| Sunday, 23rd January 2022, 6:10 pm

പുറകെ നടക്കുന്നതും ചൂഴ്ന്നുനോക്കി നില്‍ക്കുന്നതും മോശം പരിപാടിയാണെന്ന് പറയുന്ന അരുണ്‍; ഹൃദയത്തെ അഭിനന്ദിച്ച് ടി.എന്‍. പ്രതാപന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തെ അഭിനന്ദിച്ച് ടി.എന്‍. പ്രതാപന്‍ എം.പി. ചിത്രത്തിന്റെ വിവിധ ഘടകങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് ടി.എന്‍. പ്രതാപന്‍ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ച അരുണ്‍ എന്ന കേന്ദ്ര കഥപാത്രം സ്റ്റോക്കിങ്ങ് ശരിയായ രീതിയല്ലെന്ന് പറയുന്ന സീനിനെ കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. സിനിമയുടെ കഥ നടക്കുന്ന കാലഘട്ടത്തേക്കാള്‍ വര്‍ത്തമാന കാലത്തോടാണ് ഈ ഭാഗം സംസാരിക്കുന്നതെന്നും പ്രതാപന്‍ പറഞ്ഞു.

‘കത്തെഴുതിയെറിഞ്ഞും പുസ്തകത്തില്‍ ഒളിപ്പിച്ചുവെച്ചും പിന്നാലെ നടന്നും വഴിയില്‍ കാത്തുനിന്നും ഒളിച്ചും മറഞ്ഞും പ്രണയം പ്രകടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നുമാറി പുറകെ നടക്കുന്നതും ചൂഴ്ന്നുനോക്കി നില്‍ക്കുന്നതുമൊക്കെ മോശം പരിപാടിയാണെന്ന് അരുണിന്റെ കഥാപാത്രം പറയുന്നത് ഒരുപക്ഷെ സിനിമയിലെ കഥ നടക്കുന്ന കാലത്തെ ചിന്തയായിട്ടല്ല, പകരം വര്‍ത്തമാനകാലത്തെ പ്രേക്ഷകനോട് നേരിട്ടുള്ള ഓര്‍മ്മപ്പെടുത്തലാണ്,’ പ്രതാപന്‍ പറയുന്നു.

ചിത്രത്തിന്റെ സംവിധാനമികവിനെ കുറിച്ചും പ്രണവിന്റെ പ്രകടനത്തെ കുറിച്ചും പ്രതാപന്‍ കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. തനിക്കേറ്റവും അതിശയവും സന്തോഷവും തോന്നിയ ഒരു കാര്യം, തുടക്കത്തിലും ഒടുക്കത്തിലും വിനീത് ശ്രീനിവാസന്‍ എന്ന പേരെഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ അതിയായ സന്തോഷത്തോടെ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്ന സന്ദര്‍ഭമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രേക്ഷകന്റെ മനസ്സറിഞ്ഞ് പടം പിടിക്കാനുള്ള ബ്രില്യന്‍സിന് ലഭിക്കുന്ന അംഗീകാരമാണിത്. വിനീത് മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. നെഗറ്റീവ് ടച്ച് വരുന്ന രംഗങ്ങളില്‍ പ്രണവ് ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും റാഗിങ്ങ് രംഗങ്ങളില്‍ ‘അമൃതം ഗമയ’യിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിച്ചുവെന്നും പ്രതാപന്‍ പറയുന്നുണ്ട്.


സിനിമയിലെ ക്യാമറ, സംഗീതം, തിരക്കഥ, മറ്റു അഭിനേതാക്കളുടെ പ്രകടനം, നര്‍മരംഗങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ വിശദമായി സംസാരിക്കുന്നുണ്ട്.

ജനുവരി 21നാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കൂടുതലായും വരുന്നത്. പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  T N Prathapan MP congratulates Hridayam movie in Facebook post

Latest Stories

We use cookies to give you the best possible experience. Learn more