| Saturday, 5th May 2012, 9:00 am

ഒഞ്ചിയം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒഞ്ചിയം: സി.പി.ഐ.എം വിമതനും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (51) വെട്ടിക്കാന്നു. വെള്ളിയാഴ്ച രാത്രി 10.15ഓടെ വടകര, ഓര്‍ക്കാട്ടേരി വെള്ളിക്കാടിന് സമീപമാണ് സംഭവം.[]

വിവാഹചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ വെളുത്ത ഇന്നോവ കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം. ആശുപത്രിയില്‍വെച്ച് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മൃതദേഹം ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളിലും തുടര്‍ന്ന് വടകര ടൗണ്‍ ഹാള്‍, ഓര്‍ക്കാട്ടേരി തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറുമണിക്ക് ഒഞ്ചിയത്തുള്ള വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

സി.പി.ഐ.എം ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അത്യന്തം പൈശാചികമായ ഈ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു ബന്ധമില്ലെന്നും കൊലപാതകത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലയാളികള്‍ കണ്ണൂരിലെ പാറാല്‍, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണെന്നാണ് പോലീസ് നിഗമനം.

ജനതാദള്‍ ഭരിക്കുന്ന അഴിയൂര്‍ പഞ്ചായത്ത് ഭരണം ഏറ്റെടുക്കാനും ഏറാമല വിട്ടുകൊടുക്കാനുമുള്ള തീരുമാനമാണ് 2008ല്‍ ഒഞ്ചിയത്തെ സി.പി.ഐ.എം കോട്ടയില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയത്. അച്യുതാനന്ദന്‍ വിവാദ വ്യവസായി എന്നു പരാമര്‍ശിച്ച വ്യക്തിയുടെ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സി.പി.എമ്മിന്റെ മൃഗീയ ഭൂരിപക്ഷത്തിലിരിക്കുന്ന ഏറാമല വിട്ടുകൊടുത്ത് ജനതാദള്‍ ഭരിക്കുന്ന അഴിയൂര്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഒടുവിലാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണവും സി.പി.ഐ.എമ്മിനെ അവരുടെ കോട്ടയില്‍ കീഴടക്കി റവല്യൂഷനറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പ്രദേശത്തെ പഞ്ചായത്തുകളില്‍ അധികാരത്തിലേറിയതും.

ഒഞ്ചിയത്തെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും സ്വാതന്ത്ര്യ സമരസേനാനിയും കര്‍ഷക സമര നേതാവുമായ പടിഞ്ഞാറ്റുമുറി കണ്ണന്‍ ഉള്‍പ്പടെയുള്ളവരും ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കിയിരുന്ന റെവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയോടൊപ്പമായിരുന്നു. ഇത് സംസ്ഥാനത്തു തന്നെ സി.പി.ഐ.എമ്മിന് വന്‍തോതിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും ചന്ദ്രശേഖരന്റെ നേതൃത്ത്വത്തിലുള്ള റെവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വന്‍ മുന്നേറ്റമാണ് വടകര മേഖലയില്‍ നടത്തിയത്. 2008ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലത്തില്‍ നിന്നും ചന്ദ്രശേഖരന്‍ മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് വടകര മണ്ഡലം നഷ്ടമാവുകയും ചെയ്തിരുന്നു.

ചരിത്രത്തിലാദ്യമായി ഒഞ്ചിയം പഞ്ചായത്ത് ഭരണം സി.പി.ഐ.എമ്മില്‍ നിന്നും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിടിച്ചപ്പോള്‍ സി.പി.ഐ.എം നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. സി.പി.ഐ.എമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസിന് മുമ്പ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയ സമ്മേളനത്തിലുണ്ടായ വന്‍ ബഹുജനമുന്നേറ്റവും സി.പി.ഐ.എമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

എസ്.എഫ്.ഐ.യിലൂടെയാണ് ചന്ദ്രശേഖരന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. എസ്.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി സംസ്ഥാന ജോയിന്റ് സെക്രട്ടറി കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുമ്പോള്‍ അദ്ദേഹം സി.പി.ഐ.എമ്മിന്റെ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. സി.പി.ഐ.എമ്മില്‍ നിന്നും പുറത്തു പോയതിന് ശേഷം ഒഞ്ചിയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.

ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. കെ.കെ രമയാണ് ഭാര്യ. അഭിനന്ദ് ഏകമകനാണ്. ചന്ദ്രശേഖരന്‍ പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ് കുമാര്‍.

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ഏകോപന സമിതി, സോഷ്യലിസ്റ്റ് സെന്റര്‍, ജനകീയ വികസന സമിതി, സി.പി.എം തളിക്കുളം, സി.പി.ഐ(എം.എല്‍), റെഡ് ഫ്‌ലാഗ് , അധിനിവേശ പ്രതിരോധ സമിതി തുടങ്ങിയ ഇടുപക്ഷ സംഘടനകളും യു.ഡി.എഫും സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

ചന്ദ്രശേഖരന്റെ മരണത്തെ തുടര്‍ന്ന് ഒഞ്ചിയം പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ദേശീയ പാത ഉപരോധിച്ചു. തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ്, കണ്ണൂര്‍ ഡി.ഐ.ജി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാനത്ത് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി യാത്ര വെട്ടിച്ചുരുക്കി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ഇന്നു രാവിലെ കോഴിക്കോട്ടെത്തും.

ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് കെ.എസ് ഹരിഹരന്റെ പ്രതികരണം

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പി.ബി അംഗം കോടിയേരി ബാലകൃഷ്ണനും നേരിട്ടാസൂത്രണം ചെയ്ത കൊലപാതകമാണ് ടി.പി ചന്ദ്രശേഖരന്റേത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നിരവധി തവണ സി.പി.ഐ.എം ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക ജാഥയ്ക്കിടെയിലേയ്ക്ക് സ.പി.എം പ്രവര്‍ത്തകര്‍ ബൈക്ക്‌ ഇടിച്ചുകയറ്റിയത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. അതേ ദിവസം നടന്ന സി.പി.ഐ.എം പൊതു പരിപാടിയില്‍ വെച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒഞ്ചിയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏര്യ സമ്മേളനം നടന്നു കഴിഞ്ഞാല്‍ ചന്ദ്രശേഖരന്റെയും മറ്റുള്ളവരുടെയും തലകള്‍ ഇവിടെ ഉരുളുമെന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. ഈ പൈശാചികമായ കൊലപാതകം സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതൃത്വം നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. സഖാവ് ചന്ദ്രശേഖരന്റെ ചോര വെറുതെയാവില്ല. ഇത്തരം കൊലപാതകങ്ങള്‍ കൊണ്ട് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെയോ പുത്തന്‍ ഇടതു മുന്നേറ്റങ്ങളെയോ ചെറുക്കാമെന്ന് സി.പി.ഐ.എം വ്യാമോഹിക്കണ്ട.

MALAYALAM NEWS

KERALA NEWS IN ENGLISH

We use cookies to give you the best possible experience. Learn more