| Thursday, 16th December 2021, 3:50 pm

'നമ്മ പയ്യന്‍ നടരാജനിക്ക് പെരിയ വിസില്‍ അടീങ്കേ'; സ്വന്തം ഗ്രാമത്തിനായി സര്‍വസൗകര്യങ്ങളുമുള്ള ഗ്രൗണ്ട് നിര്‍മിച്ച് നടരാജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്നും സ്വപ്രയത്‌നത്താല്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് ടി. നടരാജന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലേയും ഐ.പി.എല്ലിലേയും മിന്നുന്ന പ്രകടനമായിരുന്നു താരത്തിനെ ടീമിലെത്തിച്ചത്.

ഇപ്പോഴിതാ സന്തോഷമുള്ള വാര്‍ത്തയുമായാണ് നടരാജന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഗ്രാമത്തില്‍ ഒരു പുതിയ ഗ്രൗണ്ട് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് നടരാജന്‍. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

‘എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് എന്റെ ഗ്രാമത്തില്‍ ഒരുക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറി, ഈ ഡിസംബറില്‍ ഞാന്‍ ഒരു ഗ്രൗണ്ട് നിര്‍മ്മിക്കുന്നു. ദൈവത്തിന് നന്ദി’ നടരാജന്‍ ട്വീറ്റ് ചെയ്തു.

സേലം ജില്ലയിലെ ചന്നപ്പാംപ്പെട്ട എന്ന ഗ്രാമിത്തിലാണ് നടരാജന്‍ ജനിച്ചത്. അവിടെ തന്നെയാണ് നടരാജന്‍ മൈതാനവും നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

നേരത്തെ മെന്റര്‍ ആയിരുന്ന ജയപ്രകാശിനൊപ്പം ചേര്‍ന്ന് നടരാജന്‍ തന്റെ ഗ്രാമത്തില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം ഇപ്പോള്‍ പുതിയ ഗ്രൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.

പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് നടരാജന്‍ ഇപ്പോള്‍ ടീമിന് പുറത്താണ്. കൊവിഡ് ബാധിച്ചതിനാല്‍ ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ താരത്തിന് കാര്യമായൊന്നും ചെയ്യാനും സാധിച്ചിരുന്നില്ല.

തന്റെ ഗ്രാമത്തില്‍ നിന്നും ഒരുപാട് കായികതാരങ്ങള്‍ ഉയര്‍ന്നു വരണം എന്നാണ് നടരാജന്റെ ആഗ്രഹം. അതിന് താന്‍ നിര്‍മിച്ച ഗ്രൗണ്ട് സഹായകമാവുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: T Natarajan sets up new ground in his village

We use cookies to give you the best possible experience. Learn more