പെരിന്തല്‍മണ്ണ: തുഞ്ചല്‍ ഉത്സവത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുന്നത് താഴ്ന്ന ജാതിയില്‍പ്പെട്ടവനായതിനാലാണെന്ന ആരോപണവുമായി സാഹിത്യകാരന്‍ ടി. പത്മനാഭന്‍. പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ പൂന്താനം സ്മാരക സമിതി സംഘടിപ്പിച്ച പൂന്താനം സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാന്‍ താഴ്ന്ന ജാതിയില്‍പെട്ടവന്‍ തന്നെയാണ്. എങ്കിലും ഈ വിഷയത്തില്‍ എനിക്കൊരു മോക്ഷം വേണ്ടേ?. തന്നെ സ്ഥിരമായി മാറ്റിനിര്‍ത്തണോ. എത്രയോ കൊല്ലമായി അവഗണന നേരിടുന്നു.” അദ്ദേഹം വികാരാധീനനായി പറഞ്ഞു.
തുഞ്ചത്തെഴുത്തച്ഛന്റെ ആരാധകനായ തനിക്ക് ഇന്നുവരെ ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ചടങ്ങിന് ക്ഷണിക്കാത്തതില്‍ അതീവ ദു:ഖിതനാണ്. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാന്റ് ഉപയോഗിച്ചാണ് അവിടെ പരിപാടി സംഘടിപ്പിക്കുന്നത്. പക്ഷേ, ടി. പത്മനാഭന്‍ ആ വഴിക്ക് വരരുതെന്നാണ് നിലപാട്. എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്ന് അറിയില്ലെന്നും പത്മനാഭന്‍ പറഞ്ഞു.
എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കാറുണ്ട്. സര്‍ക്കാറിന്റെ ഏറ്റവും വലിയ ഈ പുരസ്‌കാരം പണ്ടേ കിട്ടുകയെന്ന ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഇത്രയുമൊക്കെയായിട്ടും ക്ഷണിച്ചു കൊണ്ടുള്ള ഒരു കാര്‍ഡ് പോലും തനിക്ക് ലഭിച്ചിട്ടില്ല. ഈ ദുഃഖം ഇല്ലാതാകുന്നത് പൂന്താനം സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയും തുഞ്ചന്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 13നാണ് ആരംഭിച്ചത്. ഗോലാല്‍കൃഷ്ണ ഗാന്ധിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.