നടൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി. എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ രഞ്ജിനി, ഇന്നസെന്റ്, കെ. പി.എ.സി ലളിത തുടങ്ങി വമ്പൻ താരനിര അണിനിരന്നിരുന്നു.
ചിത്രത്തിൽ മമ്മൂട്ടി മദ്യപിച്ചു വന്ന് ചീത്ത വിളിക്കുന്ന ഒരു സീനുണ്ട്. ചിത്രത്തിലെ പ്രധാന സീനുകളിൽ ഒന്നാണിത്. ഈ സീൻ ഒറ്റ ടേക്കിൽ ഒറ്റ ഷോട്ടിൽ എടുത്തതാണെന്ന് സംവിധായകൻ സുരേഷ് ബാബു പറയുന്നു. ഡയലോഗ് മമ്മൂട്ടിക്ക് കാണാപാഠം ആയിരുന്നുവെന്നും ആ സീനിൻ തിയേറ്ററിൽ എല്ലാവരും കയ്യടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്ക വൈകുന്നേരം ഒന്ന് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു. വന്നിട്ട് അദ്ദേഹം ആ ഡയലോഗ് ഒക്കെ ഒന്ന് വായിച്ച് നോക്കി. ആ സീൻ ഒറ്റ ടേക്ക് ആണ്. ഒറ്റ ടേക്കും ഒറ്റ ഷോട്ടുമാണ് അത് മുഴുവൻ. പിന്നെ ഞാനാണ് അത് അരിഞ്ഞരിഞ്ഞിട്ടത്.
അവരുടെ റിയാക്ഷൻ പിന്നെ ആഡ് ചെയ്തതാണ്. ഒരു ട്രാക്ക് ആക്കിയിട്ടു. ക്രെയിൻ പോലും അന്നില്ല. ഒരു ട്രാക്കിൽ ക്യാമറ സെറ്റ് ചെയ്ത് വെച്ചു. ആനന്ദക്കുട്ടൻ സാർ ആയിരുന്നു അന്ന് ക്യാമറ ചെയ്തിരുന്നത്. മമ്മൂക്കയും ഞാനും നല്ല സിങ്ക് ആയത് കൊണ്ട് അദ്ദേഹം ക്യാമറയുടെ ടൈമിങ് അനുസരിച്ച് തന്നെ വന്നു.
മൂന്ന് റിഹേഴ്സൽ നോക്കി. ഡയലോഗ് ഒന്നും നോക്കേണ്ട ആവശ്യമില്ല. അതൊക്കെ പുള്ളിക്ക് കാണാപാഠമാണ്. ചുമ്മാ ടൈമിങ് മാത്രം നോക്കി ടേക്ക് പോയതാണ്. ഫസ്റ്റ് ഷോട്ട് ഓക്കെ. ഒറ്റ ടേക്കും ഒറ്റ ഷോട്ടും ആണത്. ഞാനാണത് ഇപ്പോഴുള്ള പോലെ ആക്കിയത്. അത് നോക്കിയാൽ അറിയാം. തിയേറ്ററിൽ പ്രേക്ഷകർ എണീറ്റ് നിന്ന് കയ്യടിച്ച സീനാണത്,’ടി. എസ്. സുരേഷ് ബാബു പറയുന്നു.
അതേസമയം കോട്ടയം കുഞ്ഞച്ചനടക്കം കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ടി. എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി.എൻ.എ. അഷ്‌കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ റിയാസ് ഖാൻ, റായ് ലക്ഷ്മി, ബാബു ആന്റണി, അജു വർഗീസ് തുങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: T.S. Suresh Babu Talk About Kottayam Kunjachan Movie