മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ ഡെന്നിസ് ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ബാബു.
മമ്മൂട്ടി വഴിയാണ് താന്‍ ആദ്യമായി ഡെന്നിസിനെ പരിചയപ്പെട്ടതെന്ന് സുരേഷ് ബാബു പറഞ്ഞു. തനിക്ക് വേണ്ടി ഒരു കഥ റെഡിയാക്കാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടെന്നും അതിനായി കുറച്ച് സമയമെടുത്തെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് മമ്മൂട്ടി- ജോഷി ടീമിന്റെ സംഘം എന്ന സിനിമ ഇറങ്ങിയതെന്നും അതിന്റെ കഥ എഴുതിയത് ഡെന്നിസായിരുന്നെന്നും സുരേഷ് ബാബു പറഞ്ഞു.
എന്നാല്‍ ആ സിനിമയുടെ സെക്കന്‍ഡ് ഹാഫ് അധികമാളുകള്‍ക്ക് ഇഷ്ടമായില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഫസ്റ്റ് ഹാഫിലെപ്പോലെ ഒരു കോട്ടയം ബേസ്ഡ് കഥ തനിക്ക് വേണമെന്ന് ഡെന്നിസിനോട് ആവശ്യപ്പെട്ടെന്നും സുരേഷ് ബാബു പറഞ്ഞു. അങ്ങനെയാണ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സ്‌ക്രിപ്റ്റിലേക്ക് മാറ്റിയെതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
ആ പുസ്തകം ഉള്‍പ്പെടെ പല നോവലുകളും ഡെന്നിസിന് സജസ്റ്റ് ചെയ്തത് നടന്‍ മോഹന്‍ ജോസായിരുന്നെന്ന് താന്‍ പിന്നീടറിഞ്ഞെന്നും സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ മോഹന്‍ ജോസ് ഇക്കാര്യം ആരോടും പറയാറില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. നല്ല പുസ്തകങ്ങളെക്കുറിച്ചോ സിനിമകളെക്കുറിച്ചോ കേട്ടുകഴിഞ്ഞാല്‍ മോഹന്‍ അത് ഡെന്നിസിനോട് പറയാറുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡെന്നിസിനെ ഞാന്‍ പരിചയപ്പെടുന്നത് മമ്മൂക്ക വഴിയാണ്. എനിക്ക് വേണ്ടി ഒരു കഥ റെഡിയാക്കണമെന്ന് മമ്മൂക്ക ഡെന്നിസിനോട് പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് കഥ റെഡിയാവാന്‍ കുറച്ചധികം സമയമെടുത്തു. ആ സമയത്താണ് മമ്മൂട്ടി- ജോഷി- ഡെന്നിസ് ടീമിന്റെ സംഘം എന്ന സിനിമ റിലീസായത്.
ഞാനും ഡെന്നിസും കൂടി ആ പടം കണ്ടു. അതിന്റെ സെക്കന്‍ഡ് ഹാഫ് പ്രതീക്ഷിച്ചത്ര നന്നായില്ല. പക്ഷേ ഫസ്റ്റ് ഹാഫ് അടിപൊളിയായിരുന്നു. അതുപോലൊരു സിനിമ വേണമെന്ന് ഞാന്‍ ഡെന്നിസിനോട് പറഞ്ഞു. കോട്ടയം സ്‌റ്റൈല്‍ അച്ചായന്‍ ക്യാരക്ടറാണ് വേണ്ടതെന്ന് അറിഞ്ഞപ്പോള്‍ ഡെന്നിസ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവല്‍ കൊണ്ടുവന്നു.
അതാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയായത്. പിന്നീടാണ് ഞാന്‍ ഒരു കാര്യം അറിഞ്ഞത്. ഡെന്നിസിന് വായിക്കാന്‍ പുസ്തകങ്ങളും കാണാനുള്ള സിനിമകളും സജസ്റ്റ് ചെയ്തത് മോഹന്‍ ജോസായിരുന്നു. എവിടെയെങ്കിലും നല്ല ബുക്കോ സിനിമയോ ഇറങ്ങിയാല്‍ മോഹന്‍ അത് ഡെന്നിസിനോട് പറയും. ഡെന്നിസ് ആ ബുക്ക് സ്വന്തമാക്കും. പക്ഷേ മോഹന്‍ ഇക്കാര്യം ആരോടും പറഞ്ഞ് നടക്കാറില്ല,’ സുരേഷ് ബാബു പറയുന്നു.
Content Highlight: T S Suresh Babu shares the memories of Dennis Joseph