| Saturday, 7th December 2024, 10:00 pm

ആ സിനിമയുടെ സ്‌ക്രിപ്റ്റ് ആദ്യം വായിച്ചത് മമ്മൂക്കയുടെ ഭാര്യ; ഉടനെ എന്നെ വിളിച്ചൊരു കാര്യം പറഞ്ഞു: ടി.എസ്. സുരേഷ്ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുട്ടത്ത് വര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥയില്‍ ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി എത്തിയ ചിത്രത്തില്‍ രഞ്ജിനി, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1990ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം വായിച്ചത് മമ്മൂട്ടിയുടെ ഭാര്യയാണെന്ന് പറയുകയാണ് ടി.എസ്. സുരേഷ്ബാബു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമായെന്നും മമ്മൂട്ടി എന്തായാലും ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്ബാബു.

‘കോട്ടയം കുഞ്ഞച്ചന്റെ സ്‌ക്രിപ്റ്റ് തീര്‍ത്തിട്ട് ഞാന്‍ അന്ന് മമ്മൂക്കയെ വിളിച്ചപ്പോള്‍ അദ്ദേഹം ബോംബയില്‍ ആണ്. വീട്ടില്‍ കൊടുത്തോളാന്‍ പറഞ്ഞു. വീട്ടില്‍ പോയപ്പോള്‍ അവിടെ ബാബിയാണ് ഉണ്ടായിരുന്നത്, മമ്മൂക്കയുടെ ഭാര്യ. ഇച്ചാക്ക രണ്ട് ദിവസം കഴിഞ്ഞ് വരും ഞാന്‍ കൊടുത്തേക്കാം എന്ന് പറഞ്ഞ് ബാബി അത് വാങ്ങിച്ച് അകത്തുവെച്ചു.

രണ്ട് ദിവസം കഴിഞ്ഞ് എനിക്ക് ബാബിയുടെ ഫോണ്‍ വന്നു. ‘ സുരേഷേ ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു. മനോഹരം ആയിരിക്കുന്നു, സൂപ്പര്‍. അതെന്തായാലും ഇച്ചാക്ക ചെയ്യും. സൂപ്പര്‍ ഹിറ്റായിരിക്കും സിനിമ. സുരേഷിന് ഈ ചിത്രം ഒരു ബ്രേക്ക് ആയിരിക്കും’ എന്ന് പറഞ്ഞു.

ഇത് കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡെന്നിസ് ജോസഫ് എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു മമ്മൂക്കയുടെ വൈഫ് വിളിച്ചിരുന്നു. അവര്‍ക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു എന്ന്. ആദ്യമായിട്ട് കോട്ടയം കുഞ്ഞച്ചന്റെ സ്‌ക്രിപ്റ്റ് വായിക്കുന്നത് മമ്മൂക്കയുടെ വൈഫാണ്. അത് കഴിഞ്ഞിട്ടാണ് മമ്മൂക്ക പോലും അത് വായിക്കുന്നത്. സാധാരണ അവര്‍ അങ്ങനെ സിനിമയില്‍ ഒന്നും ഇടപെടാത്ത ആളാണ്. ഇത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന്റെ പുറത്ത് വായിച്ചതാണ്,’ ടി.എസ്. സുരേഷ് ബാബു പറയുന്നു.

Content Highlight: T S Sureshbabu Says Mammootty’s Wife Read The Script Of Kottayam Kunjachan Movie Before Mammootty

Video Stories

We use cookies to give you the best possible experience. Learn more