കോട്ടയം കുഞ്ഞച്ചൻ ഒരാഴ്ചയിൽ കൂടുതൽ ഓടില്ലെന്ന് അദ്ദേഹം, എന്നാൽ ട്രെൻഡ് സെറ്റർ ആവുമെന്ന് ആ സംവിധായകർ പറഞ്ഞു: ടി.എസ്.സുരേഷ് ബാബു
Entertainment
കോട്ടയം കുഞ്ഞച്ചൻ ഒരാഴ്ചയിൽ കൂടുതൽ ഓടില്ലെന്ന് അദ്ദേഹം, എന്നാൽ ട്രെൻഡ് സെറ്റർ ആവുമെന്ന് ആ സംവിധായകർ പറഞ്ഞു: ടി.എസ്.സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 12:01 pm

മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്.

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുരേഷ് ബാബു. അതുവരെ സീരിയസ് റോളുകള്‍ മാത്രം ചെയ്തുവന്ന മമ്മൂട്ടിയെ പുതിയൊരു രൂപത്തില്‍ കണ്ട ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. എന്നാൽ ചിത്രത്തിൽ നിർമാതാവ് മണിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നും പടം ഓടാൻ ചാൻസ് ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സുരേഷ് ബാബു പറയുന്നു.

എന്നാൽ അന്നത്തെ മുൻനിര സംവിധായകരായ ഹരിഹരൻ, തമ്പി കണ്ണന്താനം എന്നിവർ പടം വലിയ വിജയമാവുമെന്ന് പറഞ്ഞെന്നും ചിത്രം ഒരു. ട്രെൻഡ് സെറ്ററായി മാറുമെന്ന് പറഞ്ഞെന്നും സുരേഷ് ബാബു പറയുന്നു. ഓൺലൂക്കേർസ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് കോട്ടയം കുഞ്ഞച്ചൻ കണ്ടിട്ട് നിർമാതാവ് പറഞ്ഞു, എനിക്ക് കോട്ടയം കുഞ്ഞച്ചൻ തീരെ ഇഷ്ടപ്പെട്ടില്ലെന്ന്. ഇത് ഒരാഴ്ച്ചയിൽ കൂടുതൽ ഓടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ പടം പ്രൊഡ്യൂസ് ചെയ്യുന്നത് ആരോമയായത് കൊണ്ട് രണ്ടാഴ്ച പോവുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തുറന്ന് പറഞ്ഞു, എനിക്കിഷ്ടമായില്ലെന്ന്.

ഞാൻ ഉടനെ മമ്മൂട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു, വിഷമിക്കേണ്ട എന്തെങ്കിലും പറ്റിയാൽ നമുക്ക് വേറെയൊന്ന് ചെയ്യാമെന്ന്. പിന്നീട് ഡെന്നീസ് എന്നെ വിളിച്ച് പറഞ്ഞു, സംവിധായകൻ ഹരിഹരൻ, തമ്പി കണ്ണന്താനം, നടൻ രതീഷ് എന്നിവർ പടം കാണാൻ വരുമെന്ന്.

ഞാൻ ഡെന്നീസിനോട്‌ പറഞ്ഞു, എന്റെ പൊന്ന് ഡെന്നീസെ മണി സാർ കൊള്ളില്ല, പോരായെന്നൊക്കെ പറഞ്ഞു. ഇനി അന്നത്തെ ഏറ്റവും വലിയ സംവിധായകൻ ഹരിഹരൻ സാറും, അന്നത്തെ ഹിറ്റ്‌ മേക്കർ തമ്പി കണ്ണന്താനവുമെല്ലാം ഇത് കണ്ടിട്ട് എന്ത് പറയുമെന്ന് എനിക്കൊരു പേടി.

പടം കണ്ട് ഒരു മൂന്നര മണിക്കൂർ ആയപ്പോൾ എന്റെ ഹോട്ടൽ മുറിയിൽ അവർ വന്ന് മുട്ടി. വാതിൽ തുറന്നപ്പോൾ ഹരിഹരൻ സാറും, തമ്പി കണ്ണന്താനം, രതീഷ് എന്നിവരാണ്. അവർ എന്നെ കെട്ടിപിടിച്ച് ഉമ്മ തന്നിട്ട് പറഞ്ഞു, ഈ പടം സൂപ്പർ ഹിറ്റായിരിക്കുമെന്ന്. തമ്പി കണന്താനം പറഞ്ഞു, ഇതിവിടുത്തെ ട്രെൻഡ് സെറ്റർ ആയിരിക്കുമെന്ന്

 

Content Highlight: T.s. Suresh Babu Talk About Kottayam Kunjachan Releasing Time