'ഇത് ഒരു അനാവശ്യസമരമാണ്; നിങ്ങളുടെ തീരുമാനം പുനപരിശോധിക്കണം':നഴ്‌സുമാരുടെ സമരത്തിനെതിരെ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍
Kerala News
'ഇത് ഒരു അനാവശ്യസമരമാണ്; നിങ്ങളുടെ തീരുമാനം പുനപരിശോധിക്കണം':നഴ്‌സുമാരുടെ സമരത്തിനെതിരെ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th March 2018, 11:25 am

തിരുവനന്തപുരം: മിനിമം വേതനത്തിനായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനെതിരെ തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍. നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമാണെന്നാണ് മന്ത്രി പറഞ്ഞത്.

മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ശരിയായില്ലെന്നാണ് മന്ത്രി പറഞ്ഞത്.

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. നേരത്തേ യു.എ.എന്‍.എയുമായി ലേബര്‍ കമ്മീഷനാണ് ചര്‍ച്ച നടത്തിയത്.

ചൊവ്വാഴ്ച വീണ്ടും നഴ്‌സുമാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കൃത്യമായ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞമാസം അഞ്ചാം തീയതി മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാലസമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി സമരം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാല അവധിയെടുത്ത് സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.