| Wednesday, 29th May 2024, 8:36 pm

വ്യാജ ഡിഗ്രിയുമായി നടക്കുമ്പോള്‍ മഹാത്മാ ​ഗാന്ധിയെ കുറിച്ച് ഒന്ന് ​ഗൂ​ഗിൾ ചെയ്ത് നോക്കിയെങ്കിലും സംസാരിക്കാമായിരുന്നു; മോദിക്കെതിരെ ടി. സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ കുറിച്ച് ലോകത്താരും അറിഞ്ഞിരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് എം.എൽ.എ. പ്രധാനമന്ത്രിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്ന് ടി. സിദ്ദിഖ് പഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയുടെ പ്രസ്താവനകളില്‍ ദിവസവും മറുപടി നല്‍കാന്‍ സ്‌കൂളില്‍ പോയ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സുരക്ഷാ ഉദ്യോഗസ്ഥരെയും മാധ്യമപ്പടയെയും (ഗോഡി മീഡിയ) കൂട്ടി വിവേകാനന്ദപ്പാറയില്‍ വ്യാജ തെരഞ്ഞെടുപ്പ് ധ്യാനമിരിക്കാന്‍ പോകും മുമ്പ് മോദിജിയുടെ ഒരു വെളിപാട് വന്നിട്ടുണ്ട്. ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചര്‍ഡ് ആറ്റന്‍ബറോയുടെ സംവിധാനത്തില്‍ 1982 ല്‍ ഇറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമായ ‘ഗാന്ധി’ വന്നത് കൊണ്ടാണ് മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞതെന്ന്. ഇതൊന്നും മറുപടി അര്‍ഹിക്കുന്ന ഒന്നല്ല. ദിവസവും മോദി പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ സ്‌കൂളില്‍ പോയ ആര്‍ക്കും കഴിയില്ല,’ ടി. സിദ്ദിഖ് പറഞ്ഞു.

വ്യാജ ഡിഗ്രിയുമായി നടക്കുമ്പോള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയെങ്കിലും മഹാത്മാഗാന്ധിയെ കുറിച്ച് സംസാരിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ അച്ഛന്‍ റെയില്‍വേ കാന്റീന്‍ നടത്തിയിരുന്ന മുതലാളിയായിരുന്നു. മോദിക്ക് അന്ന് അധികമാര്‍ക്കും ലഭിക്കാതെ പോയ സൗകര്യങ്ങള്‍ ചെറു പ്രായത്തിലെ ഉണ്ടായിരുന്നു. കോട്ടും സ്യൂട്ടും ഉണ്ടായിരുന്നു. എന്നിട്ടും സ്‌കൂളില്‍ വിട്ടപ്പോള്‍ അവിടെ പോകാതെ നാട് വിട്ട് പോയി. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാതെ തെണ്ടി നടന്നു. ഏഴാം ക്ലാസില്‍ സ്‌കൂള്‍ വിട്ട് പോയി എന്നാണ് ഒരു അഭിമുഖത്തില്‍ പണ്ട് പറഞ്ഞത്. ഇപ്പോള്‍ വ്യാജ ഡിഗ്രിയുമായി നടക്കുമ്പോള്‍ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയെങ്കിലും ഗാന്ധിയെ കുറിച്ച് സംസാരിക്കാമായിരുന്നുവെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

മഹാത്മാഗാന്ധി ആരായിരുന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

‘സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ തകര്‍ത്ത ഒരു ഫക്കീറിനെ കുറിച്ച് ലോകം അന്നേ അറിഞ്ഞതാണ്, അംഗീകരിച്ചതാണ്. ഐന്‍സ്റ്റീന്‍ (യൂറോപ്പ്), മാര്‍ട്ടിന്‍ ലൂഥര്‍ കിങ് (അമേരിക്ക), നെല്‍സണ്‍ മണ്ടേല (ആഫ്രിക്ക) തുടങ്ങിയ മഹാന്മാര്‍ 1960 കളിലും അതിന് മുമ്പും ഗാന്ധിയെ കുറിച്ച് എഴുതുകയും പറയുകയും, ഗാന്ധിയന്‍ ഫിലോസഫി പിന്തുടര്‍ന്നവരുമാണ്. യേശു വഴി കാണിച്ച് തന്നു, ഗാന്ധി അത് പ്രായോഗികമാക്കി കാണിച്ച് തന്നു” എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ അമേരിക്കയില്‍ വച്ച് പറയുമ്പോള്‍ ഗാന്ധി” എന്ന സിനിമ ഇറങ്ങിയിരുന്നില്ല. ഗാന്ധിയുടെ വഴിയെ സഞ്ചരിച്ച് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ അടിമത്വത്തില്‍ നിന്നും വര്‍ണ്ണവിവേചനത്തില്‍ നിന്നും അദ്ദേഹം മോചിപ്പിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ആളുകള്‍ക്ക് തുറന്നിരിക്കുന്ന ഒരേയൊരു ധാര്‍മികവും പ്രായോഗികവുമായ മാര്‍ഗ്ഗമാണ് ഗാന്ധിയന്‍ മാര്‍ഗം എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു,’ ടി. സിദ്ദിഖ് പറഞ്ഞു.

മോദിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് ജയറാം രമേഷും രം​ഗത്തെത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ ദേശീയത അവർ മനസ്സിലാക്കില്ല എന്നതാണ് ആർ.എസ്.എസ് പ്രവർത്തകരുടെ മുഖമുദ്രയെന്ന് ജയറാം രമേഷ് പറഞ്ഞു. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: T Siddique against Modi statement about Mahatma Gandhi

We use cookies to give you the best possible experience. Learn more