തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ റിപ്പോര്‍ട്ടുകള്‍ക്കിടെ സി.പി.ഐ.മ്മിനെതിരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് എം.എല്‍.എ. ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിച്ചപ്പോഴാണ് പ്രതിയെ കിട്ടിയതെന്ന് ടി. സിദ്ദീഖ് പറഞ്ഞു.
സി.പി.ഐ.എമ്മിന് ഇത്രയും പേടിയാണോയെന്നും ടി. സിദ്ദീഖ് പരിഹാസ രൂപേണ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിയപ്പോഴാണ് എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞതെന്നും ടി. സിദ്ദീഖ് ആരോപിച്ചു.
‘മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ എ.കെ.ജി സെന്ററിന് പടക്കമെറിയുന്നു, ”ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിന് സമാനമെന്ന് ഇ.പി. ജയരാജന്‍.”
ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, ‘ദാ- കെടക്കുന്നു പ്രതി..
ഇങ്ങനെയങ്ങ് പേടിച്ചാലോ..’ എന്നാണ് സിദ്ദീഖ് പറഞ്ഞത്.
അതേസമയം, എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം അറിയിച്ചു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് അന്വേഷ സംഘം പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മിച്ച സ്ഥലം മാത്രമാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്.
എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.