| Tuesday, 31st July 2018, 10:21 am

ഇത് ദു:ഖം നിറഞ്ഞ അവസ്ഥയാണ്; ലോകം ഭ്രാന്തിനും ആത്മഹത്യയ്ക്കുമിടയില്‍: മീശ വിവാദത്തില്‍ ടി. പദ്മനാഭന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹിത്യകാരന്‍ എസ്. ഹരീഷിന് നേരിടേണ്ടി വന്നത് ദു:ഖകരമായ അനുഭവമാണെന്ന് ടി. പദ്മനാഭന്‍.

ഒന്നോ രണ്ടോ ലക്കം പ്രസിദ്ധീകരിച്ച ശേഷം നോവല്‍ പിന്‍വലിക്കാം എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിയെന്നും ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ദു:ഖകരമായ അനുഭവമാണ് ഇതെന്നും ടി. പദ്മനാഭന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

എഴുത്തുകാരന്റെ പ്രാണന്‍ വാക്കുകളാണ്. അദ്ദേഹത്തിന്റെ നോവലിലെ ചില പരാമര്‍ശങ്ങള്‍ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതും ആണ് എന്നുപറഞ്ഞുകൊണ്ട് ചില സ്വയംപ്രഖ്യാപിത മതസംരക്ഷകര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ കരണത്തടിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും മരിച്ചുപോയ അച്ഛനെപ്പോലും അവഹേളിച്ച് അത്യന്തം നീചമായ വാക്കുകളും ഭീഷണികളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ദു:ഖകരമായ അവസ്ഥയാണ്.

നോവല്‍ പൂര്‍ത്തിയാവാതെ ഏത് തരം വിലയിരുത്തലിനാണ് സാധിക്കുക? എഴുത്തുകാരന്‍ എന്താണ് പറയാന്‍ ആഗ്രഹിച്ചത് എന്നത് അജ്ഞാതമായി നിലനില്‍ക്കുകയാണ്. വിവാദമായ ആ പരാമര്‍ശങ്ങള്‍ക്ക് എന്തെങ്കിലും വ്യാഖ്യാനമോ വിശദീകരണമോ പിന്നീടുള്ള അധ്യായങ്ങളില്‍ വരുന്നുണ്ടോ ആര്‍ക്കറിയാം. അതിനുള്ള സഹിഷ്ണുത പലരും കാണിച്ചില്ല- ടി. പദ്മനാഭന്‍ പറയുന്നു.


ബി.ജെ.പിയ്‌ക്കെതിരെ അണിയറയില്‍ ഒരുങ്ങുന്നത് മഹാസഖ്യം; തുടക്കം യു.പിയില്‍


“ഞാന്‍ ഒരു ഹിന്ദുവാണ്. പക്ഷേ സ്വന്തം ഇഷ്ടപ്രകാരമല്ല ഹിന്ദുവായത്. എന്റെ അച്ഛനമ്മമാര്‍ ഹിന്ദുക്കളായതിനാല്‍ ഞാനും ഹിന്ദുവായി. അത്രമാത്രം. പക്ഷേ ഹിന്ദുവായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നവനാണ്. അത്രമാത്രം സഹിഷ്ണുതയുള്ള മതം ലോകത്ത് വേറെ എവിടെയുമുണ്ടെന്ന് എനിക്കുതോന്നുന്നില്ല.

എന്നാല്‍ ഈ കാലം ഏറെ സങ്കീര്‍ണമാണ്. എല്ലാതരം മത അസഹിഷ്ണുതകളും വെളിച്ചം കെടുത്തുന്ന ഈ ലോകത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇനിയുള്ള കാലം ഇത്രപോലും സാധ്യമാകുമോ എന്ന് ഞാന്‍ ഭയക്കുന്നു. എഴുത്തുകാര്‍ സ്വയം ഒരതിര്‍ത്തി രേഖയുടെ ഉള്ളില്‍ അകപ്പെട്ട അവസ്ഥയാണ്. ഇത് ദു;ഖം നിറഞ്ഞ അവസ്ഥയാണ്. എഴുത്തുകാര്‍ക്ക് സ്വസ്ഥത നഷ്ടപ്പെടുമ്പോള്‍ ലോകം ഭ്രാന്തിനും ആത്മഹത്യയ്ക്കുമിടയിലാണ് എത്തുന്നതെന്നും ടി. പദ്മനാഭന്‍ ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more