മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്. 40 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും 20 സിനിമകള്‍ മാത്രമാണ് സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്. തന്റെ കരിയറില്‍ നടക്കാതെ പോയ പ്രൊജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ബാബു.
മോഹന്‍ലാലിനെ നായകനാക്കി കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്ന പേരില്‍ ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്തിരുന്നുവെന്നും മോഹന്‍ലാല്‍ ആ ചിത്രത്തിനായി 60 ദിവസത്തെ ഡേറ്റ് തനിക്ക് തന്നിരുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ പ്രൊജക്ട് ആശീര്‍വാദ് നിര്‍മിക്കാമെന്ന് സമ്മതിച്ചുവെന്നും അഞ്ച് നായികമാരെ ആ സിനിമക്ക് വേണ്ടി ആലോചിച്ചുവെന്നും സുരേഷ് ബാബു പറഞ്ഞു.
ആശീര്‍വാദ് സിനിമാസിന് പുറെമ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയും ചിത്രത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് വന്നുവെന്നും അതോടെ സിനമയുടെ സ്‌കെയില്‍ വിചാരിച്ചതിലും വലുതായെന്നും സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ അവസാന നിമിഷം പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബോബു ഇക്കാര്യം പറഞ്ഞത്.
‘അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്ന ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒരുപാട് നല്ല പ്രൊജക്ടുകളും ഉണ്ടായിരുന്നു. അത്തരത്തിലൊന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള പ്രൊജക്ട്. കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്നായിരുന്നു അതിന്റെ പേര്. എക്‌സ്ട്രാ ഓര്‍ഡിനറിയായിട്ടുള്ള കഥയായിരുന്നു അത്. ഡെന്നിസ് ജോസഫായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. മോഹന്‍ലാലിനും ആ കഥ നന്നായി ഇഷ്ടപ്പെട്ടു. നമുക്കിത് ചെയ്യാമെന്ന് പറഞ്ഞ് 60 ദിവസത്തെ ഡേറ്റ് എനിക്ക് തന്നു.
ആശീര്‍വാദ് സിനിമാസ് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നും സമ്മതിച്ചു. അഞ്ച് നായികമാരുള്ള സബ്ജക്ടായിരുന്നു അത്. കുറച്ച് കഴിഞ്ഞ് ആശീര്‍വാദിന് പുറമെ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി ആ പ്രൊജക്ടിലേക്ക് വന്നു. അതോടുകൂടി അതിന്റെ സ്‌കെയില്‍ വലുതായി. ഓണത്തിന് റിലീസ് ചെയ്യാമെന്നുള്ള പ്ലാനില്‍ ഷൂട്ട് തുടങ്ങാനിരുന്നതായിരുന്നു. എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ പോയി,’ സുരേഷ് ബാബു പറഞ്ഞു.
Content Highlight: T S Suresh Babu about the dropped movie with Mohanlal