കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അടക്കമുള്ള നേതാക്കളുടെ സതീശനെതിരായ പരാമര്‍ശങ്ങളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ, പരിവാര്‍ സംഘടനയുടെ ദേശീയ പരിപാടിയില്‍ കെ.കെ. ശൈലജ പങ്കെടുത്തെന്ന അരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്.
2018 ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍വെച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത ചിത്രമാണ് ടി. സിദ്ദീഖ് പങ്കുവെച്ചിരിക്കുന്നത്. മറുപടി മുന്നെ പറഞ്ഞതാണെന്നാണ് എന്നായിരുന്നു ടി. സിദ്ദീഖിന്റെ പോസ്റ്റിന് കെ.കെ. ശൈലജയുടെ മറുപടി. മുമ്പ് വിശയത്തില്‍ അവര്‍ നല്‍കിയ വിശദീകരണവും പങ്കുവെച്ചിട്ടുണ്ട്.
‘ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (2018). ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്.
പഴയത് കുത്തിപ്പൊക്കി നമുക്ക് ചര്‍ച്ച ചെയ്യാം,’ എന്നാണ് ഈ ചിത്രം പങ്കുവെച്ച് ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ എഴുതിയത്.
കെ.കെ. ശൈലജ ടീച്ചറുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം
2018 ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ വച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയിലാണ് പങ്കെടുത്തത്. കേന്ദ്ര ആയുഷ് വകുപ്പിന്റെയും സി.സി.ആര്‍.എ.എസിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചു വരുന്നത്.
2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ വച്ചാണ് ആദ്യത്തെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. മാത്രമല്ല സി.സി.ആര്‍.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും.
വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നാഷണല്‍ സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ചയും കോ ചെയര്‍പേഴ്സണ്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി പി.എന്‍. രഞ്ജിത്ത് കുമാറുമാണ്. സി.എസ്.ഐ.ആര്‍., സി.സി.ആര്‍.എ.എസ്. എന്നിവയുടെ അധ്യക്ഷന്‍മാരും കേന്ദ്ര ഗവണ്‍മെന്റ്, ആയുഷ് അഡൈ്വസര്‍ എന്നിവരും ചേര്‍ന്നാണ് നാഷണല്‍ സ്റ്റിയറിങ് കമ്മറ്റി. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ജനറല്‍ പ്രൊഫസര്‍ കെ.എസ്. ധീമാനാണ്. കോ ചെയര്‍പേഴ്സണ്‍ ഡോ. പി.എം. വാര്യര്‍(കോട്ടക്കല്‍ ആര്യവൈദ്യശാല) ഡോ. തനുജ മനോജ് നൈസരി(ഡയറക്ടര്‍, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ന്യൂദല്‍ഹി) എന്നിവരും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ പവന്‍കുമാര്‍ ഗോഡ്വര്‍(നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയുര്‍വേദ)യുമാണ്. മാത്രമല്ല ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. വസ്തുതകള്‍ മനസിലാക്കാതെയുള്ള കുപ്രചാരണങ്ങളില്‍ നിന്നും എല്ലാവരും പിന്മാറണം.
CONTENT HIGHLIGHTS: T. Siddique alleged K.K. Shailaja In the national program of the Parivar organization, The teacher’s comment was that the answer was given earlier