| Thursday, 5th April 2018, 9:48 am

'ഷക്കീല രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാലും ഇതേപോലെ ആളുകൂടും'; കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശത്തെ പരിഹസിച്ച് ടി രാജേന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെയും യാത്രയെയും രൂക്ഷമായി പരിഹസിച്ച് നടനും സംവിധായകനുമായ ടി.രാജേന്ദര്‍. കമല്‍ഹാസന്‍ അല്ല ഷക്കീലക്ക് വേണമെങ്കിലും നാളെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാമെന്നും ആള്‍കൂട്ടം അന്നും ഒാടി വരുമെന്നും രാജേന്ദര്‍ പറഞ്ഞു.

ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ കമല്‍ഹാസന്‍ നടത്തുന്ന യാത്രക്കെതിരെയാണ് രാജേന്ദറിന്റെ പരാമര്‍ശം. ഷക്കീലയ്ക്ക് വേണമെങ്കില്‍ നാളെ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാം. ജനക്കൂട്ടം ഓടിയെത്തും. എനിക്ക് ഉറപ്പാണ്. അതുകൊണ്ട് വോട്ട് കിട്ടുമോ? തിരഞ്ഞെടുപ്പില്‍ ജയിക്കുമോ? എനിക്ക് സംശയമാണ്. രാജേന്ദര്‍ പറഞ്ഞിരുന്നു.

കമലിന്റെ യാത്രയില്‍ വല്ല്യകാര്യമൊന്നുമില്ലെന്നും സിനിമാതാരമായത് കൊണ്ട് മാത്രമാണ് കമല്‍ പോകുന്നിടത്ത് ആളു കൂടുന്നതെന്നും രാജേന്ദര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ എവിടെയാണെങ്കിലും സിനിമാതാരത്തെ കാണാന്‍ ആളുകള്‍ എത്തും എന്നാല്‍ അത് വോട്ടാവുമെന്ന് ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


Also Read ‘കേരളത്തെപ്പറ്റി എനിക്ക് അഭിമാനം തോന്നുന്നു’; സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെന്നും കമല്‍ഹാസന്‍


മക്കള്‍ നീതി മന്‍ട്രം എന്ന പേരില്‍ നേരത്തെ കമല്‍ഹാസന്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമയിലെ അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ജനങ്ങളുമായി സംവദിക്കാന്‍ ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ നിന്നും കഴിഞ്ഞ ദിവസം തിരിച്ചിറപ്പള്ളിയിലേയ്ക്ക് കമല്‍ യാത്ര ചെയ്തിരുന്നു. കവേരി നദീജല വിഷയത്തിലും പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. കാവേരി വിഷയത്തില്‍ വ്യക്തത തേടി അവസാന നിമിഷം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് കര്‍ണാടക ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും കമല്‍ ആരോപിച്ചിരുന്നു.

“ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റ ഈ കള്ളക്കളി മനസിലാകുന്നുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ എനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. തമിഴ്‌നാടിന് ഇവിടെ നഷ്ടപ്പെടുന്നത് ലഭിക്കേണ്ട നീതിയാണ്. കൈയെത്തും ദൂരത്ത് എത്തിയിട്ടും അതിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചിലര്‍ നടത്തികൊണ്ടിരിക്കുന്നത്”- എന്നായിരുന്നു കമല്‍ പറഞ്ഞിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more