| Saturday, 7th May 2022, 6:36 pm

ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്; കെ.പി. ശശികലയുടെ 'പാസ്‌പോര്‍ട്ട് ഭീഷണി'ക്ക് പിന്നാലെ ട്രോളുമായു ടി. സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഖത്തറിലെ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ദുര്‍ഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായിരുന്നു.

ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ ഗള്‍ഫില്‍ പോകാനാവൂ എന്നുമായിരുന്നു ശശികയുടെ ഭീഷണി.

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്. പാമ്പിന്റെ രേഖാച്ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ‘ഇതാണു ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്’ എന്ന് പറഞ്ഞാണ് ടി. സിദ്ദീഖ് ശശികലയെ ട്രോളിയത്.

‘ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്, ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ, പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ നമുക്ക് ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ പറ്റൂ,’ ടി. സിദ്ദീഖ് എഴുതി.

നേരത്തെ ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പെടെ എടുത്ത് പറഞ്ഞായിരുന്നു ശശികല രംഗത്തെത്തിയത്. ഹിന്ദു ഐക്യവേദി സ്ഥാപക നേതാക്കളില്‍ ഒരാളായ ശിശുപാലിന്റെ മകനാണ് ദുര്‍ഗാദാസ്. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ശിശുപാല്‍ എന്നും കെ.പി. ശശികല പറഞ്ഞിരുന്നു.

‘കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്. ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍. ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും. അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയില്‍ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്.

ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍. ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും. അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയില്‍ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്.

നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്പോര്‍ട്ട് കൂടിയേ തീരു. വെറുതേ പറഞ്ഞൂന്നേയുള്ളു,’ ശശികല പറഞ്ഞു.

ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി നേരത്തെ പരാതിയില്ലെന്നും വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നയാളാണെന്നും ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ശശികല പറഞ്ഞിരുന്നു.

Content Highlights: T. Siddique respond K.P.  Shashikala’s ‘passport threat

We use cookies to give you the best possible experience. Learn more