മന്ത്രി പുങ്കവന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എന്താണ് സംഭവിക്കുന്നതെന്നറിയാം, അവര്‍ പരസ്യമായി പറയുന്നില്ലെന്ന് മാത്രം: ടി.പത്മനാഭന്‍
Kerala News
മന്ത്രി പുങ്കവന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എന്താണ് സംഭവിക്കുന്നതെന്നറിയാം, അവര്‍ പരസ്യമായി പറയുന്നില്ലെന്ന് മാത്രം: ടി.പത്മനാഭന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 7:59 pm

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപ്പിടിത്തത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ച് കവിയും സാഹിത്യകാരനുമായ ടി. പത്മനാഭന്‍. മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ബ്രഹ്‌മപുരത്ത് എന്താണ് നടക്കുന്നതെന്ന് അറിയാമെന്നും അവര്‍ പരസ്യമായി പറയുന്നില്ലെന്നും പത്മനാഭന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ആ ഒരു സ്ഥലം ഭൂമുഖത്ത് നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെട്ട് പോയിരിക്കുന്നു. ഞാന്‍ 25 കൊല്ലം അവിടെ ജീവിച്ചിരുന്നയാളാണ്.

രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രി പുങ്കവന്മാര്‍ക്കുമൊക്കെ എന്താണ് സംഭവിക്കുന്നതെന്നറിയാം.

അവര്‍ പരസ്യമായി പറയുന്നില്ല. പരസ്യമായി ചിരിക്കുന്നില്ല. പക്ഷേ ആ ചര്‍ച്ചകള്‍ കണ്ടിട്ട് രഹസ്യമായി ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. അത് കരാറുകാരാണ്,’ അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ തരുന്ന ഉപദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു.

‘ മന്ത്രിമാര്‍ നമുക്ക് തരുന്ന ഉപദേശമാണ്. മാസ്‌ക് ധരിക്കണം, പുറത്ത് പോകരുത്, വാതിലും ജനലും അടച്ച് വീട്ടിലിരിക്കണം, അങ്ങനെയാണോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം ഒരു താക്കീതാണെന്നും അന്വേഷണം, നിരീക്ഷണം, ശിക്ഷ, പരിഹാരം ഇവയെല്ലാം ഉണ്ടാകണമെന്നും കവി സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രഹ്‌മപുരം തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയിലും വായു മലിനീകരണത്തിലും നിരവധി പേരാണ് വിമര്‍ശനവുമായെത്തുന്നത്. നേരത്തേ കൊച്ചി വിട്ട് പോകുകയാണെന്ന് ജോയ് മാത്യ പറഞ്ഞിരുന്നു.

content highlight: T.pathmanabhan about brahmapuram issue