കോഴിക്കോട്: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരായ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി. പത്മനാഭന്‍. മലയാളിയെന്ന നിലയില്‍ പി.ടി. ഉഷയെ ഓര്‍ത്ത് സഹിക്കാന്‍ കഴിയാത്ത നാണം തോന്നുന്നു എന്ന് ടി. പത്മനാഭന്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് ഉഷ ഗുസ്തി താരങ്ങളെ തള്ളിപ്പറഞ്ഞതെന്നും നിവൃത്തികേട് കൊണ്ടാണ് സമരം ചെയ്യുന്നവരെ കാണാന്‍ പോയതെന്നും ടി.പത്മനാഭന്‍ പറഞ്ഞു.
‘മലയാളിയെന്ന നിലയില്‍ സഹിക്കാന്‍ കഴിയാത്ത നാണം നിമിത്തം ഞാന്‍ തലതാഴ്ത്തുന്നു. മലയാളിയായ പി.ടി. ഉഷ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇപ്പോള്‍ നിവൃത്തിയില്ല എന്ന ഒരു ഘട്ടം വന്നപ്പോഴാണ് സമരം ചെയ്യുന്നവരെ കാണാന്‍ പോയിട്ടുള്ളത്. ഉഷക്ക് കായിമമേഖലയില്‍ മാത്രമല്ല, പല മേഖലയിലും ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും വേണം, അതിനു വേണ്ടി ഇതും ഇതിലപ്പുറവും അവര്‍ പറയുകയും ചെയ്യുകയും ചെയ്യും’, ടി.പത്മനഭാന്‍ പറഞ്ഞു.
ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പി.ടി. ഉഷ കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു എന്ന വിവാദ പരാമര്‍ശത്തിന് ശേഷമായിരുന്നു ഉഷയുടെ സന്ദര്‍ശനം. അതുകൊണ്ട് തന്നെ ഉഷക്കെതിരെ സമരപ്പന്തലിലും പുറത്തും പ്രതിഷേധങ്ങളുമുണ്ടായിരുന്നു.
അതേസമയം ബ്രിജ്ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം ഇന്ന് 12ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം രാത്രി സമരപ്പന്തലിലേക്ക് ഇരച്ചു കയറിയ ദല്‍ഹി പൊലീസ് ഗുസ്തി താരങ്ങളെ മര്‍ദിക്കുകയും സമരപ്പന്തലില്‍ അതിക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പൊലീസ് നശിപ്പിച്ച കിടക്കകള്‍ക്ക് പകരമായി പുതിയ കിടക്കുകളുമായി എത്തിയ ആംആദ്മി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായി.
content highlights: T Pathmanabhan criticizing PT Usha