ബി.ജെ.പിയ്ക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല, സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു; വിജയരാഘവനെതിരെ ടി.സിദ്ദീഖ്
Kerala News
ബി.ജെ.പിയ്ക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല, സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു; വിജയരാഘവനെതിരെ ടി.സിദ്ദീഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th November 2020, 6:24 pm

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിഞ്ഞ് പകരം എ. വിജയരാഘവന്‍ ചുമതലയേറ്റ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിദ്ദീഖിന്റെ പ്രതികരണം.

ബി.ജെ.പിയ്ക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല. ഇപ്പോള്‍ സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നുവെന്നാണ് സിദ്ദീഖ് ഫേസ്ബുക്കിലെഴുതിയത്.

‘സ്ത്രീവിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി.എച്ച്.ഡി എടുത്ത നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര ക്യാപ്‌സൂളുകള്‍ നിര്‍മ്മിച്ച് നല്‍കട്ടെയെന്ന് വിശ്വസിക്കട്ടെ’- സിദ്ദീഖ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബിജെപിക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു.

സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി.എച്ച്.ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര കാപ്‌സ്യൂളുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വിശ്വസിക്കട്ടെ.

ഇന്ന് രാവിലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല.

ചികിത്സാര്‍ത്ഥം തനിക്ക് മാറിനില്‍ക്കേണ്ടതുണ്ടെന്ന കാര്യം കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.

‘സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

തുടര്‍ ചികിത്സയ്ക്കായാണ് അവധി ചോദിച്ചിരിക്കുന്നത്. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയും ബിനീഷ് ജയിലാവുകയും ചെയ്തതിന് പിന്നാലെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്.

അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: T Siddique Facebookpost