മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്. 40 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും 20 സിനിമകള്‍ മാത്രമാണ് സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ ഡെന്നിസ് ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ബാബു.
മമ്മൂട്ടി വഴിയാണ് താന്‍ ഡെന്നിസിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് സുരേഷ്ബാബു പറഞ്ഞു. 1988ല്‍ ശംഖുനാദം എന്ന സിനിമക്ക് ശേഷം താന്‍ വലിയൊരു ഗ്യാപ് എടുത്തെന്നും മമ്മൂട്ടി അത് കണ്ടിട്ട് തന്നെ വിളിച്ചെന്നും സുരേഷ്ബാബു കൂട്ടിച്ചേര്‍ത്തു. കഥയൊന്നും തന്റെ കൈയില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെയും കൂട്ടി ഡെന്നിസിന്റെ ഫ്‌ളാറ്റിലെത്തിയെന്നും ഒരു കഥ തനിക്ക് വേണ്ടി എഴുതാന്‍ ഡെന്നിസിനെക്കൊണ്ട് മമ്മൂട്ടി സമ്മതിപ്പിച്ചെന്നും സുരേഷ് ബാബു പറഞ്ഞു.
മമ്മൂട്ടി പോയതിന് ശേഷം ഡെന്നിസ് അദ്ദേഹത്തിന്റെ ഭാവി പ്രൊജക്ടുകളെപ്പറ്റി സംസാരിച്ചെന്നും അതില്‍ അദ്ദേഹം സംവിധാനം ചെയ്യാനാഗ്രഹിച്ച കഥയുമുണ്ടായിരുന്നെന്ന് സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെയും രജിനികാന്തിനെയും നായകന്മാരാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിച്ചെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും സുരേഷ് ബാബു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.
‘1988ല്‍ ശംഖുനാദം എന്ന സിനിമ ചെയ്തിട്ട് ഞാന്‍ വലിയൊരു ഗ്യാപ്പെടുത്തു. അപ്പോള്‍ മമ്മൂക്ക എന്നെ വിളിച്ചിട്ട് ‘ഇപ്പോള്‍ പടമൊന്നുമില്ലേ?’ എന്ന് ചോദിച്ചു. കഥയൊന്നും കിട്ടുന്നില്ല എന്ന് ഞാന്‍ മറുപടി നല്‍കി. പിറ്റേന്ന് പുള്ളി എന്നെ വിളിപ്പിച്ചിട്ട് ഡെന്നിസ് ജോസഫിന്റെ ഫ്‌ളാറ്റിലേക്ക് പോയി. ഡെന്നിസ് ആ സമയത്ത് തിരക്ക് പിടിച്ച റൈറ്ററായിരുന്നു. അഞ്ച് മിനിറ്റ് എന്നെ പുറത്തുനിര്‍ത്തി മമ്മൂക്കയും ഡെന്നിസും സംസാരിച്ചു. എന്നിട്ട് ‘കഥ ഓക്കെയായിട്ടുണ്ട്’ എന്ന് പറഞ്ഞ് മമ്മൂക്ക പോയി.
മമ്മൂക്ക പോയതിന് ശേഷം ഡെന്നിസും ഞാനും സംസാരിച്ചു. ആ സമയത്ത് ഭരതന്‍, ഐ.വി. ശശി, ഹരിഹരന്‍, ജോഷി തുടങ്ങിയ ഡയറക്ടേഴ്‌സ് ഡെന്നിസിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. പുള്ളിയുടെ പ്രൊജക്ടുകളെപ്പറ്റിയും സംസാരിച്ചു. മമ്മൂട്ടിയെയും രജിനികാന്തിനെയും നായകന്മാരാക്കി ഒരു പടം ഡയറക്ട് ചെയ്യാനും ഡെന്നിസിന് പ്ലാനുണ്ടായിരുന്നു. അടിപൊളി ത്രെഡ്ഡായിരുന്നു ആ പടത്തിന്റേത്. പക്ഷേ അത് നടക്കാതെ പോയി,’ സുരേഷ് ബാബു പറഞ്ഞു.
Content Highlight: T S Suresh Babu shares memories of Dennis Joseph