തിരുവനന്തപുരം: സി.പി.ഐ.എം അഖിലേന്ത്യാ പ്രതിഷേധ വാരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്. യു.എ.പി.എ ചുമത്തി ജയിലിലടച്ച രാഷ്ട്രീയ തടവുകാരില്‍ അലനും താഹയും പെടില്ലേ എന്നാണ് ടി. സിദ്ദീഖ് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. ഒരു സമരം നടത്തുമ്പോള്‍ കുറച്ച് മാന്യത കാണിക്കണമെന്നും സിദ്ദീഖ് പോസ്റ്റില്‍ പറയുന്നു.
ഓഗസ്റ്റ് 20 മുതല്‍ 26 വരെയാണ് പ്രതിഷേധ വാരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 23ന് സി.പി.ഐ.എം അംഗങ്ങളും അനുഭാവികളും പ്രവര്‍ത്തകരും വീട്ടുമുറ്റത്തും പാര്‍ട്ടി ഓഫീസുകളിലും വൈകുന്നേരം 4 മണി മുതല്‍ 4.30 വരെ സത്യഗ്രഹം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 20 ലക്ഷമാളുകള്‍ സത്യഗ്രഹത്തിന്റെ ഭാഗമാകും എന്നാണ് കരുതുന്നത്.
ഇഐഎ 2020 പിന്‍വലിക്കുക, ദളിതര്‍, ആദിവാസികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക, മുന്‍ സെമസ്റ്ററുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവസാന വര്‍ഷ ബിരുദ പിജി വിദ്യാര്‍ത്ഥികള്‍കക് ബിരുദം നല്‍കുക, യു.എ.പി.എ, എന്‍.എസ്.എ രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി ജയിലലടച്ച രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സി.പി.ഐ.എം പ്രതിഷേധ വാരം സംഘടിപ്പിക്കുന്നത്.
അതേസമയം പാര്‍ട്ടി അംഗങ്ങളായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
എന്‍.ഐ.എയാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ എന്‍.ഐ.എ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ടായിരുന്നു.