| Wednesday, 4th November 2020, 2:33 pm

മനുഷ്യനൊപ്പം നില്‍ക്കുക എന്നാല്‍ മാവോയിസ്റ്റിനൊപ്പമാണെന്നൊന്നും ആരോപിച്ച് രക്ഷപ്പെടാം എന്ന് വിചാരിക്കണ്ട; സര്‍ക്കാരിനെതിരെ ടി. സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട്ടില്‍ പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാണാന്‍ പോയ തന്നോടും സഹപ്രവര്‍ത്തകരോടും പൊലീസ് ക്രൂരമായ രീതിയിലാണ് പെരുമാറിയെന്ന് കെ.പി.സി.സി വൈസ് പ്രഡിഡന്റ് ടി. സിദ്ദിഖ്.

പ്രതിരോധത്തില്‍ ആകുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട നടത്തുന്നത് എന്തൊരു ക്രൂരതയാണെന്നും അദ്ദേഹം ചോദിച്ചു.

പാലക്കാട്ട് മഞ്ചക്കട്ടിയില്‍ നാലു പേരെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതും, വയനാട്ടില്‍ റിസോര്‍ട്ടില്‍ വച്ച് ജലീലിനെ ഏറ്റുമുട്ടലില്‍ കൊന്നതും ഇതേ പിണറായി പൊലീസാണ്.

മനുഷ്യനൊപ്പം നില്‍ക്കുക എന്നാല്‍ മാവോയിസ്റ്റിനൊപ്പമാണെന്നൊന്നും ആരോപിച്ച് രക്ഷപ്പെടാം എന്ന് വിചാരിക്കണ്ട. കോഴിക്കോട് എം.പി എം .കെ രാഘവനോട് പൊലീസ് പെരുമാറിയത് അംഗീകരിക്കാന്‍ കഴിയുന്ന വിധത്തിലല്ലെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.

കൊല്ലപ്പെട്ട മാവോയിസ്റ്റ് സെല്‍വന്റെ മൃതദേഹം കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞ പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പിയും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞ നടപടിയിലൂടെ സംസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നതെതെന്ന് വ്യക്തമാണെന്നും ജനപ്രതിനിധികള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ തടയുന്നത് പലതും മറച്ചു വെക്കാനെന്ന സംശയത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊലീസ് കൊലപ്പെടുത്തിയ വ്യക്തിയുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ടാണ് തങ്ങള്‍ എത്തിയത്. വളരെ സമാധാനാന്തരീക്ഷത്തില്‍ കടന്നെത്തിയായ തങ്ങളെ ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് പൊലീസ് തടഞ്ഞത്?

സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയും ഇന്നലെ കിലോമീറ്ററുകള്‍ക്കപ്പുറം തടഞ്ഞതില്‍ ദുരൂഹതയുണ്ട്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം മനുഷ്യാവകാശത്തെപ്പറ്റി വാചാലരാകുന്നവര്‍ ഇപ്പോള്‍ പലവിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയാണെന്നും എം.കെ രാഘവന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ് , ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. പ്രവീണ്‍ കുമാര്‍ തുടങ്ങിയവരെയാണ് പൊലീസ് തടഞ്ഞത്.

ബാണാസുര വനമേഖലയില്‍ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചിരുന്നു.

വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ കോമ്പിങ് നടത്തിവന്ന പൊലീസ് സംഘത്തിനുനേരെ മാവോവാദികളായ ഒരു സംഘത്തിന്റെ ആക്രമണം ഉണ്ടായെന്നും ആത്മരക്ഷാര്‍ഥം പൊലീസ് തിരിച്ചു വെടിവെച്ചതില്‍ മാവോവാദിസംഘത്തിലെ ഒരാള്‍ മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: T Siddiq against police maoist encounter

Latest Stories

We use cookies to give you the best possible experience. Learn more