ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ എവർഗ്രീൻ ചിത്രമാണ് മനു അങ്കിൾ. മമ്മൂട്ടിക്ക് പുറമേ കുട്ടികൾ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ സോമൻ, ലിസി തുടങ്ങിയവരോടൊപ്പം മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അതിഥി വേഷത്തിലും എത്തിയിരുന്നു. ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് മനു അങ്കിൾ.
കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന, ദേശീയ അവാർഡ് വാങ്ങിയ ചിത്രമാണ് മനു അങ്കിൾ. മനു അങ്കിളിന് കിട്ടിയ ദേശീയ അവാർഡിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഡെന്നീസ് ജോസഫിന്റെ സുഹൃത്തുമായ ടി.എസ്. സുരേഷ്ബാബു.
മനു അങ്കിളിനുള്ള ദേശീയ അവാർഡ് കൊടുക്കുന്ന സമയം അത് വാങ്ങാൻ ഡെന്നീസ് ജോസഫിന് മടിയായിരുന്നുവെന്നും ആ സമയത്ത് അദ്ദേഹത്തിന് ചെറിയ ടെൻഷനുണ്ടായിരുന്നുവെന്നും സുരേഷ്ബാബു പറയുന്നു. ഡെന്നീസ് ജോസഫ് ഏറ്റവും കൂടുതൽ വായിച്ചിരുന്ന പുസ്തകങ്ങൾ ബോബനും മോളിയുമൊക്കെയായിരുന്നുവെന്നും അതെല്ലാമായിരുന്നു അദ്ദേഹത്തിന് ഇഷ്ടമെന്നും സുരേഷ് ബാബു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മനു അങ്കിളിനുള്ള ദേശീയ അവാർഡ് കൊടുക്കുന്ന സമയം അത് വാങ്ങാൻ ഡെന്നീസിന് മടിയായിരുന്നു. ഇന്ത്യൻ പ്രസിഡന്റിന്റെ കയ്യിൽ നിന്ന് പുരസ്‌കാരം വാങ്ങാൻ അദ്ദേഹത്തിന് മടിയായിരുന്നു. ചെറിയ പേടിയും ടെൻഷനുമൊക്കെ ഉണ്ടായിരുന്നു പുള്ളിക്ക്.
ഡെന്നീസ് ഏറ്റവും കൂടുതൽ വായിച്ചിരുന്നത് ബോബനും മോളിയുമൊക്കെയായിരുന്നു. ബാലരമയും ബോബനും മോളിയുമൊക്കെ ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ കാണുമായിരുന്നു. ആ പുസ്തകങ്ങളൊക്കെ ഇഷ്ടംപോലെ കെട്ടുകണക്കിന് അദ്ദേഹം വായിക്കുമായിരുന്നു,’സുരേഷ് ബാബു പറയുന്നു.
ന്യൂ ഡൽഹി, രാജാവിന്റെ മകൻ, കോട്ടയത്തെ കുഞ്ഞച്ചൻ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകൾക്ക് തിരക്കഥ ഒരുക്കിയത് ഡെന്നീസ് ജോസഫ് ആയിരുന്നു. മനു അങ്കിളിന് പുറമെ അപ്പു, അഥർവം തുടങ്ങിയ സിനിമകളും സംവിധാനം ചെയ്‌ത അദ്ദേഹം 2021 ലാണ് ലോകത്തോട് വിടപറയുന്നത്.
Content Highlight: T.s.Suresh babu About Manu Uncle Movie