‘ഷൂവോ മൊബൈല്‍ ഫോണോ വെച്ചല്ല, ബാറ്റ്‌സ്മാനെ വെച്ചാണ് പരിശീലിക്കുന്നത്. ക്രീസില്‍ ബാറ്റ്‌സ്മാനുണ്ടെങ്കില്‍ ഓവറിലെ ആറ് പന്തും യോര്‍ക്കറാക്കാം’, -തങ്കരശു നടരാജന്‍… സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് ജഴ്‌സി വഴി ക്രിക്കറ്റ് ലോകം ഈ ഐ.പി.എല്‍ മുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ പേര്.
ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ യോര്‍ക്കര്‍ നടരാജന്‍. തീ പാറുന്ന പന്തുകളുമായി ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയിലേക്ക് കടന്നുവന്ന തമിഴ്‌നാട് സേലം സ്വദേശി.
കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ബാറ്റ് കൊണ്ടും റബാദയും ബുംറയും പന്ത് കൊണ്ടും ഈ ഐ.പി.എല്‍ ആഘോഷമാക്കുമ്പോള്‍ നടരാജന്‍ എന്ന ക്രിക്കറ്റ് താരം ജീവിതത്തിന് നിറം പകരുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത് വരെയെത്തി നില്‍ക്കുകയാണ് അത്.
29 കാരനായ നടരാജന്‍ ആദ്യമായി ക്രിക്കറ്റ് പന്ത് കാണുന്നത് തന്റെ 20-ാം വയസിലാണ്. ഗ്രാമത്തിലെ ടെന്നീസ് പന്തില്‍ കളിച്ച് തുടങ്ങി ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ എബി ഡിവില്ലിയേഴ്‌സിന്റെ കുറ്റി തെറിപ്പിച്ച്, ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണും പോലുള്ള ലോകോത്തര താരങ്ങളെ അമ്പരപ്പിച്ച നടരാജന്റെ ജീവിതം പക്ഷെ അത്ര സുഖകരമായ ഒന്നായിരുന്നില്ല.
സേലത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ചിന്നപ്പംപെട്ടി എന്ന ഗ്രാമത്തില്‍ ഒരു ദരിദ്ര കുടുബത്തിലാണ് നടരാജന്‍ ജനിച്ചുവളര്‍ന്നത്. അച്ഛന്‍, അമ്മ, മൂന്ന് സഹോദരിമാര്‍, ഒരു സഹോദരന്‍ എന്നിവരടങ്ങിയതാണ് നടരാജന്റെ കുടുംബം.
അച്ഛന്‍ നെയ്ത്തുകാരനും അമ്മ ചിക്കന്‍ കട നടത്തുകയും ചെയ്യുന്ന നടരാജന് സ്‌കൂള്‍ വിദ്യാഭ്യാസം ശരിയായി ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചിരുന്നതെങ്കിലും നോട്ടുബുക്കും പെന്‍സിലും വാങ്ങാനുള്ള പണം തന്റെ കുടുംബത്തിനുണ്ടായിരുന്നില്ലെന്ന് നടരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
താന്‍ സഹോദരനെ പോലെ കാണുന്ന ജയപ്രകാശ് എന്ന ചേട്ടനാണ് തന്റെ ജീവിതം വഴിതിരിച്ചുവിട്ടതെന്ന് നടരാജന്‍ പറയുന്നു. തനിക്ക് അദ്ദേഹം ഗോഡ്ഫാദറാണെന്നും നടരാജന്‍ പറയുന്നു.
നടരാജനെ താന്‍ നോക്കിക്കോളാമെന്നും തന്റെ കൂടെ വിടണമെന്നും പറഞ്ഞ് ജയപ്രകാശാണ് വീട്ടുകാരോട് സമ്മതം വാങ്ങുന്നത്. നടരാജന്റെ ബൗളിംഗിലെ വേഗതയാണ് ജയപ്രകാശിനെ ആകൃഷ്ടനാക്കിയത്.
താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ജയപ്രകാശനോടുള്ള ആദരസൂചകമായി ജെ.പി എന്നാണ് തന്റെ ജേഴ്‌സിയില്‍ നടരാജന്‍ പേരിന്റെ ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്. കൈയില്‍ ജെ.പി എന്ന് ടാറ്റൂവും ചെയ്തിട്ടുണ്ട്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നടരാജന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങുന്നത്. ജയപ്രകാശിന്റെ സുഹൃത്ത് വഴി ചെന്നൈയില്‍ കളിച്ചുതുടങ്ങിയതോടെയാണ് നടരാജന്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധ കൂടുതല്‍ ചെലുത്തുന്നത്.
ആ സമയത്ത് തനിക്ക് കളിയുടെ ആവശ്യത്തിന് യാത്ര ചെയ്യാനുള്ള പണമോ നല്ല ഷൂവോ വസ്ത്രങ്ങളോ ഇല്ലായിരുന്നുവെന്നും നടരാജന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വീഡിയോയില്‍ പറയുന്നുണ്ട്. ലോക്കല്‍ ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് ലഭിക്കുന്ന പ്രൈസ് മണി സൂക്ഷിച്ചുവെച്ചാണ് നടരാജന്‍ ഇതിനുള്ള തുക കണ്ടെത്തിയിരുന്നത്.
രഞ്ജി ട്രോഫി കളിക്കുക എന്നതായിരുന്നു നടരാജന്റെ ലക്ഷ്യം. സാധാരണ എല്ലാ കളിക്കാരുടേയും പോലെ അണ്ടര്‍ 16,19,23 മത്സരങ്ങള്‍ കളിച്ചല്ലായിരുന്നു നടരാജന്റെ രഞ്ജി പ്രവേശനം.
നടരാജന് തന്റെ പ്രതിഭയെ അളക്കാന്‍ ആ കടമ്പയൊന്നും വേണ്ടി വന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. ബൗളിംഗ് ആക്ഷനില്‍ ബി.സി.സി.ഐയ്ക്ക് സംശയം തോന്നി നടരാജന്റെ കളി താല്‍ക്കാലികമായി ത്രിശങ്കുവിലായി.
പിന്നീട് ടി.എന്‍.പി.എല്ലില്‍ എത്തിയതോടെ നടരാജനെന്ന പേര് ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. 2017 ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നടരാജനെ സ്വന്തമാക്കി. 3 കോടി രൂപയ്ക്കായിരുന്നു പഞ്ചാബ് നടരാജനെ ടീമിലെടുത്തത്. എന്നാല്‍ ആ സീസണില്‍ ആറ് കളിയില്‍ രണ്ട് വിക്കറ്റ് മാത്രം നേടി നടരാജന്‍ നിരാശപ്പെടുത്തി.
താന്‍ പഞ്ചാബില്‍ തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ടെന്‍ഷനിലായിരുന്നെന്ന് നടരാജന്‍ പറയുന്നു. 3 കോടി രൂപ എന്ന് പറയുന്നത് തന്നെ സംബന്ധിച്ച് അത്രയും വലിയ തുകയായിരുന്നെന്നും അത് തനിക്ക് വലിയ സമ്മര്‍ദ്ദമായിരുന്നെന്നും നടരാജന്‍ പറയുന്നു.
അടുത്ത വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്‍പ് കൈമുട്ടിന് പരിക്കേറ്റ താരത്തിന് ടി.എന്‍.പി.എല്‍ അല്ലാതെ ഒരു ലീഗും കളിക്കാനായില്ല. അതിന് ശേഷമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നടരാജനെ സ്വന്തമാക്കുന്നത്. 40 ലക്ഷം രൂപയായിരുന്ന ലേലത്തുക.
അന്നാല്‍ ആദ്യ സീസണുകളില്‍ നടരാജന് അവസരം ലഭിച്ചില്ല. ഇതില്‍ സങ്കടപ്പെട്ടിരുന്ന നടരാജന് സഹതാരമായ ഭുവനേശ്വര്‍ കുമാര്‍ വിഷമിക്കരുതെന്നും ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് ഊര്‍ജം നല്‍കി.
2019 ല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിച്ച് ഈ സീസണിലെ ഹൈദരാബാദിന്റെ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു നടരാജന്‍. 16 കളികളില്‍ നിന്ന് 16 വിക്കറ്റുമായി മികച്ച 10 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചാണ് നടരാജന്‍ ഈ സീസണ്‍ അവസാനിപ്പിക്കുന്നത്.
ക്രിക്കറ്റെന്താണെന്ന് അറിയാത്ത തന്റെ മാതാപിതാക്കളെ ക്രിക്കറ്റിലൂടെ സംരക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടരാജന്‍. സഹോദരങ്ങളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയാണ് നടരാജന്റെ മുന്നിലുള്ള ഉത്തരവാദിത്വങ്ങള്‍.
തന്റെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന ജയപ്രകാശിനൊപ്പം ക്രിക്കറ്റ് അക്കാദമി തുടങ്ങണമെന്നാണ് നടരാജന്റെ ആഗ്രഹം. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് പകരം ഇന്ത്യന്‍ ടീമിലുമെത്തിയതോടെ യോര്‍ക്കര്‍ നടരാജന്‍ ആത്മവിശ്വാസത്തിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: T. Natarajan Yorker Prince Life Cricket