| Monday, 14th October 2024, 1:56 pm

പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ട് നടത്തി; നയാപൈസ കിട്ടിയില്ലെന്ന് ടി. സിദ്ദിഖ്; ഓരോ സംസ്ഥാനത്തിനോടും വ്യത്യസ്ത സമീപനം പാടില്ലെന്ന് കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസത്തെ സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് ടി.സിദ്ദിഖ് എം.എല്‍.എ. ദുരന്തം നടന്നിട്ട് 76 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തുടക്കത്തില്‍ കാണിച്ച ആവേശം ഇപ്പോള്‍ കാണാനില്ലെന്നും ദുരന്ത ബാധിതര്‍ ഇപ്പോഴും പ്രയാസത്തിലാണെന്നും ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.

പ്രമേയ അവതരണത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരേയും സിദ്ദിഖ് എം.എല്‍.എ രൂക്ഷവിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി ദുരന്തഭൂമി സന്ദര്‍ശിച്ചപ്പോള്‍ ആശ്വാസമായി തോന്നിയെന്നും എന്നാല്‍ അടിയന്തരസഹായമായി 229 കോടി ആവശ്യപ്പെട്ടപ്പോള്‍ നയാ പൈസ ലഭിച്ചില്ലെന്നും സിദ്ദിഖ് വിമര്‍ശിച്ചു.

അതുകൊണ്ടുതന്നെ പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനാണോ എന്നാണ് ഇപ്പോള്‍ വയനാട്ടുകാര്‍ ചോദിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

ദുരന്തത്തില്‍ പരിക്കേറ്റ പല വ്യക്തികളും ഇപ്പോഴും ചികിത്സ കിട്ടാതെ വലയുകയാണെന്ന് പറഞ്ഞ എം.എല്‍.എ ഇനിയും ഈ അനാസ്ഥ തുടര്‍ന്നാല്‍ 200 മില്ലി മഴ പെയ്താല്‍ പോലും മണ്ണിടിയുന്ന സ്ഥിതിയിലേക്ക് പ്രദേശം മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതില്‍ സന്തോമുണ്ടെന്ന് പറഞ്ഞ ടി.സിദ്ദിഖ് എന്നാല്‍ അത്തരത്തില്‍ ദുരിതത്തില് കുടുംബനാഥരെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനകാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും സഭയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ദുരന്ത ബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളണമെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തബാധിതര്‍ക്ക് അനുവദിക്കുന്ന ഭൂമിയില്‍ നിയമക്കുരുക്ക് ഉണ്ടാവാതിരിക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

ഇടയ്ക്കിടെ ജില്ലയിലെ കലക്ടറെ മാറ്റുന്ന സര്‍ക്കാരിന്റെ നിലപാട് ദുരന്ത മുഖത്തെപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ദോഷകരമായി ബാധിച്ചെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന് 20 ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ കലക്ടര്‍ ചുമതലയേറ്റതെന്നും ഇത്തരം നീക്കങ്ങള്‍ ഏകോപനത്തെ ദോഷകരമായി ബാധിച്ചെന്നും സിദ്ദിഖ് പ്രതികരിച്ചു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണത്തില്‍ നല്ല ഇടപെടലാണ് നടത്തിയെന്ന് കെ.കെ ശൈലജ എം.എല്‍.എ വ്യക്തമാക്കി. ഇടത് എം.എല്‍.എമാരും മന്ത്രിമാരും അടക്കം എല്ലാ ജനപ്രതിനിധികളും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചിതെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും കെ.കെ.ശൈലജ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി വന്ന് കുഞ്ഞുങ്ങളെയൊക്കെ താലോലിച്ചപ്പോള്‍ സഹായം പ്രതീക്ഷിച്ചെങ്കിലും പിന്നീടാണ് അത് ഫോട്ടോഷൂട്ടിന് മാത്രമാണെന്ന് മനസിലായതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ വിവിധ ദുരന്തത്തില്‍പ്പെട്ട ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ശൈലജ വിമര്‍ശിച്ചു.

Content Highlight: T. Siddique talks about Wyamad Landslide on Niyama Sabha

We use cookies to give you the best possible experience. Learn more