| Tuesday, 18th June 2024, 10:35 am

രണ്ടാം ഇന്ദിരയുടെ പിറവി വയനാട്ടില്‍ നിന്നുണ്ടാകും; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ടി. സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് പകരമായി വയനാട്ടിലേക്കെത്തുന്ന പ്രിയങ്ക ഗാന്ധിയുടെ വരവ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. അഞ്ച് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രിയങ്കയെ വയനാട്ടുകാര്‍ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രവര്‍ത്തകരിലും ജനങ്ങളിലും ആവേശം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി നേരത്തെ ആത്മബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നിരവധി തവണ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തിയിട്ടുണ്ട്. വയനാടിന്റെ പ്രശ്‌നങ്ങളും അതിന്റെ പരിഹാര മാര്‍ഗങ്ങളും പ്രിങ്ക ഗാന്ധിക്ക് അറിയാം. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വളരെ മികച്ചൊരു നേതൃത്വം പ്രിയങ്ക ഗാന്ധിയിലൂടെ ലഭിക്കുന്നത് വളരെ ആവേശം നല്‍കുന്ന കാര്യമാണെന്നും ടി. സിദ്ദിഖ് പറഞ്ഞു.

“പുതിയ കാലത്ത് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണ്. മറ്റൊരു ഇന്ദിരയെ കാലം ആവശ്യപ്പെടുന്ന സാഹചര്യം. അപ്പോഴാണ് രണ്ടാം ഇന്ദിര, ഇന്ദിര 2.0 വയനാട്ടിൽ നിന്നും ഉയർന്ന് വരുന്നത്. യു.പിയിൽ മോദിയേയും യോഗിയേയും വിറപ്പിച്ച പ്രിയങ്ക ഗാന്ധി ഇനി പാർലമെന്റിലും അവർക്ക് തലവേദന സൃഷ്ടിക്കും. വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നുവെങ്കിൽ മോദി തീർന്നേനെ എന്ന് ഇന്ത്യയിൽ പല തെരഞ്ഞെടുപ്പ് വിദഗ്ദരും നിരീക്ഷിച്ചിരുന്നു,”ടി. സിദ്ദിഖ് പറഞ്ഞു.

വയനാടിന് കോൺ​ഗ്രസ് നൽകിയ പെരുന്നാൾ സമ്മാനമാണ് പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് റായ്ബറേലി തന്നെ നിലനിർത്താമെന്ന് രാഹുൽ ​ഗാന്ധി തീരുമാനിച്ചത്. അതോടൊപ്പം രാഹുൽ ​ഗാന്ധിക്ക് പകരം വയനാട്ടിൽ പ്രിയങ്ക ​ഗാന്ധി എത്തുമെന്നും കോൺ​ഗ്രസ് അറിയിച്ചു.

ഇത് ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലി നിലനിർത്താൻ രാഹുൽ ​ഗാന്ധി തീരുമാനിച്ചത്. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഒഴിയുകയാണെങ്കില്‍ പ്രിയങ്ക ​ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാരും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.

Content Highlight: T Siddique responds in priyanka gandhi wayanad candidateship

We use cookies to give you the best possible experience. Learn more