കല്‍പ്പറ്റ: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്. പുന:സംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുകയാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.
വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.
പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. എല്ലാവരുമായും കൂടിക്കാഴ്ച നടന്നിരുന്നു, സിദ്ധിഖ് പറഞ്ഞു.
കേരളം പ്രത്യേകസാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഒരു തവണ യു.ഡി.എഫ്, പിന്നെ എല്‍.ഡി.എഫ് എന്നിങ്ങനെയാണ് അധികാരത്തില്‍ വരാറ്. എന്നാല്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ ആത്മവിശ്വാസത്തില്‍ കുറവുണ്ടായി. താഴേത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നു. ഈ ദൗര്‍ബല്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഒരു നേതൃത്വത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം, സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയം ഉണ്ടാകില്ലെന്ന് ടി. സിദ്ധിഖ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളതെന്നും അദ്ദേഹത്തെ ഇരുട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
അതേസമയം ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ കൂടിയാലോചന നടന്നില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെയും സിദ്ധിഖ് രംഗത്തെത്തിയിരുന്നു. ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നതായിപ്പോയെന്നും അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരം സംസാരത്തിലേക്കു വഴുതി വീഴരുതായിരുന്നെന്നുമായിരുന്നു സിദ്ധിഖ് പറഞ്ഞത്.
സംസാരത്തിലും പ്രവര്‍ത്തനത്തിലും സംയമനം പാലിക്കുന്നതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുകയെന്നതാണ് സംഘടനയോട് ഇപ്പോള്‍ ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
അതേസമയം ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
‘ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേര്‍ത്തു കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടത്. പാര്‍ട്ടിയില്‍ ജേഷ്ഠ അനുജന്മാര്‍ തമ്മില്‍ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കള്‍ അറിയാതെ നോക്കണം. പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്‌ന പരിഹാരം നടക്കുകയുള്ളു,’ വി.ഡി സതീശന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ അവസാന വാക്കെന്ന പ്രയോഗം സംഘടനാ ബോധം ഉള്ളത് കൊണ്ടാണെന്നും തന്റെ വാക്കുകള്‍ പലരും വളച്ചൊടിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.