കോഴിക്കോട്: ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്ന് ടി. സദ്ദീഖ് എം.എല്‍.എ.
കെ.സി. വേണുഗോപാലിനെ സോഷ്യല്‍ മീഡിയയില്‍ അടക്കം അപമാനിച്ചവര്‍, കഴിവ് കെട്ടവന്‍ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ യാത്രയെ പുകഴ്ത്തുന്ന തിരക്കിലാണെന്നും സിദ്ദീഖ് പറഞ്ഞു.
കെ.സിയെക്കുറിച്ച് തിരുത്തിപ്പറയാന്‍ പലരും അന്തസ് കാണിക്കണം എന്ന് പറയാതെ വയ്യെന്നും സിദ്ദീഖ് വ്യക്തമാക്കി. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സെപ്തംബര്‍ ഏഴിന് യാത്ര ആരംഭിക്കുന്നതിന് മുമ്പ്, പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ ശക്തരായ പ്രാദേശിക നേതാക്കളുടേയും വിഭവങ്ങളുടെയും അവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഒരു സുപ്രധാന രാഷ്ട്രീയ ചൂതാട്ടം നടത്താന്‍ പോകുന്നു എന്ന് രാഷ്ട്രീയ മാധ്യമ ബുദ്ധിജീവികള്‍ പ്രവചിച്ചപ്പോള്‍, പരിഹസിച്ചപ്പോള്‍ എല്ലാവരും ഉറ്റ് നോക്കിയത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനുമയ കെ.സി. വേണുഗോപാല്‍ എന്ന നേതാവിലേക്കായിരുന്നു.
കേരളത്തില്‍ നിന്നടക്കം കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരും രാഷ്ട്രീയ എതിരാളികളും കെ.സി. വേണുഗോപാലിനെ പരിഹസിക്കുന്നത് നാം കണ്ടു. രാഹുല്‍ ഗാന്ധിയുടെ ചെരുപ്പ് തേയും എന്നല്ലാതെ കേരളം വിട്ടാല്‍ യാത്ര വന്‍ പരാജയമാകും എന്നും ചായക്കടകളില്‍ കയറി ചായയും പഫ്‌സും പൊറോട്ടയും വാങ്ങിക്കൊടുക്കാന്‍ മാത്രമേ കെ.സി. വേണുഗോപാലിനു കഴിയൂ എന്നും പരിഹസിച്ചു. പൊറോട്ടയല്ല,പോരാട്ടമാണു വേണ്ടത് എന്ന് അവര്‍ പരിഹസിച്ചു. എന്നാല്‍ യാത്രയുടെ പ്രതികരണം ഹൃദ്യമായിരുന്നു. അവസാനം കെ.സി. വേണുഗോപാല്‍ എന്ന കോണ്‍ഗ്രസ് രാഷ്ട്രീയക്കാരന്‍ ആരാണെന്നും അദ്ദേഹത്തിന്റെ മികവ് എന്താണെന്നും ഇന്ത്യന്‍ രഷ്ട്രീയ ലോകം തിരിച്ചറിഞ്ഞു,’ ടി. സിദ്ദീഖ് പറഞ്ഞു.
കെ.സി. വേണുഗോപാല്‍ എന്ന ഉജ്ജ്വലനായ പാരമ്പര്യവും കരുത്തുമുള്ള നേതാവിനെ വിമര്‍ശിച്ച് നടന്നവര്‍ അംഗീകരിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അത് ആത്മവഞ്ചനയാകുമെന്ന് ഭാരത് ജോഡോ യാത്ര തെളിയിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം നല്‍കിയ ആത്മബലവും ഊര്‍ജ്ജവും എത്രത്തോളമായിരുന്നു എന്ന് നമ്മള്‍ കണ്ട് കഴിഞ്ഞു. അതോടൊപ്പം ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവര്‍ യാത്രയെ വിജയിപ്പിക്കുന്നതില്‍ നടത്തിയ പങ്കും നമുക്ക് വിസ്മരിക്കാനാവില്ല. പാര്‍ട്ടിയോടുള്ള കൂറൂം കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരാന്‍ ഈ പ്രായത്തിലും അവര്‍ നടത്തിയ പോരാട്ടം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നും സിദ്ദീഖ് പറഞ്ഞു.
‘സോണിയാജിയും പ്രിയങ്കാജിയും ആഗ്രഹിച്ചത് പോലെ യാത്ര അവസാനിക്കുമ്പോള്‍ കളിക്കൂട്ടുകാരനോടെന്ന പോലെ കെ.സി. വേണുഗോപാലിന്റെ തലയില്‍ രാഹുല്‍ ഗാന്ധി മഞ്ഞ് വാരിയിടുമ്പോള്‍ ഒരു മഹാ യജ്ഞം വിജപ്പിച്ച ആ മനുഷ്യനെ അവര്‍ അത്രമേല്‍ സ്‌നേഹിക്കുന്നു,’ ടി. സിദ്ദീഖ് പറഞ്ഞു.