കോഴിക്കോട്: പൊലീസെത്തി ചിത്രങ്ങള്‍ എടുത്തതിന് ശേഷവും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ ആക്രമം നടന്നെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദിഖ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ടി. സിദ്ദീഖിന്റെ പ്രതികരണം.
‘പൊലീസ് വന്ന് ചിത്രങ്ങള്‍ എടുത്ത ശേഷവും എസ്.എഫ്.ഐ ഗുണ്ടകള്‍ ശ്രീ. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ അക്രമം നടത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ എസ്.എഫ്.ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിച്ച് ഓഫീസിനകത്തേക്കു പറഞ്ഞു വിടുന്ന കേരളാ പൊലീസ്,’ എന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെച്ച് ടി. സിദ്ദീഖ് എഴുതിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കെട്ടിടത്തിലെ മുറിയില്‍ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇറങ്ങുന്നതും ഒരു ചെറുപ്പക്കാരന്‍ വേഗത്തില്‍ സ്റ്റെപ് കയറി വരുന്നതുമാണ് സിദ്ദീഖ് പങ്കുവെച്ച വീഡിയോയിലുള്ളത്. മുറിയിലേക്ക് കയറിപ്പോകുന്ന ചെറുപ്പക്കാരന്റെ തോളത്ത് തട്ടി പൊലീസുകരന്‍ സംസാരിക്കുന്നതും ദൃശ്യങ്ങളുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെയാണ് ടി. സിദ്ദീഖിന്റെ പ്രതികരണം. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ പ്രവേശിച്ച 25 എസ്.എഫ്.ഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം വൈകുന്നേരം 3.59 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.