[share]
[]കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കോഴിക്കോട് ജില്ലാ ജയിലിലെത്തി തെളിവെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രിക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ നടപടി.
സി.പി.ഐ.എം നേതാവ് പി. മേഹനനും സംഘവും സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍ ഫയാസുമായി നടത്തിയ കൂടിക്കാഴ്ചയുടെ സി സി ടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്.
ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫയാസിന്റെ കൂടിക്കാഴ്ചക്ക് സാക്ഷികളായ മുന്‍ വെല്‍ഫെയര്‍ ഓഫീസര്‍ അടക്കമുള്ള ജയില്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യാന്തരബന്ധമുള്ള കള്ളക്കടത്തുകാരനുമായി മോഹനന്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന കാര്യം അന്വേഷിക്കുന്നതിന് വി.എസിന്റെ കത്ത് വഴിത്തിരിവായിരിക്കുകയാണ്. ഫയാസുമായി, മോഹനന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നതിന് തെളിവ് നിലനില്‍ക്കെ കേസ് സി.ബി.ഐക്കോ എന്‍.ഐ.ഐക്കോ കൈമാറാനും സാധ്യതയുണ്ട്.
ജയിലിലെത്തിയ അന്വേഷണ സംഘം ജയില്‍ സൂപ്രണ്ടില്‍ നിന്നും സന്ദര്‍ശനത്തെക്കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞു. എന്നാല്‍ ഫയാസിന്റെ സന്ദര്‍ശനം മുന്‍ സൂപ്രണ്ടിന്റെ കാലത്തായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ തനിക്ക് പറയാനാവില്ലെന്ന് സൂപ്രണ്ട് പി. അജയകുമാര്‍ പറഞ്ഞു.
എന്നാല്‍ ജയില്‍ രേഖകള്‍ ആവശ്യമെങ്കില്‍ അപേക്ഷ നല്‍കിയാല്‍ ലഭ്യമാക്കാമെന്നും സൂപ്രണ്ട് സംഘത്തോട് പറഞ്ഞു.
ഫയാസ് പ്രതികളെ സന്ദര്‍ശിച്ചതിന്റെ വീഡിയോ, ഇതു സംബന്ധിച്ച് ഡി.ജി.പി മുന്‍ ഡി.ജി.പി എന്നിവര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്, ഡി.ഐ.ജിക്ക് ജയില്‍ ജീവനക്കാര്‍ നല്‍കിയ മൊഴി എന്നിവ സംഘം ശേഖരിക്കും.
സി സി ടിവിയിലെ ദൃശ്യങ്ങള്‍ കെല്‍ട്രോണിന്റെ സഹായത്തോടെ ശേഖരിക്കാനും തുടര്‍ന്ന് കൊച്ചിയിലെത്തി ഫയാസിനെ ചോദ്യം ചെയ്യാനുമാണ് സംഘത്തിന്റെ തീരുമാനം.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനടക്കമുള്ള പ്രമുഖ നേതാക്കള്‍ വിയ്യൂര്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളും സംഘം പരിശോധിക്കും.
കൊലയാളികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്‍ബലമേകുന്ന തെളിവാകുമിത്.
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ. രമയെയും കേസ് അന്വേഷിച്ച് ഡി.വൈ.എസ്.പി കെ.വി. സന്തോഷിന്റെയും മൊഴിയും പുതിയ സംഘം അന്വേഷിക്കും.
ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഉന്നത നേതാക്കള്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന നല്‍കുന്ന മൂന്നു പേരുടെ മൊഴി ശേഖരിച്ച സംഘം കേസില്‍ കൂറുമാറിയ ഏതാനും സാക്ഷികളോട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.