| Sunday, 10th March 2024, 8:38 am

രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുന്ന ഒരു സീറ്റ് കര്‍ണ്ണാടകയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് പിടിച്ചോളും: ആലപ്പുഴ സീറ്റ് വിവാദത്തില്‍ ടി.സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബി.ജെ.പി നേടുമെന്ന ആരോപണത്തിന് മറുപടിയുമായി ടി.സിദ്ദിഖ്. നിലവില്‍ രാജ്യസഭാ എം.പി. യാണ് കെ.സി. വേണുഗോപാല്‍. ആലപ്പുഴ മണ്ഡലത്തില്‍ കെ.സി. വിജയിക്കുകയാണെങ്കില്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് സ്വാഭാവികമായും ബി.ജെ.പിയുടെ കൈയിലേക്ക് പോകുമെന്നും, അതുവഴി കോണ്‍ഗ്രസിന്റെ ചിലവില്‍ ബി.ജെ.പി.ക്ക് ഒരു എം.പി. യെ ലഭിക്കുമെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘കേരളത്തിലെ യു.ഡി.എഫ് ഈ ലോക്‌സഭ തെരഞ്ഞടുപ്പില്‍ ആര്‍.എസ്.എസ്സിന് നേരിട്ട് ഒരു എം.പി യെ സമ്മാനിക്കാന്‍ കൂടിയാണ് അദ്ധ്വാനിക്കുന്നത്.
രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേയ്ക്ക് എത്തിയ ശ്രീ. കെ.സി. വേണുഗോപാലിന്റെ രാജ്യസഭ കാലവധി 21-06-2026 വരെയുണ്ട്. കെ.സി. ജയിച്ചാല്‍ ബി.ജെ.പിയ്ക്ക് രാജസ്ഥാനില്‍ നിന്നും യു.ഡി.എഫിന്റെ ചെലവില്‍ അടുത്ത 2 കൊല്ലം ഒരു രാജ്യസഭ എം.പിയെ അധികമായി ലഭിക്കും. ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്സിന് യു.ഡി.എഫ് നല്‍കുന്ന ചെറിയ സമ്മാനം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.’

ഇതാണ് കെ.സി എത്തിയത് മുതല്‍ ആകെയുള്ള കനല്‍ത്തരി കെട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കിയ ക്യാപ്‌സ്യൂള്‍. ഇത് ഇന്നലെ മുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. യു.ഡി.എഫിന്റെ എല്ലാ പോസ്റ്റുകള്‍ക്ക് കീഴെയും ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നുമുണ്ട്.

എങ്കില്‍ കേട്ടോളൂ, രാജസ്ഥാനില്‍ സീറ്റ് നഷ്ടമാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ, അതോടെ ആലപ്പുഴയില്‍ നിങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഇനി രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുന്ന ഒരു സീറ്റ് കര്‍ണ്ണാടകയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് പിടിച്ചോളും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സരിക്കുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും അവര്‍ ജയസാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുക. അവര്‍ ജയിച്ചാല്‍ കര്‍ണ്ണാടകയിലാണ് ഒഴിവ് വരിക. ആ സീറ്റ് കര്‍ണ്ണാടകയില്‍ ഭരണമുള്ള കോണ്‍ഗ്രസ് തിരിച്ച് പിടിക്കും. ആ ഒരു സീറ്റ് നഷ്ടം പറഞ്ഞ് നിഷ്‌കളങ്കരായ വോട്ടര്‍മാരെ പറ്റിക്കാന്‍ നോക്കണ്ട. ഈ ക്യാപ്‌സ്യൂളുമായി വരുന്നവര്‍ക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഈ പോസ്റ്റ് മറുപടിയായി നല്‍കുക’ സിദ്ദിഖ് തന്റെ പോസ്റ്റില്‍ കുറിച്ചു.

Content Highlight: T Siddique’s Facebook  post about the candidateship of KC Venugoapl in Alappuzha

Latest Stories

We use cookies to give you the best possible experience. Learn more