'വിഭാഗീയതക്ക് എന്ത് നയം?, വിഭാഗീയത പ്രസവിക്കുന്നത് വിഭാഗീയത തന്നെ, താന്‍ ഇപ്പോള്‍ സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ല'; പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ടി.ശശിധരന്‍
Kerala News
'വിഭാഗീയതക്ക് എന്ത് നയം?, വിഭാഗീയത പ്രസവിക്കുന്നത് വിഭാഗീയത തന്നെ, താന്‍ ഇപ്പോള്‍ സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ല'; പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ടി.ശശിധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 8:57 am

ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരെ ലൈംഗികാക്രമണം നടത്തിയ പി.കെ ശശി എം.എല്‍.എയെ പോലും സി.പി.ഐ.എമ്മിലേക്ക് തിരിച്ചെടുത്തിട്ടും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ടി.ശശിധരനെ നേതൃനിരയിലേക്ക് പാര്‍ട്ടി മടക്കികൊണ്ടുവരുന്നില്ല എന്ന ആരോപണങ്ങളോടും സന്ദേഹങ്ങളോടും മറുപടി പറഞ്ഞ് ടി. ശശിധരന്‍. ഇടതുപക്ഷ പ്രവര്‍ത്തകന്‍ കെ.കെ ഷിഹാബിന് നല്‍കിയ അഭിമുഖത്തിലാണ് ശശിധരന്റെ വിശദമായ പ്രതികരണം.

ടി.ശശിധരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരാണ് എന്ന ചോദ്യത്തോടെയാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്ന വിഷയങ്ങളിലേക്ക് ശശിധരന്റെ ശ്രദ്ധ ഷിഹാബ് തിരിക്കുന്നത്. ഞാനിപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെറിയ പ്രവര്‍ത്തകന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധികാരികമായി പറയുവാനുള്ള അറിവോ അവകാശങ്ങളോ എനിക്കില്ല. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു എന്നു പറയുന്നതില്‍ ഒന്നുമില്ല. ആയിരുന്നു എന്ന് പറയുന്നതില്‍ ഒന്നുമില്ല. ഇന്നലെയെന്തായിരുന്നു  എന്നതിലൊന്നും യാതൊരു പ്രധാന്യവുമില്ല. ഇന്ന് ഞാന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനാണ് എന്നായിരുന്നു മറുപടി.

വീട്ടില്‍ ഒതുങ്ങിക്കൂടുന്നു എന്ന സന്ദേഹത്തോട് ശശിധരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഒതുങ്ങുക, ഒതുങ്ങാതിരിക്കുക എന്ന് പറയുന്നതിന്റെ അര്‍ത്ഥമാണ് പ്രശ്‌നം. പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടിയില്‍ നില്‍ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി എടുക്കുന്ന നടപടി ക്രമങ്ങള്‍ പാലിക്കുന്നതിനെയാണ് ഒതുങ്ങിക്കൂടല്‍ എന്ന് പറയുന്നത്’.

പാര്‍ട്ടി നടപടിയല്ല ശരി ടി. ശശിധരനാണ് ശരി എന്ന് പറയുന്നവരോടും ശശിധരന്‍ പ്രതികരിച്ചു. എന്നെ സ്‌നേഹിക്കുന്നവരെല്ലാം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അവര്‍ക്കറിയാവുന്ന ശരികളുണ്ടാവും. എന്നാല്‍ അവര്‍ പറയുന്നത് പോലെ എനിക്ക് പറയാന്‍ കഴിയുകയില്ല. കാരണം ഞാനിപ്പോഴും പാര്‍ട്ടി അംഗമാണെന്നായിരുന്നു മറുപടി.

 

പീഡനാരോപണം നേരിട്ട പി.കെ ശശിപോലും പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടും ശശിധരന്‍ എന്ത് കൊണ്ട് തിരിച്ചെത്തിയില്ല എന്ന ചോദ്യവും അഭിമുഖത്തില്‍ ഉണ്ടായി. താനിപ്പോഴും പാര്‍ട്ടിയിലാണ്. അതു കൊണ്ട് തിരിച്ചുവരേണ്ട കാര്യമില്ല. ഘടകത്തെ കുറിച്ചാണെങ്കില്‍ അതിനൊരു പാട് ഘടകങ്ങള്‍ ഉണ്ട്. എത്രയോ സത്യസന്ധരായ പ്രവര്‍ത്തകര്‍ ബ്രാഞ്ച് സെക്രട്ടറിമാരായി ജീവിക്കുന്നുണ്ട്. എത്രയോ മിടുക്കര്‍ ഏരിയാ കമ്മറ്റി അംഗമായി മാത്രം ഒതുങ്ങുന്നുണ്ട്. ഭാഗ്യം, അവസരം, കഴിവ്, പ്രാപ്തി ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒരാളുടെ വളര്‍ച്ചയും വികാസവും. എന്നേക്കാള്‍ കഴിവുള്ളവര്‍ പോലും എന്റെ അവസരവളര്‍ച്ച ഇടയില്‍ തകര്‍ന്നുപോയിട്ടുണ്ടാകും.ആരെങ്കിലും ഒരാള്‍ ജില്ലാ കമ്മറ്റിയില്‍ വരികയോ പോവുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലല്ലോ പാര്‍ട്ടി പ്രവര്‍ത്തനം എന്നായിരുന്നു ശശിധരന്റെ മറുപടി. എന്നെ കുറിച്ച് സംസാരിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അത് ചോദ്യം ഞാന്‍ ആളല്ല. കാരണം ഞാന്‍ പറഞ്ഞിട്ടല്ലല്ലോ അവരൊന്നും ചെയ്യുന്നത്. ഈ വിഷയങ്ങളിലൊക്കെ എനിക്ക് അഭിപ്രായമുണ്ട്. പക്ഷെ അതൊക്കെ പറയുന്നതില്‍ എനിക്ക് പരിമിതികളുണ്ടെന്നായിരുന്നു ശശിധരന്റെ പ്രതികരണം. ഒരു മഹാസമുദ്രത്തിലേക്ക് ആരൊക്കെ വരുന്നു എന്നതൊന്നും നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പരസ്യമായ വിഭാഗീത നടന്നുവെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും അതിനെ തുടര്‍ന്ന് പാര്‍ട്ടി തനിക്കെതിരെയെടുത്ത നടപടി ശരിയായിരുന്നുവെന്നും ശശിധരന്‍ പറഞ്ഞു. വിഭാഗീയത നടന്നുവെന്നത് സത്യമാണ്. അങ്ങനെ നടന്നില്ലായിരുന്നുവെങ്കില്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന മാമക്കുട്ടി പരാജയപ്പെടാന്‍ പാടില്ലായിരുന്നല്ലോ. മാമക്കുട്ടിയേട്ടന്‍ പരാജയപ്പെടണമെന്ന് വിഭാഗീയതക്ക് നേതൃത്വം നല്‍കിയ ഞാനടങ്ങുന്നവര്‍ തീരുമാനിച്ചിരുന്നില്ല. വിഭാഗീയതയുടെ പ്രത്യേകത വിഭാഗീയത പ്രസവിക്കുന്നതെല്ലാം വിഭാഗീയത ആയിരിക്കും. വിഭാഗീയതക്ക് യാതൊരു നയവുമില്ല. ജില്ലയില്‍ മാത്രമായെന്ത് നയം. അഖിലേന്ത്യ നയമാണ് പാര്‍ട്ടിക്ക് എന്നായിരുന്നു ശശിധരന്റെ വിഭാഗീയതയെ കുറിച്ചുള്ള നിലപാട്. അതൊക്കെ കഴിഞ്ഞു പോയില്ലേ. വിഭാഗീയയെ തുടര്‍ന്ന് പുറത്താക്കപ്പെട്ടവരെല്ലാം തിരിച്ചെത്തിയിട്ടും ശശിധരന്‍ മാത്രം അകലത്തില്‍ നില്‍ക്കേണ്ടതുണ്ടോ എന്ന് പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത് എന്നും ശശിധരന്‍ വിഷയത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഉള്ള സ്ഥാനത്ത് നിന്ന് താഴത്തേക്ക് പോവാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു കാലമാണല്ലോ. പാര്‍ട്ടി അംഗമായിരിക്കുക എന്നത് തന്നെയാണ് സൗകര്യം. സ്ഥാനങ്ങള്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം….