| Monday, 5th August 2024, 10:39 pm

'തത്ക്കാലം ഒരു ഇ.എം.ഐയും അടക്കാന്‍ ഉദ്ദേശിക്കുന്നില്ല'; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ ടി. സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ കൊണ്ട് ഇ.എം.ഐ തുക അടപ്പിക്കാനുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നീക്കത്തിനെതിരെ എം.എല്‍.എ ടി. സിദ്ദിഖ്. ഒരു ഇ.എം.ഐയും അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴുകന്‍മാര്‍ക്ക് ഇതിലും അന്തസ്സ് കാണുമെന്നും ടി. സിദ്ദിഖ് പറഞ്ഞു. ഇ.എം.ഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് പണമിടപാട് സ്ഥാപനം ബന്ധപ്പെട്ടെന്ന് ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് പ്രതികരണം.

തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം, ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇ.എം.ഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പരാതിക്കാരന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇ.എം.ഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇ.എം.ഐ പെന്റിങ്ങാണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്.

കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണിപ്പോള്‍. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവനോടെയുണ്ടല്ലോ, എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല അവര്‍ വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പണമടക്കൂ എന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുത്തൂറ്റ്, ബജാജ് അടക്കമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് ഇ.എം.ഐ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ല ഇതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചിരുന്നു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാമെന്നും ജില്ലാ കളക്ടറെയോ എ.ഡി.എമ്മിനെയോ ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചിരുന്നു. പേടിപ്പിച്ച് പിരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ ഒരു കമ്പനികളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight: T. Siddique MLA against the move of private money transfer institutions to pay the EMI amount with the people staying in the camp

We use cookies to give you the best possible experience. Learn more