| Tuesday, 18th June 2019, 7:51 am

താന്‍ മരിച്ചാല്‍ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കുന്നതും കര്‍മങ്ങള്‍ ചെയ്യുന്നതും ഒരു മുസ്‌ലിമായിരിക്കും: ടി പത്മനാഭന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തനിക്ക് മക്കളില്ല, അതുകൊണ്ട് മരിച്ചാല്‍ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നതെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയിലൊഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും കീഴ്ജാതിക്കാരാണെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു.’ ടി പത്മനാഭന്‍ പറഞ്ഞു.

താനൊക്കെ സ്വാതന്ത്ര്യസമരം കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്. കരയില്‍ ഇരുന്ന് കണ്ടതല്ല. ഇന്നുനമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. അടുത്തിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഓര്‍ക്കണം. രാജ്യം ഭരിക്കുന്നവര്‍ തന്നെ ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി വിദ്വേഷം അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ പേരിനൊപ്പം ജാതി വാല്‍ ചേര്‍ക്കുകയാണ് ടി. പത്മനാഭന്‍ പറഞ്ഞു.

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും മന്ത്രി ജി സുധാകരനും ചേര്‍ന്നാണ് 50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ടി പത്മനാഭന് നല്‍കിയത്.

We use cookies to give you the best possible experience. Learn more