| Sunday, 14th February 2016, 9:08 am

തുഞ്ചല്‍ ഉത്സവത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയത് താഴ്ന്ന ജാതിയില്‍പെട്ടവനായതിനാല്‍: ടി. പത്മനാഭന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിന്തല്‍മണ്ണ: തുഞ്ചല്‍ ഉത്സവത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുന്നത് താഴ്ന്ന ജാതിയില്‍പ്പെട്ടവനായതിനാലാണെന്ന ആരോപണവുമായി സാഹിത്യകാരന്‍ ടി. പത്മനാഭന്‍. പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ പൂന്താനം സ്മാരക സമിതി സംഘടിപ്പിച്ച പൂന്താനം സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാന്‍ താഴ്ന്ന ജാതിയില്‍പെട്ടവന്‍ തന്നെയാണ്. എങ്കിലും ഈ വിഷയത്തില്‍ എനിക്കൊരു മോക്ഷം വേണ്ടേ?. തന്നെ സ്ഥിരമായി മാറ്റിനിര്‍ത്തണോ. എത്രയോ കൊല്ലമായി അവഗണന നേരിടുന്നു.” അദ്ദേഹം വികാരാധീനനായി പറഞ്ഞു.

തുഞ്ചത്തെഴുത്തച്ഛന്റെ ആരാധകനായ തനിക്ക് ഇന്നുവരെ ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ചടങ്ങിന് ക്ഷണിക്കാത്തതില്‍ അതീവ ദു:ഖിതനാണ്.  കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാന്റ് ഉപയോഗിച്ചാണ് അവിടെ പരിപാടി സംഘടിപ്പിക്കുന്നത്. പക്ഷേ, ടി. പത്മനാഭന്‍ ആ വഴിക്ക് വരരുതെന്നാണ് നിലപാട്. എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്ന് അറിയില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കാറുണ്ട്. സര്‍ക്കാറിന്റെ ഏറ്റവും വലിയ ഈ പുരസ്‌കാരം പണ്ടേ കിട്ടുകയെന്ന ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഇത്രയുമൊക്കെയായിട്ടും ക്ഷണിച്ചു കൊണ്ടുള്ള ഒരു കാര്‍ഡ് പോലും തനിക്ക് ലഭിച്ചിട്ടില്ല. ഈ ദുഃഖം ഇല്ലാതാകുന്നത് പൂന്താനം സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമിയും തുഞ്ചന്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 13നാണ് ആരംഭിച്ചത്. ഗോലാല്‍കൃഷ്ണ ഗാന്ധിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

We use cookies to give you the best possible experience. Learn more