| Friday, 20th December 2024, 10:25 am

വീഡിയോകള്‍ക്കിടയിലെ പരസ്യം പോലെ അരോജകമാണ് ഇന്നത്തെ പാട്ടുകള്‍, പണ്ട് സദ്യക്കൊപ്പമുള്ള പായസം പോലെ: ടി.പി. ശാസ്തമംഗലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ കാലത്തെ മലയാള സിനിമ ഗാനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ചലച്ചിത്രഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം ഒരു പ്രസംഗത്തില്‍ വാഴ, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകളിലെ ഏറ്റവും പോപ്പുലറായ പാട്ടുകളുടെ വരികളെ വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് കാലത്തെ സിനിമ പാട്ടുകള്‍ സദ്യക്കൊപ്പം വിളമ്പുന്ന പായസം പോലെ രുചികരമായിരുന്നെന്നും എന്നാല്‍ ഇന്നത്തെ പാട്ടുകള്‍ നല്ല വീഡിയോകള്‍ക്കിടയില്‍ വരുന്ന പരസ്യം പോലെ അരോജകമാണെന്നും ടി.പി. ശാസ്തമംഗലം പറയുന്നു.

യേശുദാസും, സുശീലയും ഉള്‍പ്പടെയുള്ള ഗായകര്‍ പാടുമ്പോള്‍ ഓരോ വാക്കുകളും കൃത്യമായി കേള്‍ക്കാമായിരുന്നെന്നും ഇക്കാര്യത്തില്‍ ബംഗാളി മാതൃഭാഷയായിട്ടുള്ള ശ്രേയഘോഷാലിനെ മലയാളത്തിലെ പുതിയ പാട്ടുകാര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ വയലാറിന്റെയും ഭാസ്‌കരന്‍ മാഷിന്റെയുമെല്ലാം അതുല്യമായ പാട്ടുകളാണ് നമ്മുടെ മനസ്സിന്റെ അടിത്തറയില്‍ കിടക്കുന്നത്. പിന്നീട് വന്ന പാട്ടുകളൊന്നും ആ നിലവാരത്തിലേക്ക് എത്താതെ വന്നപ്പോഴാണ് വിമര്‍ശനത്തിന്റെ ശരം തൊടുക്കേണ്ടി വന്നത്. വാഴയിലെയും ഗുരുവായൂരമ്പലനടയിലെയും പാട്ടുകള്‍ക്കും സംഭവിച്ചത് അതുതന്നെയാണ്.

ഇന്നത്തെ പാട്ടുകള്‍ ആരും ശ്രദ്ധിക്കുന്നില്ല. നല്ലൊരു വീഡിയോ കാണുമ്പോള്‍ അതിനിടയില്‍ വരുന്ന പരസ്യം പോലെ അരോജകമാണ് ഇന്നത്തെ പാട്ടുകള്‍. നേരത്തെ പാട്ടുകള്‍ സദ്യക്കിടയിലെ പായസം പോലെയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതല്ല.

ഇന്ന് പാട്ടുകള്‍ ഒരു ബഹളമാണ്. സംഗീത സംവിധായകന്‍ അദ്ദേഹത്തിന് പ്രൗഢികാണിക്കുകയാണ്. ആലാപനവും അതുപോലെ തന്നെയാണ്. യേശുദാസ് പാടുമ്പോള്‍ വാക്കുകള്‍ പെറുക്കിവെച്ചത് പോലെ കൃത്യമായി മനസിലാകുമായിരുന്നു. മലയാളി അല്ലാത്തെ സുശീല പാടുമ്പോഴും അങ്ങനെയായിരുന്നു. ഇപ്പോള്‍ ബംഗാളി മാതൃഭാഷയായിട്ടുള്ള ശ്രേയഘോഷാല്‍ മലയാളം പാടുമ്പോള്‍ വളരെ ശുദ്ധമായിട്ടാണ് പാടുന്നത്. ഇവിടുത്തെ മലയാളി ഗായകര്‍ അത് കേട്ട് പഠിക്കേണ്ടതാണ്,’ ടി.പി. ശാസ്തമംഗലം പറഞ്ഞു.

content highlights: T.P. Shastamangalam has repeatedly criticized new era Malayalam film songs. 

We use cookies to give you the best possible experience. Learn more