| Saturday, 12th August 2023, 12:28 pm

പാരഗണില്‍ ഉച്ചയൂണ്‍ 35 രൂപയ്ക്ക് കിട്ടും; ജനകീയം എന്ന പേരില്ലെന്നേയുള്ളൂ; പരിഹസിച്ച് സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന്റെ വില വര്‍ധനവില്‍ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ. 35 രൂപയ്ക്ക് കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ നിന്നും ഊണ്‍ കിട്ടുമെന്നും ജനകീയം എന്ന പേരില്ലെന്നേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജിയോ സിം ഫ്രീ കൊടുത്ത അംബാനിയുടെ രീതി ഓര്‍മ വരുന്നുവെന്നും ഇതൊക്കെ ഓരോ ബിസിനസ് ഐഡിയകളാണെന്നും അദ്ദേഹം പരിഹസിച്ചു.

‘ജിയോ സിം അംബാനി ഫ്രീ കൊടുത്തത് ഓര്‍മ വരുന്നു. ഓരോ ബിസിനസ് ഐഡിയകള്‍. കൊള്ളാം. ആ ‘ജനകീയ’ എന്ന പേര് അതിമനോഹരമായിരിക്കുന്നു. 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും. ജനകീയം എന്ന പേര് ഇല്ല എന്നേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.

ജനകീയ ഹോട്ടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്ന സബ്‌സിഡി നിര്‍ത്തലാക്കിയ ഉത്തരവ് വന്നിരുന്നു. ഇനി 20 രൂപക്ക് ഊണ്‍ ലഭിച്ചുകൊണ്ടിരുന്ന ജനകീയ ഹോട്ടലുകളില്‍ ഊണിന്റെ വില 30 രൂപയായി ഉയര്‍ത്തും. ഇതിനെതിരെയാണ് സിദ്ദീഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സബ്‌സിഡി നിര്‍ത്തലാക്കിയ ഉത്തരവ് ഇറങ്ങിയത്. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ സബ്‌സിഡി തുടര്‍ന്നുകൊണ്ട് പോകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ധനവകുപ്പ് പ്രതിനിധികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനകീയ ഹോട്ടലുകള്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തുടങ്ങിയവയാണെന്നും നിലവില്‍ കൊവിഡ് ഭീഷണിയില്ലാതായതിനാല്‍ സബ്‌സിഡി തുടരാനാകില്ലെന്നുമാണ് ഓഗസ്റ്റ് 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ ഓരോ ജില്ലയിലും ജനകീയ ഹോട്ടലുകളിലെ ഉച്ചയൂണിന്റെ നിരക്ക് അതത് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ല മിഷനുമായി ചര്‍ച്ച നടത്തി തീരുമാനിക്കാം. ഉച്ചയൂണിന്റെ നിരക്ക് കുറഞ്ഞത് 30 രൂപ എന്ന നിലയിലും പാര്‍സല്‍ ഊണുകള്‍ക്ക് 35 രൂപ എന്ന നിലയിലും നിശ്ചയിക്കാവുന്നതാണ്. ഊണിന് ചോറ്, തോരന്‍, അച്ചാര്‍, നാടന്‍ വിഭവം ഉള്‍പ്പെടെ മൂന്ന് തൊട്ടുകറിയും ഒരു ഒഴിച്ചുകറിയും (സാമ്പാര്‍, രസം, മോരുകറി, പരിപ്പ് എന്നിവയില്‍ ഒന്ന്) മീന്‍കറിയും നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

CONTENT HIGHLIGHTS: T.SIDHIQUE ABOUT JANKEEYA HOTEL

Latest Stories

We use cookies to give you the best possible experience. Learn more