| Thursday, 2nd May 2019, 4:49 pm

അംബേദ്കറെ മുന്‍നിര്‍ത്തി ഒരു മെയ്ദിന വിചാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടി ജയരാജന്‍

മെയ്ദിനവുമായി ബന്ധപ്പെടുത്തി ഇന്ത്യയില്‍ ഓര്‍മ്മിയ്ക്കപ്പെടേണ്ട പ്രഥമനാമം ഡോ.ബി.ആര്‍ അംബേദ്കറുടേതാണ്. എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം ഉയര്‍ത്തി 1886 മെയ് ഒന്നിന് അമേരിക്കയില്‍ ആരംഭിച്ച തൊഴിലാളി പ്രക്ഷോഭം മെയ് 4 ലെ ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റ് സ്‌ക്വയര്‍ കലാപത്തില്‍ കലാശിച്ചതിനെ മുന്‍നിര്‍ത്തി രണ്ടാം ഇന്റര്‍നാഷനലിന്റെ 1904ലെ ആറാം സമ്മേളനമാണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

എട്ടുമണിക്കൂര്‍ ജോലി എന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആവശ്യത്തെ നിയമപരമായി സ്ഥാപിച്ചത് ഈ സമരമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ആഹ്വാനമുണ്ടായത്. ‘എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ ഇഷ്ടമുള്ളതെന്തും’ എന്ന മുദ്രാവാക്യമാണ് 1886ലെ അമേരിക്കന്‍ തൊഴിലാളി പ്രക്ഷോഭം ഉയര്‍ത്തിയത്. ഈ മുദ്രാവാക്യത്തെ നിയമപരമായി സ്ഥാപിച്ചെടുത്തത് കഠിനമായ, എന്നാല്‍ ഇന്നും ആവേശമുണര്‍ത്തുന്ന പ്രക്ഷോഭത്തിലൂടെയായിരുന്നു.

ഇന്ത്യയില്‍ ഈ അടിസ്ഥാനാശയം നിയമപരമായി അംഗീകരിക്കപ്പെട്ടത് അംബേദ്കറിലൂടെയാണ്. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ 1942 മുതല്‍ 1946 വരെ തൊഴില്‍ മന്ത്രി ആയിരുന്ന വേളയിലാണ് അംബേദ്കര്‍ ‘എട്ടു മണിക്കൂര്‍ ജോലി’ എന്ന നിയമം ഇന്ത്യയില്‍ നടപ്പാക്കിയത്.

തൊഴില്‍ മന്ത്രി എന്ന നിലയില്‍ അംബേദ്കര്‍ നടപ്പാക്കിയ കാര്യങ്ങള്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിപ്ലവകരമായവ ആയിരുന്നു. ലിംഗപരമായ വിവേചനമില്ലാതെ തുല്യജോലിക്ക് തുല്യവേതനം, ട്രേഡ് യൂണിയന്‍ അംഗീകാരം നിര്‍ബന്ധമാക്കിയത്, എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സ്ഥാപനം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, മിനിമം വേതനം, പ്രോവിഡന്റ് ഫണ്ട്, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, സ്ത്രീകള്‍ക്ക് ഗര്‍ഭകാലാനുകൂല്യങ്ങള്‍, ക്ഷാമബത്ത, വേതനപരിഷ്‌ക്കരണം, സമരത്തിനുള്ള നിയമാംഗീകാരം, വേതനത്തോടുകൂടിയ ഒഴിവുദിനങ്ങള്‍, വൈദഗ്ദ്ധ്യ പരിശീലനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിവെച്ചത് തൊഴില്‍ മന്ത്രിയെന്ന നിലയില്‍ അംബേദ്ക്കറാണ്.

അംബേദ്ക്കറും പാര്‍ലമെന്ററി ജനാധിപത്യവും

അംബേദ്ക്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ആയതിനാല്‍ അദ്ദേഹം പാര്‍ലമെന്ററി ജനാധിപത്യത്തെ അന്യുനമായ ഒരു വ്യവസ്ഥയായി കണ്ടു എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. സത്യത്തില്‍ കമ്യുണിസ്റ്റുകാര്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് നേരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ അംബേദ്ക്കറും പങ്കുവെക്കുന്നുണ്ട് എന്ന് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്ന സംഘടന 1943 സപ്തംബര്‍ 8 മുതല്‍ 17 വരെ ദല്‍ഹിയില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ വര്‍ക്കേഴ്‌സ് സ്റ്റഡി ക്യാമ്പിന്റെ സമാപനചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം തെളിയിക്കുന്നു. (1)

പ്രസംഗത്തിന്റെ തുടക്കത്തില്‍ അംബേദ്ക്കര്‍ പറഞ്ഞതിങ്ങനെയാണ്: ‘ഏറെ കാലം നീണ്ടുനിന്ന രക്തരൂക്ഷിതമായ സമരത്തിലൂടെയാണ് ഏകാധിപതികളുടെ സ്വേച്ചാധിപത്യഭരണങ്ങളുടെ സ്ഥാനത്ത് പാര്‍ലിമെന്ററി ജനാധിപത്യമെന്ന് വിളിക്കപ്പെടുന്ന വ്യവസ്ഥ നിലവില്‍ വന്നത് എന്നതിനാല്‍ ഭരണവ്യവസ്ഥയുടെ അവസാനവാക്ക് ഇതാണെന്ന ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഓരോ മനുഷ്യജീവിയ്ക്കും സ്വാതന്ത്ര്യം, സ്വത്ത്, സന്തോഷം തേടുക എന്നിവയ്ക്കുള്ള അവകാശം ഉറപ്പുവരുത്തുന്ന ഒരു പുതിയ യുഗത്തിനു അത് നാന്ദി കുറിച്ചിരിക്കുകയാണെന്ന് വിശ്വസിക്കപ്പെട്ടു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരെ, അതുദ്ഘാടനം ചെയ്യപ്പെട്ടിട്ട്, അത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് തികയുന്നതിന് മുന്നേ ഒരു കലാപം ഉണ്ടായിരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.’

അംബേദ്ക്കര്‍ പറയുന്നു: ‘കരാറിനുള്ള സ്വാതന്ത്ര്യം എന്ന ആശയമാണ് പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ത്തത് എന്നതില്‍ എനിക്ക് സംശയമില്ല. പാര്‍ലമെന്ററി ജനാധിപത്യം സാമ്പത്തിക അസമത്വങ്ങളെ പരിഗണിക്കുന്നില്ല. മാത്രമല്ല, ഒരു കരാറിലെ കക്ഷികള്‍ അസമരാകുന്ന വേളയില്‍ ആ കക്ഷികളില്‍ കരാറിനുള്ള സ്വാതന്ത്യം എന്ത് ഫലമാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിക്കുവാനും അത് മെനക്കെടുന്നില്ല. കരാറിനുള്ള സ്വാതന്ത്ര്യം ശക്തര്‍ക്ക് ദുര്‍ബലരെ ചൂഷണം ചെയ്യുന്നതിനുള്ള അവസരം കൊടുക്കുന്നുവെന്നതിനെ അത് അവഗണിക്കുന്നു. ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും നിസ്വരുമായ വര്‍ഗ്ഗങ്ങളുടെ സാമ്പത്തിക ദുരിതങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വാതന്ത്രവാദി എന്ന നിലയില്‍ പാര്‍ലമെന്ററി ജനാധിപത്യം നില്‍ക്കുന്നതിന്റെ ഫലം.’

അദ്ദേഹം തുടരുന്നു: ‘സമത്വത്തിന്റെ മറ്റൊരു പേരാണ് ജനാധിപത്യം. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അഭിനിവേശത്തെ പാര്‍ലമെന്ററി ജനാധിപത്യം വളര്‍ത്തിയെടുത്തിട്ടുണ്ട്. അത് സമത്വവുമായി സമ്മതാര്‍ത്ഥത്തിലുള്ള പരിചിതത്വം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. സമത്വത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കുന്നതില്‍ അത് പരാജയപ്പെട്ടിരിക്കുന്നു. സമത്വവും സ്വാതന്ത്ര്യവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കാന്‍ പോലും ഒരിക്കലും ശ്രമമുണ്ടായിട്ടില്ല. അതിന്റെ ഫലം സ്വാതന്ത്ര്യം സമത്വത്തെ വിഴുങ്ങി എന്നതാണ്. അസമത്വങ്ങളുടെ സന്തതിപരമ്പരകളെയാണ് അത് ബാക്കി വെച്ചിരിക്കുന്നത്.

അസമത്വത്തിന്റെ പ്രശ്‌നത്തെ അംബേദ്ക്കര്‍ കൂടുതല്‍ വിശദീകരിക്കുന്നു: ‘എല്ലാ രാഷ്ട്രീയ സമൂഹങ്ങളും രണ്ട് വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെടുന്നു – ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും. ഇത് ഒരു തിന്മയാണ്. ഈ തിന്മ ഇവിടം കൊണ്ട് അവസാനിക്കുകയാണെങ്കില്‍ അത് വലിയ വിഷയമാകുമായിരുന്നില്ല. പക്ഷെ അതിന്റെ നിര്‍ഭാഗ്യകരമായ ഒരു വശമെന്തെന്നാല്‍, ഈ വിഭജനം സ്ഥിരമായി ആവര്‍ത്തിക്കപ്പെടുകയും ഭരിക്കുന്നവര്‍ എല്ലായ്പ്പോഴും ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവരാകുകയും ഭരിക്കപ്പെടുന്നവര്‍ ഒരിക്കലും ഭരണവര്‍ഗം ആകാതിരിക്കുകയും ചെയ്യുന്നിടത്തോളം അത് സമൂഹത്തെ അട്ടിയട്ടിയായി വിന്യസിക്കുകയും ചെയ്യുന്നു.

ജനങ്ങള്‍ സ്വയം അവരെ ഭരിക്കുന്നില്ല. അവര്‍ ഒരു സര്‍ക്കാരിനെ സ്ഥാപിച്ച ശേഷം അതിനെ തങ്ങളെ ഭരിക്കാന്‍ വിടുകയാണ് ചെയ്യുന്നത്. അത് അവരുടെ സര്‍ക്കാരല്ല എന്നതിനെ മറക്കുകയും ചെയ്യുന്നു. ഇതാണാവസ്ഥ എന്നിരിക്കെ, പാര്‍ലമെന്ററി ജനാധിപത്യം ഒരിക്കലും ജനങ്ങളുടെ അല്ലെങ്കില്‍ ജനങ്ങളാലുള്ള സര്‍ക്കാര്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ അതൊരിക്കലും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരും ആയിരുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യം, ഒരു ജനകീയ സര്‍ക്കാരിന്റെ ആടയാഭരണങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍, യഥാര്‍ത്ഥത്തില്‍ പരമ്പരാഗതമായി ഭരിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്റെ മേലുള്ള പരമ്പരാഗതമായി ഭരിക്കുന്ന വര്‍ഗ്ഗത്തിന്റെ സര്‍ക്കാരാണ്.’

ഈയൊരു ദുരവസ്ഥയ്ക്ക് കാരണം ഭരിക്കപ്പെടുന്ന വര്‍ഗ്ഗങ്ങള്‍ തന്നെയാണെന്ന് അംബേദ്ക്കര്‍ പറയുന്നു: ‘പാര്‍ലമെന്ററി ജനാധിപത്യം ദരിദ്രരും അദ്ധ്വാനിക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും ആയ വര്‍ഗ്ഗങ്ങള്‍ക്കു ഗുണകരമാവുന്നതില്‍ പരാജയപ്പെടുന്നെങ്കില്‍, പ്രാഥമികമായി ഈ വര്‍ഗ്ഗങ്ങള്‍ തന്നെയാണതിനു കാരണക്കാര്‍ എന്നത് സംശയരഹിതമാണ്.’

പരമ്പരാഗമായി ഭരണീയരായി തുടരുന്നവര്‍ തങ്ങള്‍ക്കു യോജിച്ച ഭരണസംവിധാനത്തെക്കുറിച്ച് ചിന്തിക്കണമെന്ന് അംബേദ്കര്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെ തുടരുന്നു: ‘ആദ്യപടിയില്‍, മനുഷ്യജീവിത നിര്‍മ്മിതിയില്‍ സാമ്പത്തിക ഘടകത്തിന്റെ ദൂരവ്യാപക ഫലത്തെക്കുറിച്ച് അവര്‍ ഭീകരമായ അലംഭാവം കാണിച്ചിട്ടുണ്ട്. പന്നികളെ പോലെ തടിച്ചിരിക്കുന്നതില്‍ നിന്ന് എത്രയോ വിദൂരമായി അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം പട്ടിണി കിടക്കുകയാണ്. അവര്‍ അന്നത്തെക്കുറിച്ച് ആദ്യം ചിന്തിക്കട്ടെ എന്നും മറ്റുള്ളതെല്ലാം പിന്നെയാകട്ടെ എന്നും ഏതൊരാളും ആഗ്രഹിച്ചുപോകും.

മാനവരാശിയുടെ ഭരണരൂപങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സാഹിത്യങ്ങളുമായി പരിചയപ്പെടുന്നതില്‍ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം പരാജയപ്പെട്ടിട്ടുണ്ട്. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍ നിന്നുള്ള ഓരോരുത്തരും റൂസ്സോയുടെ ‘സോഷ്യല്‍ കോണ്‍ട്രാക്ട് ‘, മാര്‍ക്‌സിന്റെ ‘കമ്യുണിസ്റ്റ് മാനിഫെസ്റ്റോ’, പോപ്പ് ലിയോ പതിമൂന്നാമന്റെ ‘എന്‍സൈക്‌ളിക്കല്‍ ഓണ്‍ ദി കണ്ടിഷന്‍സ് ഓഫ് ലേബര്‍’, ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ ‘ഓണ്‍ ലിബര്‍ട്ടി’ തുടങ്ങിയവയുമായി പരിചയപ്പെടണം. ആധുനിക കാലഘട്ടത്തിലെ സാമൂഹ്യവും ഭരണപരവുമായ സംഘാടത്വത്തെക്കുറിച്ചുള്ള പരിപാടിപരമായ നാല് അടിസ്ഥാന രേഖകളെ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. എന്നാല്‍ അദ്ധ്വാനവര്‍ഗ്ഗം ഈ രേഖകള്‍ക്ക് അവയര്‍ഹിക്കുന്ന പ്രാധാന്യം നല്‍കില്ല. മറിച്ച് പുരാതന രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും നിറം പിടിപ്പിച്ച കഥകള്‍ വായിക്കുന്നതിലാണ് അദ്ധ്വാനവര്‍ഗ്ഗം സന്തോഷം കണ്ടെത്തുന്നത്. അവരതില്‍ ആസക്തരായിരിക്കുന്നു.’

അംബേദ്കര്‍ അദ്ധ്വാനവര്‍ഗ്ഗത്തെ കുറിച്ച് തുടരുന്നു: ‘അവര്‍ തങ്ങള്‍ക്കു നേരെ ചെയ്യുന്ന മറ്റൊരു വലിയ കുറ്റകൃത്യമുണ്ട്. ഭരണത്തെ പിടിച്ചെടുക്കുന്നതിനുള്ള ആഗ്രഹം അവര്‍ വളര്‍ത്തിയെടുത്തിട്ടില്ല. തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉപാധിയായി ഭരണത്തെ നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പോലും അവര്‍ ബോധ്യമുള്ളവരല്ല. തീര്‍ച്ചയായും ഭരണത്തില്‍ അവര്‍ക്ക് ഒട്ടും താല്പര്യമില്ല.’

‘അദ്ധ്വാനത്തിന്റെ ദുര്യോഗങ്ങള്‍ക്കെല്ലാമുള്ള ഒറ്റമൂലിയായി ട്രേഡ് യൂണിയനുകളെ കണക്കാക്കുന്നതും വലിയൊരു തെറ്റായിരിക്കും’ എന്ന് അദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രസ്താവിക്കുന്നു. ‘ട്രേഡ് യൂണിയനുകള്‍, അവ വളരെ ശക്തമാണെങ്കിലും, മുതലാളിത്തത്തെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുതലാളിമാരെ നിര്‍ബന്ധിക്കാന്‍ മാത്രം ശക്തരല്ല. തങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒരു ലേബര്‍ സര്‍ക്കാര്‍ പിന്നിലുണ്ടെങ്കില്‍ മാത്രമാണ് ട്രേഡ് യൂണിയനുകള്‍ കൂടുതല്‍ ഫലവത്താകുകയുള്ളൂ.

അദ്ധ്വാനവര്‍ഗ്ഗം ഉന്നം വെക്കേണ്ടത് സര്‍ക്കാരിന്റെ മേലുള്ള നിയന്ത്രണമായിരിക്കണം. ട്രേഡ് യൂണിയനിസം സര്‍ക്കാരിന്മേലുള്ള നിയന്ത്രണത്തെ ലക്ഷ്യം വെക്കുന്നില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയനുകള്‍ ഒരു ഗുണവും ഉണ്ടാക്കാന്‍ പോകുന്നില്ല. ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് സ്ഥിരമായി വഴക്കടിക്കാനുള്ള ഒരു ഉറവിടമായി അത് മാറും.’

ഒരു സ്വതന്ത്രദേശ-രാഷ്ട്രം തങ്ങളുടെ അധിപരുടെ ആധിപത്യത്തിന്‍ കീഴില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുവായി പരിണമിക്കുന്നു എന്ന് അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയത തൊഴിലാളി വര്‍ഗ്ഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനെയും അംബേദ്ക്കര്‍ ചൂണ്ടിക്കാണിക്കുന്നു: ‘അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ കൊടിയ മൂന്നാമത്തെ പാപം ദേശീയതയുടെ സ്വാധീനത്താല്‍ അവര്‍ നയിക്കപ്പെട്ടുപോകുന്ന വഴിയാണ്.’ ഇതിനെ വിശദമാക്കികൊണ്ട് അദ്ദേഹം തുടരുന്നു: ‘എല്ലാ രീതിയിലും യാചകരായ, യാതൊന്നും മാറ്റിവെയ്ക്കാനില്ലാത്ത തൊഴിലാളി വര്‍ഗ്ഗം എല്ലായ്പ്പോഴും തങ്ങളുടെ എല്ലാം തന്നെ ദേശീയതയെന്നു വിളിക്കപ്പെടുന്ന ഒരു കാര്യത്തിനുവേണ്ടി ബലി നല്‍കുന്നു. തങ്ങള്‍ക്കുള്ളതെല്ലാം കാണിക്കയായി സമര്‍പ്പിക്കുന്ന ദേശീയത, സ്ഥാപിക്കപ്പെടുമ്പോള്‍, അത് തങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവുമായ സമത്വം തിരിച്ചുനല്‍കുമോ എന്ന് അന്വേഷിക്കാന്‍ അവര്‍ ഒരിക്കലും മെനക്കെടുന്നില്ല. മിക്കപ്പോഴും വിജയകരമായ ദേശീയതയില്‍ നിന്ന് ഉയര്‍ന്നുവരുന്ന, തൊഴിലാളികളുടെ ത്യാഗങ്ങളാല്‍ വളര്‍ത്തപ്പെടുന്ന സ്വതന്ത്ര ദേശ-രാഷ്ട്രം അവരുടെ അധിപരുടെ ആധിപത്യത്തിന്‍ കീഴില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുവായി പരിണമിക്കുന്നു. അദ്ധ്വാനവര്‍ഗ്ഗം തങ്ങളെ തന്നെ വിധേയമാക്കാന്‍ അനുവദിയ്ക്കുന്ന ഈ ചൂഷണം ഏറ്റവും മോശപ്പെട്ട തരത്തിലുള്ള ചൂഷണമാണ്.’

അംബേദ്ക്കര്‍ പറയുന്നു: ‘തൊഴിലാളി വര്‍ഗ്ഗം ഒരു പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കുകീഴില്‍ ജീവിയ്‌ക്കേണ്ടി വരുമ്പോള്‍ അതിനെ തങ്ങളുടെ മെച്ചത്തിനായി തിരിച്ചിടുവാന്‍ സാധ്യമായ മികച്ച വഴികളെ കണ്ടെത്തേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍, ഞാന്‍ കണ്ടിടത്തോളം, രണ്ട് കാര്യങ്ങള്‍ അത്യാവശ്യമാണ്. ആദ്യകാര്യം, വെറും ട്രേഡ് യൂണിയനുകളുടെ സംസ്ഥാപനങ്ങള്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗങ്ങളുടെ അന്തിമമായ ലക്ഷ്യവും നേട്ടവുമാണെന്ന ധാരണയെ തള്ളിക്കളയുക എന്നതാണ്. ഭരണനിര്‍വഹകരെന്ന നിലയില്‍ തൊഴിലാളിവര്‍ഗ്ഗത്തെ അവരോധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തൊഴിലാളിവര്‍ഗ്ഗം പ്രഖ്യാപിക്കണം. ഇതിനു അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ഒരു പാര്‍ട്ടിയെ രാഷ്ട്രീയ പാര്‍ട്ടിയായി അത് സംഘടിപ്പിക്കണം. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ച് രണ്ടാമത്തെ കാര്യം അറിവില്ലാതെ അധികാരമില്ലെന്ന ധാരണയാണ്. തങ്ങള്‍ക്ക് കൂടുതല്‍ നന്നായി ഭരിക്കാനാവുമെന്ന് ധനാത്മകമായി തൊഴിലാളിവര്‍ഗ്ഗം തെളിയിക്കണം.

എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും സ്വതന്ത്രമായി അനുവദിക്കുന്ന (Laissez-faire) തരത്തിലുള്ള സര്‍ക്കാരാകുവാന്‍ തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരിന് പറ്റില്ലെന്ന് അംബേദ്ക്കര്‍ പറയുന്നു. ‘അനിവാര്യമായും ഒരു നിയന്ത്രണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ ആയിരിക്കുമത്. അത്തരമൊരു നിയന്ത്രണ സംവിധാനത്തിന് ഒരു ലൈസ്സെസ്-ഫെയര്‍ സര്‍ക്കാരിനുള്ളതിനേക്കാള്‍ ഉയര്‍ന്ന വിതാനത്തിലുള്ള അറിവും പരിശീലനവും ആവശ്യമുണ്ട്. പഠനത്തിന്റെ പ്രാധാന്യത്തെ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.’

അംബേദ്ക്കര്‍ തന്റെ വിശകലനത്തെ സമാഹരിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ‘അദ്ധ്വാനിയ്ക്കുന്ന വര്‍ഗ്ഗങ്ങള്‍ ഭരിക്കുന്ന വര്‍ഗ്ഗങ്ങളുടെ പദവിയിലേക്ക് ഉയരേണ്ടതുണ്ട്.’

ഡോ.കെ.എസ് ശര്‍മ്മ കൗണ്ടര്‍കറന്റ്‌സ് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിലെ ഉദ്ധരണികളാണ് മുകളില്‍ സവിസ്തരം കൊടുത്തിരിക്കുന്നത്. ‘തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തിലെ ആദ്യപടി പ്രോലിറ്റേറിയറ്റിനെ ഭരണവര്‍ഗ്ഗ പദവിയിലേക്ക് ഉയര്‍ത്തുകയും ജനാധിപത്യത്തിനായുള്ള യുദ്ധത്തില്‍ വിജയിക്കുകയുമാണ്’ എന്ന മാര്‍ക്‌സിന്റെ പ്രസ്താവനയെ ആണ് അംബേദ്കറിന്റെ പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നതെന്ന് ശര്‍മ്മ പറയുന്നു. അംബേദ്ക്കറെ കമ്യുണിസ്റ്റ് വിരുദ്ധനാക്കുന്നവര്‍ക്കുള്ള മറുപടിയെന്ന നിലയില്‍ മാത്രമല്ല ഈ ഉദ്ധരണികള്‍ പ്രസക്തമാകുന്നത്. മറിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പരിമിതികളെ അവ വിശദീകരിക്കുന്നുകൂടിയുണ്ട്.

അംബേദ്ക്കറിന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ. ഈയിടെ EPW യില്‍ എഴുതിയ ലേഖനത്തില്‍ ‘ഇന്ത്യയിലെ ജനാധിപത്യം ഗുരുതരമായ സാമൂഹ്യ പോരായ്മകളെ പേറുന്നു’ എന്ന് എ.ജി നില്‍സെന്‍ നിരീക്ഷിക്കുന്നു. (2) എഴുപതു വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷവും പ്രാന്തവല്‍കൃത വിഭാഗങ്ങള്‍ക്ക് അനുകൂലമായി പുനര്‍വിതരണപരമായ പരിഷ്‌ക്കാരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വേദിയായി പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യന്‍ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പ്രസ്താവിക്കുന്നു.

ലെനിനും സോവിയറ്റുകളും

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന (അമിത) സ്വാതന്ത്ര്യം അതിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ സാമ്പത്തികമായ അസമത്വവും അസ്വാതന്ത്ര്യവും ആണ് സൃഷ്ടിക്കുക എന്നാണു അംബേദ്ക്കര്‍ പറഞ്ഞുവെക്കുന്നത്. ഈ സത്യത്തെ ചരിത്രത്തില്‍ നേരിട്ട് എതിരിടാന്‍ ശ്രമിച്ചത് റഷ്യന്‍ വിപ്ലവവും അതിന്റെ നേതാവ് ലെനിനുമാണ്. 1792 ലെ ഫ്രഞ്ച് വിപ്ലവത്തോടുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ട പാര്‍ലമെന്ററി ജനാധിപത്യം 1917 ലെ റഷ്യന്‍ വിപ്ലവത്തോടുകൂടി ചോദ്യം ചെയ്യപ്പെട്ടു എന്നായിരിക്കാം അംബേദ്ക്കര്‍ പ്രഭാഷണത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചത്. റഷ്യന്‍ വിപ്ലവത്തിന്റെ അനുഭവങ്ങളെ പരിശോധിക്കുന്നത് ഇത്തരുണത്തില്‍ കരണീയമായിരിക്കും.

1905 ലാണ് റഷ്യയില്‍ സോവിയറ്റുകള്‍ രൂപപ്പെട്ടുതുടങ്ങുന്നത്. സാറിസ്റ്റ് ഏകാധിപത്യത്തിന്‍ കീഴില്‍ യോഗം ചേരുവാനോ, സംഘടിക്കുവാനോ, പത്രങ്ങളിലൂടെ ആശയപ്രചരണം നടത്താനോ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനോ അനുവാദമില്ലായിരുന്നു. എന്നാല്‍ വ്യവസായനഗരങ്ങളില്‍ ഫാക്ടറികളിലെ തൊഴിലാളികള്‍ വിക്ഷുബ്ധാവസ്ഥയിലുമായിരുന്നു. അവര്‍ സമരസഹായഫണ്ടുകള്‍ സ്വരൂപിക്കുകയും സമരങ്ങള്‍ നടത്തിവരികയും ചെയ്തു. ട്രേഡ് യൂണിയനുകള്‍ നിലവിലില്ലാത്തതിനാല്‍ മാനേജുമെന്റുകളുമായി സന്ധിസംഭാഷണങ്ങള്‍ നടത്തുന്നതിന് തൊഴിലാളികള്‍ക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടി വന്നു. ഇത്തരം പ്രതിനിധികളുടെ സമിതിയാണ് സോവിയറ്റ്. പ്രത്യക്ഷത്തില്‍ പാര്‍ട്ടികളുടെ പിന്‍ബലത്തിലോ സഹായത്തിലോ ആയിരുന്നില്ല സോവിയറ്റുകള്‍ നിലവില്‍ വന്നത്. 1917 വരെയും അവയുടെ സ്വതന്ത്രാസ്തിത്വം തുടര്‍ന്നു.

ഇത്തരം സോവിയറ്റുകള്‍ക്ക് ലെനിന്റെ വിപ്ലവ പദ്ധതിയില്‍ സവിശേഷസ്ഥാനം ലഭിക്കുന്നത് 1917 ല്‍ അദ്ദേഹം അവതരിപ്പിച്ച ഏപ്രില്‍ തീസിസോടുകൂടിയാണ്. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളെ ഭരണവര്‍ഗ്ഗമായി പരിവര്‍ത്തിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അദ്ദേഹം ‘എല്ലാ അധികാരങ്ങളും സോവിയറ്റുകള്‍ക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഇതേക്കുറിച്ച് ലെനിന്‍ തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

‘… പാര്‍ലമെന്ററി, (സത്യത്തില്‍ ) ബൂര്‍ഷ്വ റിപ്പബ്ലിക്കിനെതിരായി, മെന്‍ഷെവിക്കുകള്‍ക്കെതിരായി വളരെ മുന്‍കരുതലോടെ, ബോള്‍ഷെവിക്കുകള്‍ തങ്ങളുടെ വിജയകരമായ സമരം തുടങ്ങിയതും അതിനായി അവര്‍ നടത്തിയ തയ്യാറെടുപ്പുകളും ഒരു തരത്തിലും ലളിതമല്ല. പരാമര്‍ശിതമായ കാലഘട്ടത്തിന്റെ തുടക്കത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് ആദ്യമായി സോവിയറ്റുകളുടെ മാനസികനിലയും മിശ്രണവും മാറ്റാതെ അതിനെ അട്ടിമറിക്കാന്‍ സാധ്യമല്ലെന്ന് വിശദീകരിക്കുകയാണ് ചെയ്തത്. ബൂര്‍ഷ്വ പാര്‍ലമെന്റിന്റെയും ഭരണഘടനാനിര്‍മ്മാണ സഭയുടെയും ബഹിഷ്‌ക്കരണവും ഞങ്ങള്‍ ഉദ്ഘോഷിച്ചിട്ടില്ല. പക്ഷെ പറഞ്ഞത് – ഞങ്ങളുടെ പാര്‍ട്ടിയുടെ ഏപ്രില്‍ (1917) സമ്മേളനത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പേരില്‍ ഔദ്യോഗികമായി പറയാന്‍ തുടങ്ങിയത് ഇതാണ്: ഭരണഘടനാ നിര്‍മ്മാണ സഭയോടുകൂടിയല്ലാത്ത ഒരു ബൂര്‍ഷ്വ റിപ്പബ്ളിക്കേനേക്കാളും നല്ലത് ഭരണഘടനാ നിര്‍മ്മാണ സഭയോടുകൂടിയ ഒരു ബൂര്‍ഷ്വ റിപ്പബ്ലിക്കാണ്. എന്നാല്‍ ഏതൊരു ബൂര്‍ഷ്വ-ജനാധിപത്യ, പാര്‍ലമെന്ററി റിപ്പബ്ലിക്കിനെക്കാളും നല്ലത് ‘തൊഴിലാളികളുടെയും കര്‍ഷകരുടെയും’ ആയ ഒരു റിപ്പബ്ലിക്, ഒരു സോവിയറ്റ് റിപ്പബ്ലിക് ആണ്. അത്തരത്തിലുള്ള സമഗ്രവും ജാഗ്രതയുള്ളതും ദീര്‍ഘവുമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ, 1917 ഒക്ടോബറില്‍ ഞങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാനോ അല്ലെങ്കില്‍ ആ വിജയത്തെ ഉറപ്പിക്കുവാനോ കഴിയുമായിരുന്നില്ല.’ (3)

വിപ്ലവത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ‘എല്ലാ അധികാരങ്ങളും സോവിയറ്റുകള്‍ക്ക്’ എന്നത് ‘എല്ലാ അധികാരവും പാര്‍ട്ടിക്ക്’ എന്നതായി പരിവര്‍ത്തിക്കപ്പെട്ടതാണ് റഷ്യന്‍ വിപ്ലവത്തിനുണ്ടായ ദുര്യോഗം. ആഭ്യന്തര യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും യുദ്ധകാല കമ്യുണിസത്തിന്റെയും പശ്ചാത്തലത്തില്‍ ജനകീയാധികാരരൂപമായ സോവിയറ്റുകള്‍ക്ക് അധികാരം നിഷേധിക്കപ്പെടുകയും അത് പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. പുതിയ സോഷ്യലിസ്റ്റ് ദേശ-രാഷ്ട്രത്തിന്റെ ദേശീയ താല്പര്യങ്ങള്‍ക്കുമുമ്പില്‍ മറ്റെല്ലാതും അടിയറവെയ്ക്കപ്പെട്ടു. 1921 മാര്‍ച്ചില്‍ ‘എല്ലാ അധികാരങ്ങളും സോവിയറ്റുകള്‍ക്ക്’ എന്ന ആവശ്യമുന്നയിച്ച് കമ്യുണിസ്റ്റുകാര്‍ തന്നെയായ തൊഴിലാളികള്‍ ആരംഭിച്ച ക്രോണ്‍സ്റ്റഡ് കലാപം (Kronstadt rebellion) റെഡ് ആര്‍മി ക്രൂരമായി അടിച്ചമര്‍ത്തിയതോടുകൂടി സോവ്യയറ്റ് യൂണിയനില്‍ സോവിയറ്റിന്റെ ചരിത്രം അവസാനിച്ചതായി അതേക്കുറിച്ചു പഠനം നടത്തിയ ഓസ്‌കര്‍ എന്‍വീലര്‍ (Oskar Anweiler) പറയുന്നു. (4)

സോവിയറ്റ് എന്നത് റഷ്യയ്ക്കുള്ളിലെ മാത്രം ഒരു സംവിധാനം ആയിട്ടല്ല ലെനിന്‍ വിപ്ലവാരംഭ ഘട്ടത്തില്‍ വിഭാവന ചെയ്തിരുന്നത്. അത് വിപ്ലവശേഷം മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടും ലെനിന്‍ കണക്കാക്കിയിരുന്നില്ല. ‘ഇന്ന് സോവിയറ്റ് അധികാരം എന്ന ആശയം ലോകത്തെമ്പാടും ഉയര്‍ന്നുവന്നിട്ടുണ്ട്. അസാധാരണമായ വേഗത്തില്‍ എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവര്‍ഗ്ഗത്തിനിടയില്‍ അത് പടര്‍ന്നുകൊണ്ടിരിക്കുന്നു’ എന്നാണ് മുകളിലെ ലെനിന്‍ ഉദ്ധരണിയെടുത്ത പുസ്തകത്തില്‍ പറയുന്നത്. (5). രാജ്യാതിര്‍ത്തികളെ പരിഗണിക്കാതെ ലോകത്തെങ്ങും വ്യാപിക്കുന്ന സോവിയറ്റ് നിലവില്‍ വരാനിരിക്കുന്ന ഒരു ആഗോള സര്‍ക്കാരിന്റെ പ്രാഗ്രൂപമാണെന്നും ലെനിന്‍ പ്രസ്താവിക്കുന്നുണ്ട്.

എന്നാല്‍ സോവിയറ്റ് എന്നതിനെ റഷ്യന്‍ രാഷ്ട്രസംവിധാനത്തിന്റെ ഭാഗം മാത്രമായി ചുരുക്കുന്ന കാഴ്ചയാണ് പിന്നീട് ചരിത്രത്തില്‍ കണ്ടത്. ഇത്തരത്തില്‍ ദേശ-രാഷ്ട്രത്തിനുവേണ്ടി ത്യാഗങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ ഏറ്റവും മോശപ്പെട്ട ചൂഷണത്തിനാണ് വിധേയമാകുന്നതെന്നും അത്തരത്തിലുള്ള ദേശ-രാഷ്ട്രം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുരാജ്യമായി പരിണമിക്കുന്നു എന്നുമുള്ള അംബേദ്കറിന്റെ നിരീക്ഷണം പ്രസക്തമാവുന്നത് ഇവിടെയാണ്.

മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റെയും സങ്കല്പത്തിലെ സോഷ്യലിസം

റഷ്യന്‍ വിപ്ലവം മറ്റു രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗങ്ങളുടെ മുമ്പില്‍ വിപ്ലവത്തിന്റെ ഒരു മാതൃക പ്രദാനം ചെയ്യുന്നുണ്ടെന്ന് ലെനിന്‍ തുടക്കത്തില്‍ കരുതിയിരുന്നില്ല. യൂറോപ്പിലെ ഒരു വികസിതരാജ്യത്ത് നടക്കുന്ന വിപ്ലവമായിരിക്കും അത്തരത്തിലുള്ള മാതൃക പ്രദാനം ചെയ്യുകയെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ മാതൃക അന്ധമായി പിന്തുടരുന്ന മാനസികാടിമത്വത്തിലേക്കാണ് പിന്നീട് കമ്യുണിസ്റ്റുകാര്‍ കടന്നത്. മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റെയും സങ്കല്‍പ്പത്തിലെ സോഷ്യലിസവും റഷ്യന്‍ മോഡലും ഒത്തുപോകുന്നതാണോ എന്ന് പരിശോധിക്കേപ്പെടേണ്ടതാണ്.

മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റെയും സങ്കല്‍പ്പത്തിലെ സോഷ്യലിസം റഷ്യന്‍ മാതൃകയില്‍നിന്നും തീര്‍ത്തും വിഭിന്നമാണെന്ന് ഈ വിഷയത്തില്‍ ഏറെ വര്‍ഷങ്ങളായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് പരേഷ് ചതോപാദ്ധ്യായ തന്റെ നിരവധി നിരവധി ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തോട് വിളിച്ചുപറയുന്നു. റഷ്യന്‍ മോഡലിനെ പിന്തുടര്‍ന്ന ഇരുപതാം നൂറ്റാണ്ടിലെ പ്രയുക്ത സോഷ്യലിസത്തിലെ രണ്ട് അവതാരങ്ങള്‍ക്ക് – പാര്‍ട്ടിയ്ക്കും ഭരണകൂടത്തിനും – മാര്‍ക്‌സിന്റെ സങ്കല്‍പ്പത്തിലെ സോഷ്യലിസത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് പരേഷ് സ്ഥാപിക്കുന്നു. മുതലാളിത്താനന്തരമുള്ള ബദല്‍ സമൂഹം സ്വതന്ത്രവ്യക്തികളുടെ അസോസിയേഷന്‍ ആയിരിക്കുമെന്നും അസോസിയേറ്റഡ് ആയ ഉത്പാദനരീതി ആയിരിക്കും അതിന്റെ അടിത്തറ എന്നും അദ്ദേഹം പറയുന്നു. (6),(7) സ്വതന്ത്രവും പരസ്പരം സഹായിക്കുന്നതും ബന്ധപ്പെട്ടിരിക്കുന്നതുമായ (associated) ഉത്പാദകരുടെ സമൂഹമാണ് ആത്യന്തികമായി എല്ലാ ചൂഷണങ്ങളെയും അവസാനിപ്പിച്ച് സോഷ്യലിസം സ്ഥാപിക്കുക.

ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ദളിതരുടെയും മുന്നിലുള്ള വഴി

കാല്‍നൂറ്റാണ്ട് പിന്നിട്ട ആഗോളവല്‍ക്കരണം ഒരു വശത്ത് ഇന്ത്യയിലെ ദളിതരെയും ആദിവാസികളെയും തൊഴിലാളിവര്‍ഗ്ഗത്തെയും കടുത്ത രീതിയിലുള്ള വിഭവശോഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. മറുവശത്താകട്ടെ, കാര്‍ഷിക, വ്യാവസായിക മേഖലകളിലേക്ക് വലിയ തോതിലുള്ള മൂലധനത്തിന്റെ കടന്നുവരവിനുള്ള സാധ്യതയും തുറന്നിട്ടിരിക്കുകയാണ്. മൂലധനത്തിന്റെ ഈ കടന്നുവരവ് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ കാര്‍മ്മികത്വത്തിലാണെങ്കില്‍ ഇന്ത്യയിലെ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചൂഷണത്തിനും വിഭവശോഷണത്തിനും വിധേയമാകും. അടിസ്ഥാന ഉത്പാദകര്‍ എന്ന നിലയില്‍ അവര്‍ സ്വതന്ത്രമായി സംഘടിക്കുകയും ഉല്പാദനപ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ നടത്തുകയും ചെയ്യുന്നു എന്ന് വന്നാല്‍ ഈ മൂലധന കടന്നുവരവിനെ സ്വന്തം നിലയില്‍ ഉപയുക്തമാക്കാന്‍ അവര്‍ക്ക് സാധിക്കും.

തൊഴിലാളികളുടെയും കര്‍ഷകരുടെയും ഉത്പാദക സഹകരണ സംഘങ്ങള്‍ക്ക് ഇന്ന് വിഭവസമാഹരണത്തിനും വിപണനത്തിനും ആഗോള തലത്തില്‍ സഖ്യങ്ങളും ബന്ധങ്ങളും സൃഷ്ടിക്കുവാന്‍ കഴിയും. ഒരു ദേശ-രാഷ്ട്രത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങേണ്ടതില്ല. സാമ്പത്തികമായി കോര്‍പറേറ്റ് മൂലാധാനധിപത്യത്തെയും അതിന്റെ കുത്തകാധികാരങ്ങളെയും ചോദ്യം ചെയ്യാന്‍ കഴിയുന്ന വിധം ഈ സഹകരണ സംഘങ്ങള്‍ക്ക് വളരാനാവും. രാഷ്ട്രീയമായി അംബേദ്ക്കര്‍ ചൂണ്ടിക്കാണിച്ച പോലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങള്‍ക്ക് ഭരണവര്‍ഗ്ഗമായി പരിവര്‍ത്തിക്കാനുള്ള വഴി ഒരുക്കപ്പെടും.

സാമൂഹ്യമായി, ബ്രാഹ്മണാധിപത്യപരമായ ജാതിവ്യവസ്ഥയെ തകര്‍ക്കാനും നവസമൂഹരൂപീകരണത്തിനു തുടക്കം കുറിക്കാനും കഴിയും. ബ്രാഹ്മണരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ ഏതൊരു പുതിയ സാഹചര്യത്തിലും, അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയ പോലെ, ഭരണവര്‍ഗ്ഗമായി തുടരാന്‍ അവരെ സഹായിക്കുന്നതാണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ ബ്രാഹ്മണ്യവുമായി അന്തിമമായി കണക്കുതീര്‍ക്കാന്‍ ബുദ്ധമതസ്വീകരണമാണ് വഴിയെന്ന് അംബേദ്കര്‍ കാണിച്ചു തന്നിട്ടുണ്ട്.

ഇന്ത്യാചരിത്രത്തില്‍ ബുദ്ധമതത്തിന്റെ വ്യാപനം വിവിധ തൊഴില്‍ നൈപുണ്യമുള്ള സംഘങ്ങളുടെ – ശ്രേണികളുടെ – ദേശാന്തര സഞ്ചാരങ്ങളിലൂടെ ആയിരുന്നു. ഫ്യൂഡലിസം ശക്തിപ്രാപിച്ച ഘട്ടത്തില്‍ ഈ ശ്രേണികളെ ജാതികളായി ക്രമപ്പെടുത്തി തങ്ങളുടെ സവിശേഷാധികാരം സ്ഥാപിക്കുകയാണ് ബ്രാഹ്മണര്‍ ചെയ്തത്. ഫ്യൂഡലിസം അന്തിമമായി തകര്‍ച്ച നേരിടുന്ന ഇന്ന് അതോടൊപ്പം ബ്രാഹ്മണാധികാരത്തെയും കുഴിച്ചുമൂടാന്‍ ചരിത്രത്തില്‍ അന്ന് നടന്നതിന്റെ എതിര്‍പ്രക്രിയ തന്നെയാണ് നടക്കേണ്ടത് – തൊഴില്‍ നൈപുണ്യമുള്ള സംഘങ്ങളായി തീരലും ശ്രമണ പാരമ്പര്യത്തെ വീണ്ടെടുക്കലും.

അംബേദ്കര്‍ നമ്മോട് റൂസ്സോയുടെയും മാര്‍ക്‌സിന്റേയും ലിയോ പതിമൂന്നാമന്റെയും മില്ലിന്റെയും പുസ്തകങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെട്ടത് ലോകത്തിന്റെ വിമോചനാശയങ്ങളെ അറിയാന്‍ വേണ്ടിയിട്ടാണ്. മാനവരാശിയുടെ വിമോചനശ്രമങ്ങളുടെ അനുഭവങ്ങളെ സ്വാംശീകരിക്കുന്നതും ഇന്ന് ഏറെ ആവശ്യമായ കാര്യമാണ്.

റെഫറന്‍സുകള്‍ :-

1. https://www.countercurrents.org/sharma300416.htm (Accessed on 25 April 2019)
2. ALF GUNVALD NILSEN, Indian Democracy Has Failed to Advance Redistributive Reforms for Marginalised Groups (EPW, Vol. 54, Issue No. 14, 06 Apr, 2019)
3. വി.ഐ ലെനിന്‍, ഇടതുപക്ഷ കമ്യുണിസം – ഒരു ബാലാരിഷ്ടത. (അധ്യായം 3 ) 1920
4. OSKAR AN WEILER – The Soviets: The Russian Workers, Peasants, and Soldiers Councils, 1905-1921; 1974, Pantheon Books
5. വി ഐ ലെനിന്‍, ഇടതുപക്ഷ കമ്യുണിസം – ഒരു ബാലാരിഷ്ടത. (അധ്യായം 3 ) 1920
6. Paresh Chattopadhyay, Marx’s Associated Mode of Production, 2016, Palgrave Macmillaി
7. ‘ , Socialism and Commodity Production, 2018, Brill, Boston

Latest Stories

We use cookies to give you the best possible experience. Learn more