| Tuesday, 2nd April 2019, 5:33 pm

ഗുല്‍മുഹമ്മദ്,പ്രിയപ്പെട്ടവനേ നീ എവിടെയാണ്?

ടി. പത്മനാഭന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എവിടെ നിന്നോ വന്നിറങ്ങിയ ഒരു കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത ഞാനൊരു ദിവസം വായിക്കുന്നു.വഴി തെറ്റി കണ്ണൂരില്‍ ഇറങ്ങിയ ആ കുട്ടി ഏറെ അവശനായിരുന്നു.അവന്റെ ശരീരത്തില്‍ മര്‍ദ്ദനങ്ങളുടെ മുറിപ്പാടുകളുണ്ടായിരുന്നു.ദൂരെ നിന്ന് അവന്‍ വേദനകളോടെ ,ഒരു ലക്ഷ്യവുമില്ലാതെ ഏതോ വണ്ടിയില്‍….

പക്ഷെ, കണ്ണൂരെത്തിയപ്പോള്‍ തീര്‍ത്തും നിരാലംബനായ അവനെ പോലീസുകാര്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും കണ്ണൂരിലെ പ്രശസ്തമായ സിറ്റിയിലെ ദീനുല്‍ ഇസ്ലാം സഭാ യത്തീംഖാനയില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇ.അഹമ്മദ് ആയിരുന്നു ആ യത്തീംഖാനയുടെ ചെയര്‍മാന്‍. അവനെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നുവെങ്കിലും എന്തു കൊണ്ടോ ആ കുട്ടിയെ നേരില്‍ കാണണമെന്ന ആഗ്രഹം എനിക്കുണ്ടായി.കുട്ടികള്‍ വേദനിക്കുമ്പോള്‍…അത് ആരുടെ ഹൃദയത്തിലാണ് സങ്കടം തീര്‍ക്കാതിരിക്കുക?

ആ കുട്ടിയെ നേരില്‍ കാണണമെന്നു തന്നെ എനിക്ക് തോന്നി.

ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ പിടിച്ച് ഞാന്‍ ദീനുല്‍ ഇസ്ലാം യത്തീംഖാനയില്‍ ചെന്നു. ഞാന്‍ ആരാണെന്ന് എന്നൊന്നും വെളിപ്പെടുത്താതെ ,യത്തീംഖാന മാനേജറുടെ മുറിയില്‍ ഇരുന്നു.

“ഞാന്‍ വന്നത് വഴി തെറ്റി വന്ന ആ കുട്ടിയെ കാണാനാണ്….”

ചില യത്തീംഖാനകളില്‍ നടക്കുന്ന കെടുകാര്യസ്ഥതകളെക്കുറിച്ചും കുട്ടികള്‍ അവിടെ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ചും വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചുമൊക്കെ ഞാന്‍ പലപ്പോഴായി വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നു.മുസ്ലിമുകള്‍ ഏറ്റവുമധികം ദാനം ചെയ്യുന്നത് യത്തീമുകള്‍ക്കാണ്.ഏറ്റവും പുണ്യമുള്ള കാര്യമായി അവരതു കാണുന്നു.എന്നാല്‍ ,പല യത്തീംഖാനകളും മുസ്ലിമുകളുടെ ഉദാരമായ ദാനശീലം ദുര്‍വ്യയം ചെയ്ത സംഭവങ്ങള്‍ പല മാധ്യമങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ,ദീനുല്‍ ഇസ്ലാംസഭ യതീംഖാന അങ്ങനെയൊന്നും ആയിരുന്നില്ല. നല്ല വൃത്തിയുള്ള മുറികള്‍,കുട്ടികളോട് സ്‌നേഹപൂര്‍വ്വം പെരുമാറുന്ന പരിചാരകര്‍,നല്ല ഭക്ഷണം….

യതീംഖാന മാനേജര്‍ കുട്ടിയുമായി വന്നു.അവന്റെ മുറിവുകള്‍ ഉണങ്ങിയിരുന്നു. നിലാവ് പോലെയുള്ള ഒരു ചിരിയുമായി….

അവന്‍,ഗുല്‍മുഹമ്മദ്.
അവനെ ഞാന്‍ ചേര്‍ത്തു പിടിച്ചു.പ്രിയപ്പെട്ട കുട്ടീ….

അവനോടു പതുക്കെ എല്ലാ കാര്യങ്ങളും ഞാന്‍ ചോദിച്ചു,ഹിന്ദിയില്‍ അവന്‍ അനുഭവിച്ച വേദനയുടെ,മുറിവുകളുടെ കഥ പറഞ്ഞു.സ്‌നേഹനിധിയായ അവന്റെ അമ്മ മരിച്ചതിനു ശേഷം പിതാവ് രണ്ടാമതൊരു വിവാഹം ചെയ്തു.പിതാവിന് അവനോടു ഏറെ സ്‌നേഹമായിരുന്നു,വാത്സല്യത്തോടെ അവനെ എപ്പോഴും ചേര്‍ത്തു പിടിക്കുമായിരുന്നു.പക്ഷെ,രണ്ടാനമ്മ…അവര്‍ ക്രുദ്ധയായി എപ്പോഴും അവനോട്…
ദയാരഹിതമായ മര്‍ദ്ദനങ്ങളുടെ ദിവസങ്ങള്‍,,,
അവന് പിടിച്ചു നില്‍ക്കാനായില്ല,അവന്‍ ഏറെ സഹിച്ചു…ജീവിതം ഒരു വലിയ ചോദ്യ ചിഹ്നമായപ്പോള്‍ അവന്‍….

അങ്ങനെയാണ് ഏതോ വണ്ടിയില്‍….

ഏറെ നേരം ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു നിന്നു.
ആ യതീംഖാനയുടെ അന്തരീക്ഷം കണ്ടപ്പോള്‍ കരുണാവാനായ പ്രവാചകനെ എനിക്കോര്‍മ്മ വന്നു.

ഇപ്പോള്‍,കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ആ കുട്ടിയുടെ വാര്‍ത്ത വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.

നവോത്ഥാനം,വനിതാമതില്‍,സ്മാര്‍ട്ട് ക്ലാസ്സുകള്‍ ,ലിംഗനീതി….എല്ലാം ചര്‍ച്ച ചെയ്യുന്ന ഈ കേരളത്തിലാണ് ഒരു കിരാത മനുഷ്യന്റെ മര്‍ദ്ദനമേറ്റ് ഒരു കുട്ടി! ജീവനുള്ള ഒരു ശരീരത്തെ എങ്ങനെയാണ് ഈ വിധം….

അന്ന് ഗുല്‍മുഹമ്മദ് എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതി.പിന്നീട് അതൊരു പുസ്തക ശീര്‍ഷകവുമായി.

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു ,ഗുല്‍മുഹമ്മദ് ,പ്രിയപ്പെട്ടവനെ നീ എവിടെയാണ്? വേദന കൊണ്ട് പിടയുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഗുല്‍മുഹമ്മദ് മുന്നില്‍ വന്നു നില്‍ക്കുന്നു

ടി. പത്മനാഭന്‍

We use cookies to give you the best possible experience. Learn more