'ദന്തഗോപുരത്തിലിരുന്ന് തെരുവിനെ നോക്കി, പ്രസംഗിക്കുന്നവരല്ല ഇടതുപക്ഷക്കാര്‍' താന്‍ ഇടതുപക്ഷക്കാരനാണെന്നവകാശപ്പെട്ട ജഗ്ഗി വാസുദേവിന് ടി.എം കൃഷണയുടെ മറുപടി
DISCOURSE
'ദന്തഗോപുരത്തിലിരുന്ന് തെരുവിനെ നോക്കി, പ്രസംഗിക്കുന്നവരല്ല ഇടതുപക്ഷക്കാര്‍' താന്‍ ഇടതുപക്ഷക്കാരനാണെന്നവകാശപ്പെട്ട ജഗ്ഗി വാസുദേവിന് ടി.എം കൃഷണയുടെ മറുപടി
ടി.എം കൃഷ്ണ
Saturday, 23rd May 2020, 10:57 pm

മെയ് 20 ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ടി. എം കൃഷ്ണ എഴുതിയ ‘Being left is about recognising and grappling with various kinds of marginalisation’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പരിഭാഷ – ഹെറീന ആലിസ് ഫെര്‍ണാണ്ടസ്

ആളുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലേറെ ഇടതുപക്ഷമാണ് ഞാന്‍, വെറിപിടിച്ച ഇടതുപക്ഷം അല്ലന്നേയൂള്ളൂ’ എന്ന് അവകാശപ്പെടുന്ന ഒരു ലേഖനമെഴുതാന്‍ (‘I am more left than you think‘. Sadhguru, IE, May 15) ജഗ്ഗി വാസുദേവിനെ പ്രേരിപ്പിച്ച കാരണങ്ങളെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ഇടതുപക്ഷം, കമ്യൂണിസം, ജനാധിപത്യം, സാമൂഹിക അസമത്വങ്ങള്‍, പൗരത്വം, സ്വാതന്ത്ര്യം, ദുരിതങ്ങള്‍, അധികാര ഘടനകള്‍, വിമോചനം, അടിച്ചമര്‍ത്തലുകള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണക്കുറവ് പ്രസ്തുത ലേഖനം തുറന്നുകാട്ടി.

‘ഇഷാ യോഗ സെന്റര്‍ തീര്‍ച്ചയായും പരിപൂര്‍ണ്ണമായ ഇടതുപക്ഷ സ്ഥലമാണ്, ഒരു കമ്മ്യൂണ്‍’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കമ്മ്യൂണ്‍ എന്ന സംജ്ഞ ഉപയോഗിക്കുന്നതിലൂടെ ഒന്നുകില്‍ അദ്ദേഹം വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്നു. അല്ലെങ്കില്‍ കമ്മ്യൂണില്‍ തഴച്ചു വളരുന്നതെന്തും കമ്മ്യൂണിസമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ടി.എം കൃഷ്ണ

പല തരത്തിലുള്ള കമ്മ്യൂണുകളുണ്ട്, പക്ഷേ അദ്ദേഹമത് മനസിലാക്കിയിട്ടുള്ളത് ഒരേയൊരു ആളുടെ ആശയത്തില്‍ നിന്നാണ്- അദ്ദേഹത്തിന്റെ തന്നെ. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന കാള്‍ മാര്‍ക്സിന്റെ ഉദ്ധരണിയുടെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ കമ്മ്യൂണ്‍. എല്ലാവരും വെളുത്ത നിറമോ കാവിനിറമോ ഉള്ള വസ്ത്രം ധരിക്കുന്നത് കൊണ്ടോ, ഒരുമിച്ച് പാചകം ചെയ്യുകയും ഭക്ഷണം കഴിക്കുകയും പാത്രം കഴുകയും ചെയ്യുന്നത് കൊണ്ടോ ഒരുമിച്ച് പല പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നത് കൊണ്ടോ ഒരിടം തുല്യതയുള്ളതാകില്ല. അവരെ നിയന്ത്രിക്കുന്ന അധികാര ഘടനകളെ ചോദ്യം ചെയ്യാത്ത, ചിന്താശേഷിയില്ലാത്ത ആരാധാകരെ സൃഷ്ടിക്കുന്ന, ഒരു സ്ഥാപനത്തിനും തുല്യത അവകാശപ്പെടാനും ആകില്ല.

ജഗ്ഗി വാസുദേവ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു. ‘ഇഷ യോഗ സെന്റര്‍ ഒരു കമ്മ്യൂണാണ്- ഒരര്‍ത്ഥത്തില്‍ അതൊരു കമ്മ്യൂണിസ്റ്റ് മാതൃകയിലുള്ളതുമാണ്. നിങ്ങള്‍ എവിടെ നിന്ന് വരുന്നെന്നോ, ഏത് ജാതിയിലും മതത്തിലും പെട്ട ആളാണെന്നോ, നിങ്ങള്‍ക്കെത്ര സ്വത്തുണ്ടെന്നോ, നിങ്ങളുടെ പിതാവ് ആരാണെന്നോ അവിടെയാരും ചോദിക്കില്ല. എല്ലാവരോടും പെരുമാറുന്നത് പോലെ ഞങ്ങള്‍ നിങ്ങളോടും പെരുമാറും .സവിശേഷമായ കഴിവുകള്‍ നിങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ അതിനെയും മാനിക്കും”

ഇടതുപക്ഷമാകുകയെന്നാല്‍ മതം, ജാതി, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി സകലമേഖലകളിലെയും പാര്‍ശ്വവത്കരണം തിരിച്ചറിയുന്നതും അവരുമായി ഐക്യപ്പെടുന്നതും കൂടിയാണ്. അതായത് വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തമാക്കുന്ന എല്ലാവിധ സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളെയും അഭിമുഖീകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് കൂടിയാണ്. അതിനാല്‍ ഇഷയില്‍ വരുന്നവരുടെ മതം, ജാതി, സാമൂഹിക ചുറ്റുപാടുകള്‍ എന്നിവയൊന്നും ചോദിച്ചിട്ടേയില്ലെന്ന് അവകാശപ്പെടുന്നതിലൂടെ വാസുദേവ് ഇഷ സെന്റര്‍ തന്റെ സവര്‍ണ പ്രിവിലേജിന്റെയും പൂര്‍വികരുടെ ചുറ്റുപാടുകളുടെയും മുകളില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ‘ഞങ്ങളുടെ വീടുകളില്‍ ഞങ്ങള്‍ ഒരിക്കലും ജാതിയോ മതമോ ചര്‍ച്ച ചെയ്യുന്നില്ല ‘ എന്ന് പലപ്പോഴും കേള്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാരന്റെ സവര്‍ണ ഉദ്ധരണി വ്യാഖ്യാനിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

അസമത്വം അംഗീകരിക്കുമ്പോഴാണ് തുല്യത ലഭിക്കുന്നത്. അതായത് അപരന്റെ ശബ്ദം കേള്‍ക്കുകയും അതിന് പ്രാപ്തനാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് തുല്യത സംഭവിക്കുന്നത്. വാസുദേവിന് സ്വന്തം വാക്കുകളില്‍ അസ്വസ്ഥത അനുഭവപ്പെടേണ്ടതുണ്ട്.

മറ്റൊരു വാദമായി അദ്ദേഹം പറയുന്നത് ലിബറലുകള്‍ക്ക് മാത്രമേ സംസാര സ്വാതന്ത്ര്യമുള്ളൂ എന്നും ഇന്ത്യയിലെ ഇടതുപക്ഷക്കാര്‍ മുഴുവന്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നവരും പ്രത്യയശാസ്ത്രം പറയുന്നവരുമാണെന്നും അതില്‍ ഉപരിയായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ്.

ജഗ്ഗി വാസുദേവ്

തനിക്കെതിരെയുള്ള ചോദ്യങ്ങളെ മുഴുവന്‍ ബാലിശമായ ചോദ്യങ്ങളെന്ന് പറഞ്ഞ് നിസാരവത്കരിക്കുന്നൊരാള്‍ സംസാര സ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിടുന്നത് കാണുന്നത് കൗതുകകരമാണ്. ഇടതുപക്ഷക്കാര്‍ നമ്മുടെ സമൂഹത്തില്‍ എവിടെയും കാണാന്‍ കഴിയുന്നവരാണ്. ദന്തഗോപുരത്തിലിരുന്ന് തെരുവിനെ നോക്കി പ്രസംഗിക്കുന്നവരല്ല അവര്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവരും സ്വന്തമായി ശബ്ദമില്ലാത്തവരും കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളും സാധാരണക്കാരില്‍ സാധാരണക്കാരും ചേര്‍ന്നാണ് ഇടതുപക്ഷത്തെ മുമ്പോട്ട് നടത്തുന്നത്.

ജനാധിപത്യവും അവകാശങ്ങളും അദ്ദേഹത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാര്യങ്ങളല്ല. ഭൂരിപക്ഷം തെരഞ്ഞെടുത്ത ഏതൊരു സര്‍ക്കാറിനെയും പിന്തുണയ്ക്കുക എന്നതാണ് പൗരന്റെ കടമ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. സര്‍ക്കാറിനെ സക്രിയമായി നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് പൗരന്റെ കടമയാണെന്ന് അദ്ദേഹം കരുതുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത് വോട്ട് ചെയ്യുക എന്നത് മാത്രമല്ല പൗരന്റെ കടമ, നീതിപൂര്‍വമായ സമൂഹം കെട്ടിപ്പടുക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകുക എന്നത്
കൂടിയാണ്. പാര്‍ലമെന്റിന്റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തീരുമാനങ്ങള്‍ എടുക്കുകയെന്നതല്ല പൊതുജനങ്ങളുമായി കൂടിയാലോചിക്കുക എന്നത് കൂടിയാണ് ജനാധിപത്യത്തിന്റെ മഹത്വം.

തെരുവുകളാണ് പ്രതിഷേധങ്ങളുടെ കേന്ദ്രം. വാസുദേവ് മറന്നു പോയൊരു കാര്യമുണ്ട്. തെരുവില്‍ പോരാടിയ മനുഷ്യരാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. തെരുവില്‍ പോരാടിയ മനുഷ്യരാണ് നിര്‍ഭയ ആക്ടും RTI ആക്ടും സാധ്യമാക്കിയത്. അതിനാല്‍ ഞങ്ങള്‍ തീര്‍ച്ചയായും പൊതു ഇടങ്ങള്‍ കൈവശപ്പെടുത്തും. ഞങ്ങളുടേത് കൂടിയാക്കും. പൊതു മുതല്‍ നശിപ്പിക്കുക എന്നത് സാധ്യമല്ല. എന്നാല്‍ അത് തടസപ്പെടുത്തല്‍ അത്യാവശ്യമാണ്. അത് നല്ലൊരു ആശയവുമാണ്.

ദാര്‍ശനിക അന്വേഷണങ്ങളുടെയൊന്നും സാരാംശം മനസിലാക്കാതെ സ്വയം ‘മിസ്റ്റിക് ‘ എന്ന് സംബോധന ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഓരോ പൗരനും കോടതിയില്‍ പോകുന്നത് എളുപ്പമാണെന്നാണ് വാസുദേവിന്റെ ധാരണ. നിയമങ്ങളോട് യോജിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പോകാന്‍ കോടതിയുണ്ടെന്നും അവ നിയമവിരുദ്ധമാണെങ്കില്‍ റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ഗ്രാമീണര്‍ ദേശീയ പാതയോരങ്ങളില്‍ കുത്തിയിരുന്നപ്പോഴും അവരുടെ ശബ്ദങ്ങള്‍ അടിച്ച് ഒതുക്കപ്പെട്ടപ്പോഴും ഷാഹീന്‍ ബാഗില്‍ CAA – NRC NPRനെ എതിര്‍ത്തു നിന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴും വാക്ക് കൊണ്ട് പോലും ഒപ്പം നില്‍ക്കാതെ മനുഷ്യമനസിന്റെയും മനുഷ്യരുടെ ആന്തരിക പ്രക്രിയകളുടെ ട്രെയിനിംഗിലും മുഴുകിയിരുന്ന ഒരാളാണ് അദ്ദേഹം. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം നില്‍ക്കാനോ സഹാനുഭൂതിയോടെ ഇടപെടാനോ അദ്ദേഹത്തിന് സാധിക്കുകയില്ല.

ആത്മീയതയുടെ പര്യായമായി സ്വയം അടയാളപ്പെടുത്തുന്ന അദ്ദേഹം പ്രതിപക്ഷത്തുള്ളവരെയും സര്‍ക്കാറിനെ എതിര്‍ക്കുന്നവരെയും ‘ പരാജിതര്‍ ‘ എന്ന് അഭിസംബോധന ചെയ്യുന്നു. സവര്‍ണ്ണതയില്‍ കേന്ദ്രീകൃതമായ അധികാരത്തെ ജനാധിപത്യമെന്ന പുറംപൂച്ചുകൊണ്ട് മറച്ചു വെക്കാമെന്ന് കരുതുന്ന ഏതൊരു സ്വേച്ഛാധിപതിയെയും പോലൊരാളാണ് ജഗ്ഗി വാസുദേവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക