| Thursday, 30th June 2022, 7:41 pm

'ഭരണഘടനക്ക് മുകളില്‍ കയറിയുള്ള ആഭാസം കാണുമ്പോള്‍ ലജ്ജിച്ച് തല താഴ്ത്താതെ വയ്യ'; മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാരുടെ ആഘോഷം പങ്കുവെച്ച് ടി. സിദ്ധീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ താഴെയിറക്കിയിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമത എം.എല്‍.എമാര്‍. മഹാവികാസ് അഘാഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഏക്നാഥ് ഷിന്‍ഡെയും അദ്ദേഹത്തിനൊപ്പമുള്ള മറ്റ് എം.എല്‍.എമാരും ആദ്യം അസമിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് ഗോവയിലേക്ക് പോയിരുന്നു.

ഉദ്ധവ് താക്കറെ സര്‍ക്കാറിന്റെ രാജിയെ തുടര്‍ന്ന് വിമത എം.എല്‍.എമാര്‍ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ധീഖ്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മുകളില്‍ കയറിയുള്ള ഈ ആഭാസ നൃത്തം കാണുമ്പോള്‍ ലജ്ജിച്ച് തല താഴ്ത്താതെ വയ്യ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് ടി. സിദ്ധീഖ് ഫേസ്ബുക്കില്‍ എഴുതിയത്.

‘ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങി വിജയിച്ച് വന്നിട്ട് ബി.ജെ.പിയുടെ പണത്തിനും അധികാരത്തിനും ഭീഷണിക്കും മുന്നില്‍ കീഴടങ്ങി ഒളിച്ചോടി പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തുക. ഒടുവില്‍ സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എം.എല്‍.എമാര്‍ ദാ ഇങ്ങനെ ഡാന്‍സ് കളിക്കുക..! ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മുകളില്‍ കയറിയുള്ള ഈ ആഭാസ നൃത്തം കാണുമ്പോള്‍ ലജ്ജിച്ച് തല താഴ്ത്താതെ വയ്യ.. ഇതായിരുന്നില്ല എന്റെ ഇന്ത്യ എന്ന് മാത്രം പറയുന്നു,’ എന്നാണ് ടി. സിദ്ധീഖ് ഫേസ്ബുക്കില്‍ എഴുതിയത്.

അതേസമയം, മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ ഇന്ന് വൈകീട്ട് ചുമതലയേറ്റേക്കും. സത്യപ്രതിജ്ഞ വൈകീട്ട് ഏഴരക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേവേന്ദ്ര ഫഡ്നാവിസിന്റെ മുംബൈയിലെ സാഗര്‍ ബംഗ്ലാവില്‍ വെച്ച് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് നടന്നിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്.ഇതിനിടെയാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുംബൈയിലെത്തിയത്. മുംബൈയിലെത്തിയ ഷിന്‍ഡെ ഫഡ്നാവിസിനൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു. അതിന് മുമ്പ് ഫഡ്നാവിസിന്റെ വസതിയിലും ഷിന്‍ഡെ സന്ദര്‍ശനം നടത്തിയിരുന്നു.

CONTENT HIGHLIGHTS: T Siddique Share a video, Following the resignation of Uddhav Thackeray’s government, dissident MLAs are seen partying at a five – star hotel in Goa

We use cookies to give you the best possible experience. Learn more