| Monday, 12th December 2022, 5:27 pm

ഇടത് ബുദ്ധിജീവികളോട്, വാസവന്റെ പരാമര്‍ശം ബോഡി ഷെയിമിങ്ങില്‍ പെടുമോ, അല്ലെങ്കില്‍ ക്യാപ്‌സ്യൂള്‍ വരുമോ? ടി. സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ടി. സിദ്ദീഖ്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിനിപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിയിരിക്കുന്നുവെന്ന വാസവന്റെ പരാമര്‍ശത്തിനെതിരെയാണ് ടി. സിദ്ദീഖ് രംഗത്തെത്തിയിത്.

‘ഇടത് ബുദ്ധിജീവികളോട് ഒരു ചോദ്യം? ഇത് ബോഡി ഷെയിമിങ്ങില്‍ പെടുമോ? അല്ലെങ്കില്‍ ആ ക്യാപ്‌സ്യൂള്‍ അറിഞ്ഞാല്‍ കൊള്ളാം,’ എന്നാണ് ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ എഴുതിയത്.

അതേസമയം, വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു.


 

‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഉള്ളപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു,’ എന്നാണ് വാസവന്‍ പറഞ്ഞത്.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സി.പി.ഐ.എമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്നാല്‍, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ബോഡി ഷെയിമിങ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.


Content Highlight: T. Siddique criticized VN Vasavan’s controversial remarks against actor Indrans

We use cookies to give you the best possible experience. Learn more