി.ഐ കേവലം മൂന്ന് സീറ്റില്‍ മാത്രം മത്സരിച്ചിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കുറച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇത്തവണ തങ്ങളോടൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: t sidhique facebook post about karnataka election

Latest Stories