| Monday, 10th October 2022, 7:18 pm

മമ്മൂട്ടിയെന്ന നടന്റെ തനിമയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്ന്; റോഷാക്ക്, പുഴു, ഭീഷ്മപര്‍വ്വം അവലോകനം നടത്തി ടി.എന്‍. പ്രതാപന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ റോഷാക്ക് വലിയ ജനശ്രദ്ധ നേടി മുന്നേറുകയാണ്. വ്യത്യസ്തമായ നരേറ്റീവ് സ്റ്റൈലുമായി എത്തിയ റോഷാക്കിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സും സാങ്കേതികവശങ്ങളും ഒരുപോലെ അഭിനന്ദിക്കപ്പെടുന്നുണ്ട്.

ലൂക്ക് ആന്റണി എന്ന കഥാപാത്രമായെത്തി നിറഞ്ഞാടിയ മമ്മൂട്ടിയെന്ന നടനും, ഇത്തരമൊരു പുതുമയാര്‍ന്ന ചിത്രം നിര്‍മിക്കാന്‍ തയ്യാറായ മമ്മൂട്ടിയെന്ന നിര്‍മാതാവിനും വലിയ കയ്യടികളാണ് ഉയരുന്നത്.

കോണ്‍ഗ്രസ് എം.പി. ടി.എന്‍ പ്രതാപനും റോഷാക്കിനെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘മമ്മൂക്കയുടെ പഴയ പടങ്ങളൊക്കെ…’ എന്ന് ജാമ്യമെടുക്കേണ്ട സാഹചര്യമില്ലാത്ത വിധം ഓരോ കാലവും മമ്മൂട്ടി എന്ന നടനവിസ്മയം തന്റെ അസാധാരണമായ താരത്തിളക്കം കൊണ്ട് തന്റേതാക്കുകയാണെന്ന് ടി.എന്‍. പ്രതാപന്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റോഷാക്ക്, പുഴു, ഭീഷ്മപര്‍വം എന്നീ സിനിമകളില്‍ മമ്മൂക്കയുടെ തനതായ അഭിനയശൈലിയേക്കാള്‍ അദ്ദേഹം അവതരിപ്പിച്ച പുതുമയാണ് തന്നെ ആകര്‍ഷിച്ചതെന്നും ടി.എന്‍. പ്രതാപന്‍ പറയുന്നു.

‘റോഷാക്കിലും ഇതിനുമുന്‍പുള്ള രണ്ടു സിനിമകളിലും മമ്മൂക്കയുടെ തനിമയേക്കാള്‍ പ്രേക്ഷകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ അനുഭവേദ്യമായത് മമ്മൂക്ക അവതരിപ്പിച്ച പുതുമയാണ്. ഭീഷ്മപര്‍വ്വത്തിലും പുഴുവിലും മമ്മൂട്ടിയുടെ അഭിനയം മഹാമേരുകണക്കെ നിലയുറപ്പിക്കുന്നത് തനത് മമ്മൂട്ടി മാനറിസത്തിന്റെ വേരുബലത്തിലല്ല, മറിച്ച് അഭിനയിക്കാനുള്ള അഭിനിവേശം വയസ്സേറുന്ന മുറയ്ക്ക് ഇരട്ടിക്കുന്ന നടനിലെ പുതിയ സാങ്കേതിക-സങ്കേതങ്ങളുടെ വിരിവുകൊണ്ടാണ്,’ പ്രതാപന്‍ പറഞ്ഞു.

മൂന്ന് ചിത്രങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും സിനിമകള്‍ തമ്മില്‍ കാണുന്ന വ്യത്യാസങ്ങളും കൂടി അദ്ദേഹം കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. പുഴുവിന്റെ രാഷ്ട്രീയമാണ് തന്നെ വല്ലാതെ ആകര്‍ഷിച്ചതെങ്കില്‍ ഭീഷ്മപര്‍വ്വത്തിലും റോഷാക്കിലും മമ്മൂട്ടി എന്ന നടനെ തന്നെയാണ് തനിക്ക് ഏറെ ബോധിച്ചതെന്നാണ് പ്രതാപന്‍ പറയുന്നത്.

റോഷാക്ക് മികച്ച ചിത്രമാണെന്നും തിരക്കഥയും പെര്‍ഫോമന്‍സുകളും നിസാം ബഷീറിന്റെ സംവിധാനവും ഏറെ മികച്ചുനില്‍ക്കുന്നുണ്ടെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. ‘സിനിമ എന്ന നിലക്ക് റോഷാക്ക് നല്ലൊരു സൃഷ്ടിയാണെന്ന് പറയാതെ പോകുന്നത് നീതികേടാകും. നിസാം ബഷീര്‍ ഈ കഥയെ സൃഷ്ടിച്ചത് തന്നെ എത്ര രസകരമായ ഒറ്റവരിയിലാണ്. ‘എപ്പോഴും പ്രേതങ്ങള്‍ മനുഷ്യരെ പിന്തുടര്‍ന്ന് പ്രതികാരം ചെയ്യുന്നു. എന്തുകൊണ്ട് തിരിച്ചു പറ്റുന്നില്ല?’ എന്നതാണത്,’ ടി.എന്‍ പ്രതാപന്‍ ചൂണ്ടിക്കാണിക്കുന്നു.

മമ്മൂട്ടി എന്ന നടനും മമ്മൂട്ടികമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസിനും മികവേറിയ പുതിയ പ്രമേയങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രതാപന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസും റോഷാക്കിനെയും മമ്മൂട്ടിയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികള്‍.പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സന്തോഷിക്കാം ,നടനെന്ന നിലയില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിര്‍മാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങള്‍, എന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍.

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത റോഷാക്ക് മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് മുന്നേറുന്നത്. കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, സഞ്ജു ശിവരാമന്‍, ജഗദീഷ് എന്നിവരുടെ പെര്‍ഫോമന്‍സുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ടി.എന്‍ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ റോഷാക്ക് കണ്ടു. കണ്ടുകഴിഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞുപോയ ആദ്യത്തെ വാചകം ‘ഈ മമ്മൂക്ക ഇതെന്ത് മനുഷ്യനാണ്’ എന്നതായിരുന്നു. ‘മമ്മൂക്കയുടെ പഴയ പടങ്ങളൊക്കെ…’ എന്ന് ജാമ്യമെടുക്കേണ്ട സാഹചര്യമില്ലാത്ത വിധം ഓരോ കാലവും മമ്മൂട്ടി എന്ന നടന്ന വിസ്മയം തന്റെ അസാധാരണമായ താരത്തിളക്കം കൊണ്ട് തന്റേതാക്കുകയാണ്.

അഭിനയത്തിന്റെ എന്തെല്ലാം സാധ്യതയുണ്ടോ അതെല്ലാം തേടുന്ന, പുതുമയും പൂര്‍ണ്ണതയും തേടിക്കൊണ്ടേയിരിക്കുന്ന നിത്യദാഹിയായ നടനാണ് മമ്മൂട്ടി. ‘അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല’ എന്ന് അദ്ദേഹം തന്നെയോ അതോ മറ്റാരോ മമ്മൂട്ടി എന്ന നടനെ കുറിച്ചോ പറഞ്ഞത് കേട്ടിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിച്ചുകൊടുക്കേണ്ട പ്രകടനമാണ് റോഷാക്കിലും കണ്ടത്.

റോഷാക്കിലും ഇതിനുമുന്‍പുള്ള രണ്ടു സിനിമകളിലും മമ്മൂക്കയുടെ തനിമയേക്കാള്‍ പ്രേക്ഷകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ അനുഭവേദ്യമായത് മമ്മൂക്ക അവതരിപ്പിച്ച പുതുമയാണ്. ഭീഷ്മപര്‍വ്വത്തിലും പുഴുവിലും മമ്മൂട്ടിയുടെ അഭിനയം മഹാമേരുകണക്കെ നിലയുറപ്പിക്കുന്നത് തനത് മമ്മൂട്ടി മാനറിസത്തിന്റെ വേരുബലത്തിലല്ല, മറിച്ച് അഭിനയിക്കാനുള്ള അഭിനിവേശം വയസ്സേറുന്ന മുറയ്ക്ക് ഇരട്ടിക്കുന്ന നടനിലെ പുതിയ സാങ്കേതിക-സങ്കേതങ്ങളുടെ വിരിവുകൊണ്ടാണ്.

പുഴു എന്ന സിനിമ സംവേദനം ചെയ്ത രാഷ്ട്രീയം എന്നെ ഏറെ ആകര്‍ഷിച്ചപ്പോഴും ഭീഷ്മപര്‍വ്വവും റോഷാക്കും പ്രമേയത്തേക്കാള്‍ മമ്മൂട്ടി എന്ന നടന്റെ ദൃശ്യത തന്നെയാണ് എനിക്ക് ഏറെ ബോധിച്ചത്. ഭീഷ്മപര്‍വ്വം അനേകം തവണ ആവര്‍ത്തിച്ച ഗോഡ്ഫാദര്‍ റെഫറന്‍സിന്റെ അമല്‍ നീരദ് അവതരണമാണ് എന്നത് നല്ലൊരു കാഴ്ചവിരുന്നാണ്. അപ്പോഴും മമ്മൂക്ക നല്‍കുന്ന വിരുന്നാണ് എന്നെ പിടിച്ചിരുത്തുന്നത്.

ഫീല്‍ഗുഡ് സിനിമകളാണ് എനിക്ക് കൂടുതല്‍ താല്പര്യം. സിനിമയില്‍ കൂടുതല്‍ ഇമോഷന്‍സ് ഇന്‍വെസ്റ്റ് ചെയ്യാനുള്ള മടികൊണ്ടായിരിക്കുമത്. അപ്പോഴും മറ്റു ജോണര്‍ സിനിമകളും എനിക്കിഷ്ടമാണ്. അതിന് ജോണറിന്റെ സാമാന്യ സവിശേഷതകളേക്കാള്‍ ഇമ്പ്രെസീവായ വേറെ ഘടകങ്ങളും വേണം. റോഷാക്കിലെത്തുമ്പോള്‍ മമ്മൂട്ടി ആണ് ഈ സിനിമ എനിക്ക് പ്രിയപ്പെട്ടതാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.

സിനിമ എന്ന നിലക്ക് റോഷാക്ക് നല്ലൊരു സൃഷ്ടിയാണെന്ന് പറയാതെ പോകുന്നത് നീതികേടാകും. നിസാം ബഷീര്‍ ഈ കഥയെ സൃഷ്ടിച്ചത് തന്നെ എത്ര രസകരമായ ഒറ്റവരിയിലാണ്. ‘എപ്പോഴും പ്രേതങ്ങള്‍ മനുഷ്യരെ പിന്തുടര്‍ന്ന് പ്രതികാരം ചെയ്യുന്നു. എന്തുകൊണ്ട് തിരിച്ചു പറ്റുന്നില്ല?’ എന്നതാണത്.

തിരക്കഥയും കഥപറച്ചിലും കാഴ്ചയും പശ്ചാത്തല സംഗീതവും ചിത്രസംയോജനം വരെയും മനോഹരമായി ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സിനിമയില്‍ മുഖം കാണിച്ച എല്ലാവരും ഗംഭീരം. ബിന്ദു പണിക്കരും, ഷറഫുദ്ദീനും, ജഗദീഷും, ഗ്രേസ് ആന്റണിയും, നസീറും തുടങ്ങി എല്ലാ കഥാപാത്രങ്ങളും എത്ര കൃത്യതയോടെയാണ് കഥാപാത്രങ്ങളായിട്ടുള്ളത്.

മമ്മൂട്ടി എന്ന നടന്റെ വീര്യം കൂടിവരികയാണ്. സൗന്ദര്യത്തില്‍ മാത്രമല്ല, അതിലേറെ അഭിനയ മികവില്‍ മമ്മൂക്ക ലോകവിസ്മയമാണ് എന്നുപറയാതെ വയ്യ. പുതിയ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമൊപ്പം മമ്മൂക്ക കൈകോര്‍ക്കുന്നതും പുതുമയുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതും മലയാള സിനിമക്ക് ഏറെ നിര്‍ണ്ണായകമായ ശക്തിപകരുന്ന കാര്യമാണ്.

മമ്മൂട്ടി കമ്പനി ഇനിയും ഒരുപാട് പുതുമയും പ്രത്യേകതയുമുള്ള സിനിമകള്‍ കൊണ്ടുവരട്ടെ. ഒപ്പം, മമ്മൂക്ക എന്നുമെന്നും നമുക്ക് ദൃശ്യവിരുന്നും വിസ്മയവുമാകട്ടെ…

Content Highlight: T N Prathapan about Mammootty’s Rorschach and other recent movies

We use cookies to give you the best possible experience. Learn more