| Friday, 26th August 2022, 6:17 pm

അധികാര മോഹികളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ കൂടുതല്‍ കരുത്തരാക്കും: ടി. സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിനെ രൂക്ഷമായി വിമര്‍ശനവുമായി ടി. സിദ്ദീഖ് എം.എല്‍.എ. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയാണെന്ന് ടി. സിദ്ദീഖ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് ജീവിതകാലം മുഴുവന്‍ സാധ്യമയതൊക്കെ നേടി ഒടുവില്‍ വിരമിച്ച് വീട്ടിലിരിക്കേണ്ട സമയത്ത് ബി.ജെ.പിയുടെ കയ്യിലെ കളിപ്പാവയായിത്തീരുന്നത് കാണുമ്പോള്‍ സഹതാപം മാത്രമാണെന്നും ടി. സിദ്ദീഖ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി. സിദ്ദീഖിന്റെ പ്രതികരണം.

അധികാരത്തിനു വേണ്ടി മാത്രം പാര്‍ട്ടിയും ആശയവും എന്നത് കോണ്‍ഗ്രസിന്റെ നയമല്ല. രാജ്യം ഇപ്പോള്‍ കടന്ന് പോകുന്നത് അതിന്റെ ആത്മാവിന് പരിക്കേറ്റ നിലയിലാണ്. ഫാസിസ്റ്റ് വര്‍ഗീയ ഭരണകൂടം രാജ്യത്തെ തകര്‍ക്കുമ്പോള്‍ ഈ രാജ്യം ഉണ്ടാക്കിയെടുത്ത കോണ്‍ഗ്രസുകാരുടെ പിന്മുറക്കാര്‍ രാജ്യത്തെ തിരിച്ച് പിടിക്കാന്‍ പോരാട്ടം നയിക്കുമ്പോഴാണ് ഗുലാം നബിയെ പോലുള്ളവര്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നത്.

ബി.ജെ.പി കശ്മീരിനെ വിഭജിച്ചപ്പോള്‍ പാര്‍ലമെന്റില്‍ മോദിയുടെ മുഖത്ത് നോക്കി ചോദിക്കാന്‍ ഗുലാം നബിക്ക് മുട്ട് വിറച്ചപ്പോള്‍ തന്നെ ഇങ്ങനെയൊരു പോക്ക് രാഷ്ട്രീയം അറിയാവുന്നവര്‍ക്ക് ബോധ്യമായതാണ്. ആരു പോയാലും വന്നാലും കോണ്‍ഗ്രസ് എന്ന ആശയം നശിക്കില്ല. അത് ഇന്ത്യ ഉള്ള കാലത്തോളം എന്നല്ല, ഇന്ത്യയെ നില നിര്‍ത്തിക്കൊണ്ട് എക്കാലവും ഇവിടെ ഉണ്ടാകുമെന്നും ടി. സിദ്ദീഖ് പറഞ്ഞു.

വിഭജിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യയെ ഒന്നാക്കാന്‍ രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3500 കിലോ മീറ്ററിലധികം പദയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഈ സമയത്ത് ഓരോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ്. ഇത്തരം അധികാര മോഹികളുടെ കൊഴിഞ്ഞ് പോക്ക് പാര്‍ട്ടിയെ കൂടുതല്‍ കരുത്തരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാനും ഒരു ജീവശ്വാസം പോലെ കോണ്‍ഗ്രസ് നില നിന്നേ മതിയാകൂവെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തുവെന്നും അദ്ദേഹത്തിന്റെ ഡി.എന്‍.എ ‘മോദി-ഫൈ’ (മോഡിഫൈ-പരിഷ്‌ക്കരണം) ചെയ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു. ട്വീറ്റിലൂടെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് നേതൃത്വം വലിയ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി തന്റെ നികൃഷ്ടമായ വ്യക്തിപരമായ ആക്രമണങ്ങളാല്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു, അത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. ജി.എന്‍.എ(ഗുലാം നബി ആസാദ്)യുടെ ഡി.എന്‍.എ മോദി-ഫൈ ചെയ്യപ്പെട്ടു,’ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദും പ്രഖ്യാപിച്ചു. ‘ഞാന്‍ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടിയുണ്ടാക്കും. പിന്നീട് അതിന്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും,’ ആസാദ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ടാണ് ഗുലാം നബി ആസാദിന്റെ പാര്‍ട്ടി വിടല്‍. രാഹുല്‍ ഗാന്ധിയുടേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

CONTENT HIGHLIGHTS: T Siddique MLA severely criticized Ghulam Nabi Azad who left the Congress

We use cookies to give you the best possible experience. Learn more