| Sunday, 28th July 2019, 9:26 am

തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ടി.എന്‍ പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. പകരം ആരെയും ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടില്ലെന്നും പ്രതാപന്‍ വ്യക്തമാക്കി.

എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എന്‍ പ്രതാപന്‍ ഡി.സി.സി. പ്രസിഡന്റായി തുടരാന്‍ താല്‍പ്പര്യമില്ലെന്നു കാണിച്ച് പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാലിത് രാജിക്കത്തായി പരിഗണിക്കാന്‍ നേതൃത്വം തയ്യാറായില്ല.

പ്രതാപന്‍ രാജിക്കത്ത് നല്‍കിയതിനു പിന്നാലെ ജില്ലയിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തി.

ഇതിനിടയിലാണ് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന്റെ കാര്‍വിവാദം ഉണ്ടായത്. പിരിവിട്ട് കാര്‍ വാങ്ങുന്നതിനെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന പരിപാടിക്ക് നേതൃത്വം കൊടുത്ത അനില്‍ അക്കര എം.എല്‍.എയ്ക്ക് തിരിച്ചടിയായി.

കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍ കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

തുടര്‍ന്ന് മുല്ലപ്പള്ളിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരും അനില്‍ അക്കരയും രംഗത്തെത്തി.

യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു പിരിവെടുത്ത് പ്രസിഡന്റിനെ വെയ്ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു സുനില്‍ ലാലൂരിന്റെ പരിഹാസം. ‘ഞങ്ങളുടെ ഡി.സി.സിക്ക് പ്രസിഡന്റിനെ വേണം. ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു പിരിവെടുത്ത് വെയ്ക്കാന്‍ കഴിയില്ലല്ലോ. ബാക്കിയുള്ള ജില്ലാ ഭാരവാഹികള്‍ക്ക് ലോണ്‍ എടുത്തും വെയ്ക്കാന്‍ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ഒരുമാസം കഴിഞ്ഞിട്ടും അഴിഞ്ഞമട്ടില്‍’- സുനില്‍ പറഞ്ഞിരുന്നു.

സുനില്‍ മുല്ലപ്പള്ളിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കില്‍ അനില്‍ അക്കര ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ് എന്നു തുറന്നടിച്ചു. ‘തൃശ്ശൂര്‍ ഡി.സി.സിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്.’- അനില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന, മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പ്രതാപന്‍ തുടരട്ടെയെന്നായിരുന്നു തീരുമാനം. ഇതിനെതിരേയാണ് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് പ്രതാപന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more